ഈ ലോകമാകെ എത്ര മലകൾ ഉണ്ടാവും

നമ്മുടെ രാജ്യത്ത് എത്ര എണ്ണം ഉണ്ടാവും,ഈ കൊച്ചു കേരളത്തിൽ എത്ര ഉണ്ടാവും, എന്റെ ഇടുക്കിയിൽ..? ആവോ... ഒരു ഊഹവും ഇല്ല ! പക്ഷേ ഒന്നെനിക്ക് അറിയാം...അത്‌ മാത്രമേ അറിയൂ താനും, എല്ലാ മലകളുടെയും ഉച്ചിയിലേക്ക് കയറ്റമാണ്... എല്ലാ കയറ്റങ്ങളുടെയും അവസാനം മനം മയക്കുന്ന കാഴ്ചകളാണ്.ഈ ഭൂമിയിൽ എവിടെ സ്ഥിതി ചെയ്യുന്നതാണെങ്കിലും മലകളുടെ ഈയൊരു പൊതു സ്വഭാവം ആണ് മലകയറ്റം ട്രെക്കിങ്ങ് എന്നൊക്കെ പറയുന്ന ആ ഒരു യാത്രാ രീതിയിലേക്ക് നമ്മളെ എല്ലാം ആകർഷിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.എന്റെ കാര്യത്തിൽ അങ്ങനെ ആണ് കേട്ടോ. !!ഇത്രയും പറഞ്ഞു വന്നത് എന്റെ ആദ്യ ട്രെക്കിങ്ങ് അനുഭവം പറയാൻ ആണ്.ഇനി ഭാവിയിൽ ചെയ്യാൻ പോകുന്ന എന്റെ എല്ലാ മലകയറ്റങ്ങൾക്കും(ആഗ്രഹം ആണ് കേട്ടോ, അതിന് പരിധി വേണ്ടല്ലോ ) മുന്നോടിയായി ഞാൻ എന്നെ തന്നെ ഒന്നു വിലയിരുത്താൻ നടത്തിയ എന്റെ അദ്യത്തെ മലകയറ്റം.
ഈ ഒരു സമയത്ത് പോകാൻ പറ്റിയ സ്ഥലം അനേഷിച്ചു ഇരുന്നപ്പോൾ ആണ് എന്തുകൊണ്ട് അതൊരു മലകയറ്റം ആയിക്കൂടാ എന്ന് ആള് എന്നോട് ചോദിക്കുന്നത്.ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം അടച്ചിട്ടിരിക്കുന്നത് കൊണ്ടും ഫുഡ്ഡ് അടിച്ചു വെറുതേ കറങ്ങി നടക്കൽ പ്രായോഗികം അല്ലാത്തത് കൊണ്ടും ഞങ്ങള് രണ്ടും പിന്നെ ഒരു സുഹൃത്തും കു‌ടെ മാത്രം ഉള്ള ഈ പരിപാടി ആണ് നല്ലത് എന്ന് എനിക്കും തോന്നി. അല്ല,ഇതൊക്കെ പറഞ്ഞാലും എന്താണ് ട്രെക്കിങ്ങ്? നമ്മള് ചുമ്മാ ഒരു മല കേറി ഇറങ്ങുന്നത് ആണോ? ഞാൻ ചോദിച്ചു.
