ജീവിതത്തിൽ ആദ്യമായി എഴുതിയ യാത്രാനുഭവം

ചെങ്കുത്തായ മലയുടെ ഓരത്തുകൂടെയാണ് യാത്ര .. കാലൊന്ന് തെറ്റിയാൽ താഴെ ആഴമേറിയ ഗർത്തത്തിലേക്ക് വീഴും .. മഴക്കാടുകൾ പോലെയുള്ള കാട് ..ഇടതൂർന്ന മരങ്ങൾ. ചെറു ചെടികൾ ..കാട്ട് വള്ളികൾ ... സൗഹൃദത്തോടെ ഒരു തെന്നൽ ചുറ്റിനുമുള്ള ചെറുസസ്യങ്ങളെ തലോടി അല്പനേരം എന്റെ അരികിൽ തങ്ങിനിന്നതിന് ശേഷം വലിയ വൃക്ഷങ്ങൾക്ക് ചുവട്ടിലൂടെ ആരെയോ തേടി എന്ന പോലെ കടന്നുപോയി .. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പൊഴിഞ്ഞുകിടന്നിരുന്ന ഇലകൾക്കിടയിൽ നിന്നും അട്ടകൾ പുറത്തെ കാഴ്ചകൾ വീക്ഷിക്കാനെന്നവണ്ണം നിലയുറപ്പിച്ചിരുന്നു . മണ്ണായി ജീർണിക്കുവാൻ വെമ്പുന്ന ജീവനറ്റ വൃക്ഷത്തടികളിൽ അതിനായി അസംഖ്യം കൂണുകൾ മുളച്ചുപൊന്തി നിന്നു ..
ധൈര്യമായി മുന്നോട്ട് നടന്നു .. മൗഗ്ലിയെപ്പോലെ അഷറഫ്ക്ക മുന്നിലും ..
കാലിൽ വല്ലാത്തൊരു വഴുവഴുപ്പ് .. നടക്കുമ്പോൾ ഇക്കിളിയാകുംപോലെ .. ഞാൻ കാലിലേക്ക് നോക്കിയതും തലകറങ്ങുന്നത് പോലെ തോന്നി .. കാലിലും ചെരുപ്പിലും നിറയെ അട്ടകൾ .. ഒന്നല്ല .. ഒത്തിരി ഒത്തിരി ..അട്ടക്കൂട്ടങ്ങൾ .. അവർ എല്ലാവരും കൂടി .. മുകളിലേക്ക് നീണ്ട് വരുന്നു .. ഞാൻ അലറിവിളിച്ചു.. അഷ്റഫ്ക്ക പറഞ്ഞു... താഴോട്ട് നോക്കണ്ട .. മുന്നോട്ട് നോക്കിയാൽ മതി .. ഞാൻ ചെരുപ്പ് കാലിൽ നിന്നും തട്ടിയിട്ടു .. പ്യൂമയുടെ ചെരുപ്പായതിനാൽ അത്രപെട്ടെന്നെനിക്ക് ഉപേക്ഷിക്കാനാവില്ല .. അട്ടകളെ കണ്ടതിനാൽ അതിട്ട് നടക്കാനും വയ്യ ... !!
അഷ്റഫ്ക്ക തന്നെ ഉപ്പ് വിതറി അട്ടകളെ ഓടിച്ചു .. വീണ്ടും ചെരുപ്പ് ധരിച്ച് നടന്നു .. ഇനി കാലിലേക്ക് നോക്കില്ല എന്ന് ഉറപ്പിച്ചിരുന്നു ...
മഴക്കാടുകൾ പോലെ നനവാർന്ന കാട്ടിൽ അട്ടകൾ ഇലകൾക്ക് മീതെ മുകളിലേക്ക് നീളുന്നത് കാണാം ... ഒന്നും വകവെക്കാതെ കുറെയേറെ നടന്നു ...
