ചായ വിറ്റ് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ എന്ന പുസ്തകം വായിച്ചു തീരുമ്പോൾ, നമ്മളെയൊക്കെയെടുത്ത് കിണറ്റിലിടാൻ തോന്നും! എഴുപത് വയസ്സായ വിജയൻ്റെയും മോഹനയുടേയും യാത്രാ കഥകൾ മുന്നേ വായിച്ചറിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴീ പുസ്തകം യാത്രാപ്രേമികളിൽ ആവേശമുണർത്തുന്നു. 25 വിദേശ രാജ്യങ്ങളാണ് ഇവർ ചായ വിറ്റ് കണ്ടു തീർത്തത്! വിജയേട്ടൻ പറയുന്നു: കോടീശ്വരന്മാരുടെ വിനോദമാണ് യാത്രയെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങൾ ചായക്കടക്കാരാണ്. എൻ്റെ അച്ഛനും ചായക്കടക്കാരനായിരുന്നു. ചായയും പലഹാരങ്ങളും വിറ്റു കിട്ടുന്ന പണം കൊണ്ടാണ് ഞാനും ഭാര്യയും യാത്ര ചെയ്യുന്നത്. തിരുപ്പതിയിൽ കുറഞ്ഞത് 170 തവണ പോയിട്ടുണ്ടെന്ന് വിജയൻ. എറണാകുളത്ത് ഗാന്ധി നഗറിൽ ഇവർ നടത്തുന്ന ശ്രീ ബാലാജി കോഫി ഹൗസ് എന്ന ചായക്കട രുചിയിലും പ്രസിദ്ധമാണ്. ഈജിപ്റ്റിലെ പിരമിഡിനു മുമ്പിൽ നിന്നെടുത്ത ചിത്രമൊക്കെ ചായക്കടയുടെ ചുവരിൽ തൂങ്ങുന്നു. അമേരിക്കയും, യൂറോപ്പും, ലാറ്റിനമേരിക്കയും, ഓസ്ട്രേലിയയും, ന്യൂസിലൻഡുമൊക്കെ കടന്ന് ഇവരുടെ യാത്രകൾ നീളുകയാണ്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ വായിച്ചറിഞ്ഞ് ചായക്കടയിലെത്തി. അമിതാഭ് ബച്ചൻ ഇവരുടെ കഥ യൂടൂബിൽ കണ്ട്, അമേരിക്കൻ യാത്രയ്ക്ക് അമ്പതിനായിരം രൂപ അയച്ചത് സത്യം. റഷ്യയിൽ പോകണമെന്ന വലിയ ആഗ്രഹം ഇനിയും ഇവർക്ക് ബാക്കി. ഹരി മോഹനൻ ഇവരെ കുറിച്ച് ഒരു ഷോർട്ട് ഫിലിം എടുത്തിട്ടുണ്ട്. ഇൻവിസിബിൾ വിങ്സ്. ചിലർ പറയും എനിക്ക് വട്ടാണെന്ന്. എനിക്ക് വട്ടാണ്. ഓരോരുത്തർക്കും ഓരോ വട്ടല്ലേ? നിങ്ങളും സ്വപ്നങ്ങളെ പിന്തുടരുക. ഒടുവിൽ നമ്മൾ വിശ്രമിക്കുമ്പോൾ നമ്മോടൊപ്പം ചില ഓർമ്മകളേ കാണൂ. വിജയേട്ടൻ പറഞ്ഞു നിർത്തുന്നു.യാത്രകളെ സ്നേഹിക്കുന്നവർക്ക് ആവേശമാണീ ചെറിയ പുസ്തകം. നല്ല വായനാനുഭവം.
ചായ വിറ്റ് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ
sanchariblog
0