തുടക്കത്തിനും, മുകളിൽ എത്തി കാഴ്ചകൾ കണ്ട് തിരിച്ചു തുടങ്ങിയ ഇടത്ത് അല്ലെങ്കിൽ അടുത്ത തായി തങ്ങുന്ന ഇടത്ത്.. ഒരു നിശ്ചിത സമയം തീരുമാനിച്ചു വളരെ അച്ചടക്കത്തോടെ ചെയ്ത് തീർക്കുന്ന ഒരു നടപ്പ് /കയറ്റം ആണ് ട്രെക്കിങ്ങ് എന്നാണ് എനിക്ക് ആൾടെ വിശദികരിച് ഉള്ള മറുപടിയിൽ നിന്ന് മനസിലായത്.ശെരിക്കും ഒരു ദിവസം മാത്രം അല്ലെങ്കിൽ മണിക്കുറുകൾ മാത്രം ഉള്ള ഇത്തരം ചെറു യാത്രകൾ ഹൈക്ക് ആണ്. ദിവസങ്ങൾ എടുത്ത് ടെന്റ്ഇൽ താമസിച്ചു, കയറി മുകളിൽ എത്തി തിരിച്ചു തുടങ്ങിയ ഇടത്തേക്ക് ഇറങ്ങി എത്തുന്നതാണ് അത്രേ trek.ഇതൊക്കെ എനിക്ക് മനസിലായ കാര്യങ്ങള് ആണ് കേട്ടോ, ഒരുപാട് യാത്രയും മലകയറ്റങ്ങളും ഒക്കെ ചെയ്തവർക്ക് മറ്റു കണ്ടെത്തലും അഭിപ്രായങ്ങളും ഉണ്ടാകാം.എന്തായാലും എന്റെ ഈ കുഞ്ഞു യാത്രയെ ഞാൻ ട്രെക്കിങ്ങ് ന്ന് പറയും.എന്റെ മനസ്സിൽ അതിനുള്ള വലിപ്പം തന്നെ കാരണം


കോട്ടയം ജില്ലയിൽ ഏന്തയാറിന് അടുത്തുള്ള മുതുകോര മല എന്ന സ്ഥലമാണ് ഞങ്ങള് തിരഞ്ഞെടുത്തത്.സുഹൃത്ത് Shiyas Asharaf ന്റെ അനുജൻ നബീൽ ഷുട്ട് ചെയ്ത അവർ രണ്ടും ഭാര്യമാരും ആയി നടത്തിയ ഈ ട്രക്കിങ് ന്റെ വീഡിയോ ആണ് ആദ്യം മുത്തുകോര മലയെ പറ്റി ഞാൻ കാണുന്നത്.വിളിച്ചു ആഗ്രഹം പറഞ്ഞപ്പോൾ തന്നെ കൊണ്ടുപോകാം എന്ന് ഏറ്റ ഷിയാസിന്റെ ഉത്സാഹം യാത്ര വീണ്ടും എളുപ്പം ആക്കി.
കോട്ടയത്തുനിന്ന്, മുണ്ടക്കയം -കൂട്ടിക്കൽ -ഏന്തയാർ വഴി യാത്ര ചെയ്ത് ഞങ്ങൾ ഏകദേശം 8.15 ഓടെ കയറ്റം ആരംഭിച്ചു.കയറ്റം തുടങ്ങുന്ന സ്ഥലത്ത് തന്നെ പഴയ ഒരു വീട് ഉണ്ട്. മഞ്ഞ് പുതച്ചു ഒരു പ്രേതാലയം പോലെ തോന്നിച്ച ആ കെട്ടിടത്തിന്റെ പിന്നിൽ കൂടിയാണ് വഴിയുടെ ആദ്യ അടയാളം. ചിലയിടങ്ങളിൽ ഒഴിച്ച് ഒരു 75% കയറ്റത്തിനും പ്രത്യേകിച്ച് വഴികളോ നിലം കാണാവുന്ന തരത്തിൽ ഉള്ള നട പാതകളോ ഇല്ല.എന്റെ പൊക്കത്തിൽ ഉള്ള പുല്ലുകൾ വകഞ്ഞു മാറ്റി കാലുവെക്കാൻ സ്ഥലം നോക്കി നോക്കി ആണ് നടന്നത്. നിലം കാണാവുന്ന സ്ഥലം ആകുമ്പോൾ നോട്ടം വശങ്ങളിലെ കാഴ്ചകളിലേക്ക് ആവും.ആറരക്ക് എങ്കിലും കയറ്റം തുടങ്ങണം എന്ന് ഷിയാസ് നേരത്തേ പറഞ്ഞിരുന്നു. വെയിൽ മടുപ്പിക്കാതെ ഇരിക്കാൻ ആണ് അങ്ങനെ പറഞ്ഞത് എന്ന് ഏറെക്കുറെ കയറ്റം പകുതി ആയപ്പോൾ മനസിലായി.