കാട്ടാനയിറങ്ങുന്ന വഴിയിലൂടെയാണ് യാത്ര .. നനവ് വറ്റാത്ത ആനപ്പിണ്ഡം വഴിയിൽ കണ്ടു .. കാട്ടാനയെ എനിക്ക് പേടി തോന്നിയില്ല .. അട്ടയാണ് എന്റെ പേടി ..
ഉൾക്കാട്ടിലെ ചോലയിൽ എത്തിയപ്പോൾ ആശ്വാസമായി ... കനത്ത ശബ്ദത്തിൽ മിനുസമുള്ള പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന ചോല ..
അട്ടകളെയല്ലാം ഒഴിവാക്കി.. ഉപ്പ് വിതറിയതോടെ അട്ടക്കൂട്ടങ്ങൾ തോറ്റോടി .. കാലിൽ വിരലുകൾക്കിടയിലും പാദത്തിലും പറ്റിപ്പിടിച്ച അട്ടകൾ ഉപ്പ് വിതറിയതോടെ പേടിച്ച് താഴെ ചാടി രക്ഷപ്പെട്ടു .. കാലിൽ ഡെറ്റോൾ തേച്ചതിനാൽ കടിച്ച്തൂങ്ങാൻ അവക്ക് പറ്റിയിട്ടില്ല ..
ചെരുപ്പ് ഒതുക്കിവെച്ച് നഗ്നപാദരായി കാട്ടുച്ചോലയിലൂടെ മുകളിലേക്ക് സാഹസികമായ യാത്ര .. കൂറ്റൻ പാറകൾ ..അതും കടന്നുവേണം മുകളിലെത്താൻ .. ഇനി അട്ടകൾ ഉണ്ടാവില്ല .. പക്ഷെ മലമ്പാമ്പുകൾ .. ആനകൾ .. ഇവയുണ്ടാകും ...
അനന്തമായ കൗശലങ്ങൾ ഒളിപ്പിച്ചുവെച്ച പ്രകൃതി . ഏറെ സൂക്ഷമതയോടെ നിരീക്ഷിച്ചപ്പോൾ ഉണങ്ങിയ ഇലകൾക്കിടയിൽ ചില പക്ഷികളെ കണ്ടെത്തി . ഓർമകളിലും അനുഭവങ്ങളിലും പവിത്രമായ ചില കാഴ്ചകളിൽ ഒന്നാണ് ഈ പക്ഷികളുടെ സാമിപ്യം .രാപ്പക്ഷികളുടെ ഏകാന്തമായ കരച്ചിൽ ഞാൻ കേട്ടു . പക്ഷെ ഇവയുടെ ശബ്ദമോ ഗാനമോ എനിക്ക് തിരിച്ചറിയാനായില്ല .
പക്ഷികൾതന്നെ തീർക്കുന്ന അതിമനോഹരമായ വൃത്തത്തിലുള്ള ദ്വാരങ്ങൾ ഒരേ വൃക്ഷത്തിൽ അടുത്തടുത്തായി കണ്ടു . പക്ഷികളെ ഒരു വട്ടം കണ്ടാലൊന്നും എനിക്ക് തിരിച്ചറിയില്ല ..
വലിയൊരു വൃക്ഷത്തിന്റെ നഗ്നമായ ശാഖയിൽ ഒരു കാട്ടുപനങ്കാക്ക നിശ്ചലം ഇരുന്നിരുന്നു .ഒപ്പിയെടുക്കാൻ കൈയ്യിലൊരു ക്യാമറയില്ലാതെപോയതിൽ വലിയ സങ്കടം തോന്നി ..
മുകളിലെത്താനുള്ള ആവേശത്തിൽ അതൊന്നും കാര്യമാക്കിയില്ല ..
വഴുവഴുത്ത പാറകളിലൂടെ സൂക്ഷിച്ച് മുകളിലേക്ക് .. പലപ്പോഴും പാറക്ക് മുകളിൽ കയറാൻ അഷ്റഫ്ക്ക കൈപിടിച്ച് സഹായിച്ചു .. മൂപ്പര് വയനാട്ടുകാരനാണ് ... കാട് കണ്ട് വളർന്നവൻ .. കാട്ടറിവുള്ളവൻ .. കാടിനെ അറിയുന്നവൻ .. ഇപ്പോൾ ഭാര്യയും രണ്ട് ചെറിയകുട്ടികളുമൊന്നിച്ച് പാലസിന്റെ കാര്യങ്ങളൊക്കെ നോക്കി താഴെയൊരു വീട്ടിൽ കഴിയുന്നു .. ആഴ്ചയിൽ രണ്ടും മൂന്നും തവണ വെള്ളത്തിന്റെ പൈപ്പ് ശരിയാക്കാൻ മൂപ്പര് കാട് കയറാറുണ്ട് ...
ക്ഷീണം തോന്നിയപ്പോൾ കരസ്പർശമേൽക്കാത്ത ചോലയിലെ വെള്ളം മതിവരോളം കുടിച്ചു ... വിശപ്പും ദാഹവും മറന്നു .. വഴുവഴുപ്പുള്ള പാറയെ സൂക്ഷിക്കണമെന്ന് ഇടക്കിടെ എന്നെ ഓർമപ്പെടുത്തുന്നുണ്ട് .. പുഴയിലൂടെ കാടിന്റെ നിഗൂഢതയിലേക്ക് നടക്കുകയാണ് . ഈ ചോല ആനക്കാംപൊയിലിലെ ആദിവാസികൾക്ക് പുണ്യ നദിയാണ് . പവിത്രതയോടെയാണ് ഈ പുഴയെ അവർ സമീപിച്ചിരുന്നത് . തണുത്തുറഞ്ഞ ആ ജലപ്രവാഹത്തിൽ മുങ്ങിനിവരുമ്പോൾ രോഗങ്ങളൊക്കെ നിർമാർജനം ചെയ്യപ്പെടുമെന്ന് ഇവിടത്തുകാർ വിശ്വസിക്കുന്നതിൽ തെല്ലും അത്ഭുതം തോന്നിയിട്ടില്ല . കാരണം കാടിന്റെ അടിഭാഗത്ത് നിന്നും മുകളിലേക്ക് മനുഷ്യരാരും താമസിക്കുന്നില്ല . അതു കൊണ്ട് പുഴ മലിനീകരിക്കപ്പെട്ടിട്ടില്ല .
ആ ചോലയുടെ അദൃശ്യമായ ഊർജപ്രവാഹത്തെ അനുഭവിക്കുവാനും പാറക്കെട്ടുകൾക്കിടയിലൂടെയും വ്യക്ഷവേരുകൾക്കിടയിലൂടെയും ചിന്നിച്ചിതറി ഒഴുകുന്ന ആ പൂഞ്ചോലയിലേക്ക് വന്നുതൊടുന്ന കാട്ടുവള്ളികളിലൂടെ മുകളിലേക്ക് പിടിച്ചുകയറി ചെന്ന് വിടർത്തിപ്പിടിച്ചിരിക്കുന്ന വൃക്ഷക്കരങ്ങളിൽ ചെന്നുചേരാനുമായിരുന്നു ഈ യാത്രയും .
രണ്ട് കിലോമീറ്റർ ദൂരം നടന്നു .. ചെങ്കുത്തായ മലയുടെ തുന്നാടിയിലെത്തി ... കൂറ്റൻ പാറകൾ താണ്ടി മലയുടെ തുന്നാടയിൽ .. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനായില്ല .സ്വപ്നമല്ല .. നേര് ... ഞാൻ മലയുടെ മുകളിൽനിന്നും ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ... കാട്ടിലലിഞുപോയി എന്റെ ശബ്ദങ്ങൾ ..