എന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്‌ സാഹചര്യം കൂടെ നിന്നത് കൊണ്ടോ എന്തോ... വെയിൽ അധികം നേരം ഉണ്ടായില്ല. ഉച്ചിയിലേക്ക് അടുക്കും തോറും ചെറു കാറ്റും കയറിവന്ന മഞ്ഞും ഞങ്ങളെ പരമാവധി ഉന്മേഷപ്പെടുത്തിക്കൊണ്ട് ഇരുന്നു.കയറ്റത്തിന്റെ മറ്റൊരു വെല്ലുവിളി പാറകളാണ് പാറകളിൽ കൂടി ചാടി ചാടി ഇടുക്കിൽ കാലുപോകാതെ വേണം നടക്കാൻ.മഴ പെയ്താൽ കയറ്റം വീണ്ടും വെല്ലുവിളി നിറഞ്ഞതാകും.മഞ്ഞിന്റെയും പച്ചപ്പിന്റെയും അതിമനോഹരമായ മെർജിംഗ്‌ കാണാൻ ഇടക്ക് രണ്ട് സ്ഥലങ്ങളിൽ വിശ്രമിച്ചു ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങള് ഏറ്റവും മുകളിൽ എത്തി.ഇടക്ക് നാലു കാലിൽ കയറിയ ഒന്നോ രണ്ടോ സ്ഥലങ്ങൾ ഉണ്ട് എന്നതും പിന്നെ ഉദ്ദേശിക്കുന്ന സമയം എടുത്ത് കയറി ഇറങ്ങണം എന്ന് ഉള്ളതും ഈ കയറ്റത്തിന് വളരെ ചെറിയ ഒരു കായിക ക്ഷമത ആവശ്യപ്പെടുന്നുണ്ട്.ഒരു വശത്തു നിന്നും പതുക്കെ കയറി വന്ന് നമ്മളെ തലോടി മറുവശത്തേക്ക് ഇറങ്ങി പോകുന്ന കോട മഞ്ഞ് കൊണ്ട് നേരത്തേ പറഞ്ഞ വെള്ളയുടെയും പച്ചയുടെയും ആ ലയനം കണ്ട് അങ്ങനെ ഇരിക്കലിന്റെ സുഖം മുകളിൽ അതിന്റെ പാരമ്യതയിൽ എത്തും.
ഫോട്ടോ ഒക്കെ എടുത്തും സംസാരിച്ചും കുറെയധികം സമയം ചിലവഴിച്ചു ഞങ്ങൾ തിരികെ ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ഞങ്ങൾ നടന്നുവന്ന കയറ്റം കൂടുതൽ ശ്രദ്ധിച്ചത്.ഇടതും വലതും നല്ല കൊക്ക ആണ് ഈ കയറ്റം അത്രയും.മുതുകോര മലയുടെ കയറ്റം എന്റെ കാലുകളുടെ ബലത്തിനെ ആണ് അളന്നത് എങ്കിൽ ഇറക്കം അളന്നത് എന്റെ ബാലൻസിനെ ആണ്.ഇവിടെ ഒരു വീഴ്ച അത്യാവശ്യം ക്ഷതം ഉണ്ടാക്കും എന്നത് കൊണ്ട് അങ്ങേയറ്റം ശ്രദ്ധിച്ചാണ് ഇറക്കം മുഴുവനും പൂർത്തിയാക്കിയത്. അപകടവും അസ്വസ്ഥതകളും എപ്പോഴും യാത്രയുടെ ആസ്വാദനത്തെ കുറക്കുകയെ ഉള്ളു എന്നാണ് എന്റെ ചിന്ത.ഭക്ഷണം പൊതിയാക്കി വീട്ടിൽ നിന്ന് കൊണ്ട്പോയത് ഇറക്കം പകുതി ആയപ്പോൾ ഇരുന്ന് കഴിച്ചതും മറ്റൊരു മനോഹരമായ അനുഭവം ആയി.തിരിച്ചു ഇറങ്ങി ഏന്തയാറിൽ നിന്ന് ചെറിയ ഒരു മഴയും നനഞ്ഞു ഉച്ചകഴിഞ്ഞു ഞങ്ങൾ മുണ്ടക്കയം എത്തിയപ്പോൾ.
മടങ്ങും വഴി ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിച്ചും കൃത്യമായി ടൈം മാനേജ് ചെയ്‌തും ഞാൻ എന്റെ ആദ്യ ട്രക്കിങ് ചെയ്ത് എന്ന ഗർവ്വോടെ ഇരുന്ന എന്നോട് ആള് ചോദിച്ചപ്പോൾ ആണ് ഞാൻ അത്‌ ഓർത്തത്.ആ ഭംഗിയിൽ മതി മറന്ന് ഇരുന്ന ഞാൻ ആ സ്ഥലത്തിന്റെ ഫോക്‌ലോർ നെ പറ്റിയോ ജനവാസത്തെ പറ്റിയോ ഒന്നും ഷിയാസിനോട് ഒരു അക്ഷരം പോലും ചോദിച്ചില്ല.കയറി ഇറക്കം എന്നതിലുപരി ട്രെക്കിങ്ങ് എന്ന ഈ യാത്രാ രീതിക്ക് അങ്ങനെ ഒരു ഉദ്ദേശം കൂടി ഉണ്ട് അത്രേ. ഞാനായിട്ട് ചോദിക്കുമോ എന്നറിയാൻ പുള്ളിയും ഷിയാസിനോട് ചോദിച്ചില്ല.സാരമില്ല ഇനി മുതൽ ഉള്ള ട്രെക്കിങ്ങിൽ അത്തരം കാര്യങ്ങള് കൂടി ശ്രദ്ധിക്കണം.ബാക്കി കുറേ അധികം കാര്യങ്ങൾ പഠിക്കാൻ പറ്റിയല്ലോ.യാത്രയിൽ എന്തെങ്കിലും എപ്പോഴും മിച്ചം കിടന്നാലേ അത്‌ അന്വേഷിച്ചു വീണ്ടും പോകാൻ പറ്റു !!മുതുകോര മല കയറാൻ വേണ്ടി അല്ലെങ്കിലും അവിടെ ഇനിയും പോകണം, പോകുന്നുണ്ട്.
പോകാൻ ആഗ്രഹിക്കുന്നവർ വഴിക്ക് വേണ്ടി ഏതെങ്കിലും യൂ റ്റിയൂബ് വിഡിയോ കാണുന്നത് നന്നായിരിക്കും.അതിരാവിലെ കയറി മുകളിൽ എത്തത്തക്ക രീതിയിൽ യാത്ര ക്രമീകരിക്കുക. ആവശ്യത്തിന് വെള്ളം കരുതുക.ചെരുപ്പ് ഉപയോഗിച്ചിട്ട് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഇല്ലായിരുന്നെങ്കിലും(മഴ ഇല്ലാഞ്ഞതിനാൽ ) ഷൂസ് ആയിരുന്നെങ്കിൽ ഒന്നുകൂടി എളുപ്പം ആയേനെ എന്ന് തോന്നി.ഏറ്റവും പ്രധാനം ആയി യാതൊരു വിധ വേസ്റ്റും ഇടാതെ ശ്രദ്ധിക്കുക.അധികം ആളുകൾ ചെല്ലാത്തത് കൊണ്ടോ എന്തോ ഒറ്റപ്പെട്ട ഒന്നു രണ്ട് പ്ലാസ്റ്റിക് കവറുകൾ ( ഞങ്ങൾ അത്‌ പെറുക്കി കൊണ്ട് പോന്നു )അല്ലാതെ ഒട്ടും തന്നെ കവറുകളോ കുപ്പികളോ ഇല്ലാതെ ഭംഗിയായി കിടക്കുന്ന സ്ഥലം ആണ്.
എല്ലാ മലകളുടെയും ഉച്ചിയിലേക്ക് കയറ്റമാണ്, എല്ലാ കയറ്റങ്ങൾക്കും അവസാനം മനം മയക്കുന്ന കാഴ്ചകളാണ്.

WRITTEN BY :@Fathima C I





Previous Post Next Post