ആന തകർത്ത വെള്ളത്തിന്റെ പൈപ്പ് നേരെയാക്കലാണ് ലക്ഷ്യം .. കുറെയെറെ ശ്രമിച്ചു അഷ്റഫ്ക്ക ... നല്ല ഫോഴ്സിൽ വെള്ളം വന്നാലെ താഴേക്കെത്തൂ... ചോലയുടെ ചില ഭാഗങ്ങളിൽ അരക്ക് മുകളിൽ വെള്ളമുണ്ട് ... കറുകറുത്ത പാറകളിൽനിന്ന് ഊർന്നിറങ്ങുകയാണ് വെള്ളം .. ആരാണ് ഈ പാറകളിൽ വെള്ളം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവുക .ചാരുതയാർന്ന ചില വൃക്ഷങ്ങളിൽ പൂപ്പൽ അതി മനോഹരമായ ആവരണങ്ങൾ തീർത്തിരുന്നു .അവയിൽ നിന്നും ജലകണങ്ങൾ ഇറ്റുവീണ് കിടനകത്തളമാകെ ഈർപ്പമുള്ളതാക്കിത്തീർക്കുന്നു .ഈ ഓരോ ജലകണങ്ങളും പുഴയിൽ കലർന്നിരിക്കുന്ന ഔഷധങ്ങളാണ് .
.ശക്തമായ ഒഴുക്കിൽ ഒഴുകിവന്ന കൂറ്റൻ മരം പാറക്കൂട്ടങ്ങളിൽ തങ്ങിക്കിടപ്പുണ്ട് .. ശക്തമായി ചവിട്ടിയപ്പോൾ അത് പൊട്ടുന്നുണ്ട് ... പണ്ടെന്നോ ഒലിച്ചു വന്നതാവണം ..
ഒടുവിൽ എല്ലാം ക്ലിയർ .
മഹാ സൂഫി ഗുരുവിന്റെ പേരിൽ ഫാത്തിഹകൾ ഓതി .. ലോകത്ത് കൊടുക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല സമ്മാനം ഖുർആനിലെ ഫാതിഹ അധ്യായമാണെന്ന് ഗുരു പറയാറുണ്ട് ..



മലയുടെ തുന്നാടിയിൽ നിന്നാണ് ചോലയുടെ ഉൽഭവം .കടുത്ത വേനലിൽ ചോലയിലെ ഒഴുക്ക് നിലച്ചപ്പോൾ മലമുകളിലെ പാറക്ക് താഴെയുള്ള കുഴിയിൽ മാത്രമായിരുന്നു വെള്ളം അവശേഷിച്ചിരുന്നത് .. ആദിവാസികൾ വേനലിൽ ഇവിടെനിന്നാണ് വെള്ളമെടുത്തിരുന്നത് .. അവർ വെള്ളത്തിന്റെ ഉത്ഭവ രഹസ്യം ആരോടും പകുത്ത് നൽകിയില്ല ..
പക്ഷെ ഒഴുക്ക് കുറവാ ..
മരത്തിന് മുകളിലൂടെ സാഹസികമായി കൂറ്റൻ പാറക്ക് മുകളിൽ കയറിയപ്പോൾ അത്ഭുതപ്പെട്ട് പോയി . വിശ്വസിക്കാനാവാത്ത കാഴ്ച ..
പാറക്ക് മുകളിൽ നിറയെ ജലം ... അരയോളം താഴ്ച ..നിറയെ മീനുകൾ .. ഈ മീനുകൾ ഒരിക്കൽ പോലും താഴെ പുഴയിലേക്ക് പോകാത്തവയാണെന്ന് ഞാൻ വായിച്ചതോർത്തു .. ഇതുപോലെ അതിരപ്പിള്ളി ,വാഴച്ചാൽ പുഴകളിലുമുണ്ട് അപൂർവ്വമായ മൽസ്യങ്ങൾ ..
കൂറ്റൻ ഞണ്ടുകൾ വെള്ളത്തിൽ .. കറുത്ത് തടിച്ച തുമ്പികൾ ...
പശ്ചിമഘട്ട മലനിരയുടെ ജൈവസമ്പത്തെന്ന ഈശ്വരീയ അനുഗ്രഹങ്ങൾ കണ്ടു ..പ്രകൃതിയെ നമുക്ക് നശിപ്പിക്കാൻ അവകാശമില്ല ..
കുറച്ചുമുകളിലായി എന്തോ ഒടിയുന്ന ശബ്ദം .ആന ആയിരിക്കുമോ ? കൊമ്പനാനകളുടെ ഓർമകൾ .കാടിന് നഷ്ടപ്പെടുന്ന കൊമ്പന്മാരെക്കുറിച്ച് ഓർത്ത് വേദനയോടെ അവിടെ നിന്നു ..
അസംഖ്യം ചെറുപ്രാണികളാണ് ചുറ്റും . ശൈത്യവനമേഖലകളിൽ ഇവയുടെ ശരീരം വലുപ്പമാർന്നവയും കരുത്തുള്ളവയുമായിരിക്കും . ശുദ്ധജലവും പുൽമേടുകളുമാണ് അതിന് കാരണം .
പലജാതി ചെറുപക്ഷികൾ പറന്നുകളിച്ചു . അവ പ്രാണികളെ വേട്ടയാടുകയാണ് . വൈവിധ്യമാർന്ന അനേകം പക്ഷികളെക്കൊണ്ട് സമ്പന്നമായ ഈ കാട്ടിൽ അവയൊക്കെയും അസ്വസ്ഥരല്ലേ എന്ന് തോന്നി .തുറന്നുപോകുന്ന കാട്ടിടങ്ങൾ ,പൊടുന്നനെ ആളിപ്പടർന്നെത്തുന്ന കാട്ടുതീ .ഈ വിഷമസന്ധികളിലും മിഴികൾ വൃക്ഷത്തലപ്പുകളിലും പാറക്കൂട്ടങ്ങളിലും കുരുക്കി എന്തൊക്കെയോ പ്രതീക്ഷകളുമായി ഇവയുടെ ജീവിതത്തെ സംരക്ഷിച്ച് നിർത്താൻ പ്രാർത്ഥിച്ച് ഞാൻ
മുന്നോട്ട് നടന്നു .
വെള്ളം ഒഴുകി വരുന്നതിനിടയിലെ പാറയിൽ കുറച്ചുനേരം ഇരുന്നപ്പോൾ അധികമാരും സഞ്ചരിക്കാത്ത ഒരിടത്താണ് എത്തിച്ചേർന്നിരിക്കുന്നതെന്ന് വ്യക്തമായി . അവിടത്തെ ഒരു വൃക്ഷത്തിലും കത്തിയുടെ വായ്ത്തലകൊണ്ട് അടയാളം കണ്ടിരുന്നില്ല .ആദിവാസികളും മറ്റും കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും കൈയിലുളള വാക്കത്തികൊണ്ട് വൃക്ഷങ്ങളിൽ അടയാളം ഇടുകയോ വെറുതെ വെട്ടുകയോ ചെയ്യാറുണ്ടെന്ന് ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട് .
ഇപ്പോൾ ക്ഷിണം തോന്നിത്തുടങ്ങിയിരുന്നു ..മൊബൈലാണെങ്കിൽ റൈഞ്ചുമില്ല.. B S N Lപോലും മിണ്ടാട്ടം മുട്ടിയ നിലയിലാണ് ... ഉച്ചക്ക് രണ്ടിന് തുടങ്ങിയ യാത്ര ഇപ്പോൾ 5 മണി കഴിഞ്ഞിരിക്കുന്നു ..
തെളിമയാർന്ന വെള്ളത്തിൽ കാലുകൾ ഇറക്കിവെച്ച് മീനുകളെ കാത്തിരുന്നു .. അവർ അടുത്ത് വരികയും പേടിയോടെ തിരിച്ചു പോവുകയും ചെയ്തു .. ഒരെണ്ണത്തിനെയെങ്കിലും പിടിച്ചാലോ എന്ന് തോന്നി .. പിന്നെ വേണ്ടെന്ന് വെച്ചു ..
ഒടുവിൽ കാടിറക്കം .. ഇറങ്ങാൻ കുറച്ചൂടെ അയാസമെന്ന് തോന്നിച്ചു ...പോയപോലെയല്ല.. ഇപ്പോൾ മുന്നിൽ ഞാനാണ് നടക്കുന്നത് ... എന്നാലും പാറകളിലൂടെ പതുക്കെ നിരങ്ങിവേണം പുറത്തേക്ക് കടക്കുവാൻ .ഇപ്പോൾ എനിക്ക് കടന്നുപോകേണ്ട പാത അൽപ്പം കൂടി വിശാലമെന്ന് തോന്നി ..
അത്രയും ആവേശത്തിലാണ് ഞാൻ . ഒഴുക്കിൽ ഒഴുകിവന്ന നീണ്ട ചൂരൽ വള്ളി ഞാൻ ചുരുട്ടി കൈയ്യിൽ പിടിച്ചിരുന്നു .. വഴുക്ക് ശ്രദ്ധിക്കണമെന്ന് അപ്പോഴും എന്നെ ഓർമിപ്പിച്ചിരുന്നു അഷ്റഫ്ക്ക.
പെട്ടെന്ന് കാൽവഴുതി പാറയിൽ വന്നിടിച്ച് നഖം പകുതി പിളർന്നു .. കടും ചോര ..
കനത്ത വേദന തോന്നി ... നന്നായി കഴുകി ചോര വെള്ളത്തിൽ പരന്നു പോയെങ്കിലും അത് വീണ്ടും കാലിൽ പരക്കാൻ തുടങ്ങി ..
അട്ടകൾ കാത്തിരിക്കുമെന്നതിനാൽ മുറിവ് കെട്ടിയാണ് യാത്ര തുടർന്നത് ..
ക്ലിപ്പർ " എന്ന പൂമ്പാറ്റ കണ്ണുകൾക്ക് ആഹ്ലാദം പകർന്ന്കൊണ്ട് മുന്നിൽ വന്നിരുന്നു .കുറച്ചുസമയം അതെന്നെ അവിടമാകെ ചുറ്റി തിരിച്ചിട്ട് എങ്ങോട്ടോ പറന്നകന്നു . ഇറങ്ങിപ്പോകേണ്ട പാതയൊക്കെ മറ്റെവിടെയോ ആണിപ്പോൾ . കാടങ്ങനെയാണ് .നമ്മെ വല്ലാതെ ചുറ്റിത്തിരിക്കും . തിരിച്ചുപോവാനുള്ള പാതവരെ നാം മറക്കുമ്പോൾ ,കാട് നമ്മെ അവിടെത്തന്നെ നിലനിർത്തുവാൻ ആഗ്രഹിക്കുന്നുണ്ടല്ലോ എന്നൊരു തിരിച്ചറിവ് മനസ്സിൽ വീഴുന്നു .
കാടുമായി ഇപ്പോൾ ഏറെ സ്നേഹം തോന്നിത്തുടങ്ങി .. അതോടെ വിസ്മയകരമായ കാഴ്ചകളുടെ ഒരു ഉത്സവ ഭൂമിയിലൂടെ വഴി നടത്തുകയാണെന്ന് എനിക്ക് തോന്നി ..
അപ്പോഴേക്കും കോടമഞ്ഞ് മലയിൽ മുലക്കച്ചകെട്ടിയിരുന്നു .. ഇരുട്ട് പരന്ന് തുടങ്ങി .. ചോലയിലെ വെള്ളത്തിന്റെ മുഴക്കത്തെ തോൽപ്പിച്ച് കാട്ടിലെ പക്ഷികളുടെയും ചെറു ജീവികളുടെയും ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി ..
പിന്നീട് നേരിയ മഴയും ..
മരം പെയ്യുന്ന കാഴ്ച കാടിനെ മനോഹരമാക്കി .. എത്ര പെട്ടെന്നാണ് കാടാകെ മാറിയത് . നിർമലവും ശുദ്ധവുമായ കാട്ടരുവി .അവയ്ക്കിരുകരകളിലും നീല പൂക്കളുള്ള ചില ചെറു സസ്യങ്ങൾ .മനസ്സാകെ തരളിതമായിപ്പോകുന്ന ഒരനുഭൂതി .
അതുവരെ പിന്നിട്ടുവന്ന മലകളും താഴ്വരകളും വഴികളും മറന്നു . കാറ്റിൽ നിലം സ്പർശിക്കാൻ കൂട്ടാക്കാത്ത ഒരു പൂവിതൾ പോലെ ഞാൻ പാറിനടന്നു.
നടത്തം വേഗത്തിലാക്കി ..
കൂടെകൊണ്ട് പോയ പൈപ്പുകൾ കാട്ടിലെ ഒരു മരത്തിൽ ഒളിപ്പിച്ചുവെച്ചു.. കാട്ടിലെ സ്വഭാവങ്ങൾ ഇങ്ങനെയൊക്കെയാണ് .. അതാരും മോഷ്ടിക്കില്ല ..
പുഴ അവസാനിക്കുന്നിടത്തെത്തിയപ്പോൾ കൈയ്യിൽ കരുതിയിരുന്ന ഡെറ്റോൾ വീണ്ടും കാൽമുട്ട് വരെ പുരട്ടി .. ചോലയിറങ്ങിയതിനാൽ നേരെത്ത പുരട്ടിയതെല്ലാം മാഞ്ഞ് പോയിരുന്നു ... ഇത്തവണ ചെരുപ്പിലും പുരട്ടി...
പുഴയും കടന്ന് വന്യമായ വനത്തിലൂടെ തിരിച്ച് കാട്ടിലെ താമസസ്ഥലത്തേക്ക് .
കാട്ടിലെ മൃഗങ്ങളെ കാണാതെ അതിന്റെ സാന്നിധ്യം അനുഭവിക്കുക എന്നത് കാടിന്റെ മഹത്വമാണ് . ഞാൻ അതിനെ തേടിപ്പോയില്ല . താഴേക്ക് നടക്കുകയായിരുന്നു . വ്യത്യസ്തമായ അനുഭവങ്ങളാൽ എന്റെ കാടുകയറ്റം മനോഹരമായി . ഏതോ പക്ഷി പാടുന്നു . നമ്മുടെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പക്ഷികളുടെയും പാട്ടുകൾ തെളിമയോടെ കേൾക്കാറില്ലല്ലോ ? മധുരമായ കൂവലുകൾ നിശ്ശബ്ദമാവുകയാണോ ? മനുഷ്യനിർമിതമായ ശബ്ദമാലിന്യങ്ങളാൽ ഭീമാകാരമായ കെട്ടിടസമുച്ചയങ്ങളാൽ എല്ലാ ജീവജാലങ്ങളുടെയും ആശയവിനിമയങ്ങൾക്ക് നാം നിരന്തരം തടസ്സങ്ങളുണ്ടാക്കി . പാട്ടു പഠിക്കാനാവാത്ത പക്ഷിക്കുഞുങ്ങളും ,ഇണയെ വിളിക്കുന്ന മധുരശ്രുതി നഷ്ടപ്പെടുന്ന പക്ഷിയുമാണ് നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ശാപം .
മറക്കില്ല ഈ യാത്ര .. ഈ അനുഭവം .. മനോഹരമായ നിമിഷങ്ങൾ ..അങ്ങകലെ എനിക്ക് എത്തിച്ചേരേണ്ട ഇടം കാണാമായിരുന്നു .സന്തോഷത്തിൽ ഞാൻ ഉറക്കെ കൂകി വിളിച്ചു .

WRITTEN BY :@Faqrudheen Panthavoor Faqrudheen
أحدث أقدم