യാഥാർത്യമാക്കിയ സ്വപ്നം (തൃശ്ശൂർ-തിബറ്റ് )

യാഥാർത്യമാക്കിയ സ്വപ്നം (തൃശ്ശൂർ-തിബറ്റ് )

WRITTEN BY :@Rahul Nettissery

1-ജൂൺ-2018 സമയം 8.15, റൺവേയിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നു. ഞാൻ എൻ്റെ മനസ്സിനോട് ചോദിച്ച് കൊണ്ടേയിരുന്നു ഇത് സത്യമാണോ.... ഒരു പാട് കണ്ട സ്വപ്നം യാഥാർത്യമാകുകയാണോ?


കണ്ണുകൾ അടച്ചപ്പോൾ മനസ്സിൽ ഒരുപാട് ചിന്തകൾ ഓടിയെത്തി, വടക്കുംനാഥൻ്റെ ചുറ്റമ്പലത്തിൽ തൃപ്പുക കഴിഞ്ഞ് ഇരിക്കുമ്പോൾ ശരത്തേട്ടൻ പറയുകയാണ് നാളെയാണ് കൈലാസം പോകുന്നതിൻ്റെ മീറ്റിംഗ് ഉണ്ട് നീയും കൂടി വന്നോളു, കാര്യങ്ങൾ അറിയാലോ. കൈലാസം സ്വപ്നം കണ്ടു നടന്നിരുന്ന ഞാൻ ഉടനെ ശരി പറഞ്ഞു, പിറ്റെ ദിവസം ശരത്തേട്ടൻ്റയും,അമ്മയോടുമൊപ്പം ആ യോഗത്തിൽ പങ്കെടുത്തു.നാൽപ്പതോളം പേരുണ്ടായിരുന്നു ആ യോഗത്തിൽ എല്ലാവരും സാക്ഷാൽ കൈലാസ യാത്രയ്ക്ക് തയ്യാറെടുത്ത് ഇരിക്കുന്നവർ. യാത്രക്ക് വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചു വേണുഗോപാൽ കൈലാസി
( സംഘാടകൻ) വിശദീകരിച്ചു, യാത്രയിൽ കരുതേണ്ട അവശ്യ സാധനങ്ങളുടെ ലിസ്റ്റുകൾ എല്ലാവർക്കും നൽകി. കൂട്ടത്തിൽ ഈ യാത്രയുമായി ഒരു ബന്ധവുമില്ലാത്ത എനിയ്ക്കും കിട്ടി ലിസ്റ്റ്. കൈലാസയാത്ര സാധിച്ചില്ലെങ്കിലും ഇതിൽ ഒരു ഭാഗമായല്ലോ എന്നും, എന്നെങ്കിലും ആഗ്രഹം സഫലമാകുമ്പോൾ ഇത് ഉപകരിയ്ക്കുമല്ലോ എന്നും ചിന്തിച്ച് സന്തോഷിച്ചു, പിന്നെ എൻ്റെ പ്രിയപ്പെട്ട ഗീതമ്മയും ശരത്തേട്ടനും പോകുന്നതിൽ അതിലേറെ സന്തോഷം. പതിവു പോലെ ഞങ്ങൾ വൈകുന്നേരം വടക്കുംനാഥനിൽ ഇരിക്കുമ്പോൾ ശരത്തേട്ടൻ പറഞ്ഞു നീ വേണമെങ്കിൽ പോന്നോട്ട "കൈലാസം"...നാളെ ഒരുപാട് പണമൊക്കെ ഉണ്ടാകും പക്ഷെ കൈലാസ യാത്ര നടക്കണമെന്നില്ല.ഞാൻ ഒന്ന് ചിന്തിച്ചിട്ട് പറഞ്ഞു നടക്കില്ല ചേട്ടാ. വീട്ടിൽ ചെന്ന് പറയേണ്ട താമസം ഓടിച്ചില്ലന്നേയുള്ളു. സാരമില്ല എന്നെങ്കിലും നടക്കുമെന്ന് സമാധാനിച്ചു. പക്ഷെ വടക്കുംനാഥനിൽ വെച്ചുള്ള ഈ ചർച്ച തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ മെയ് ആദ്യവാരത്തോട് കൂടി കൈലാസ യാത്രയ്ക്ക് പോകാമെന്ന തീരുമാനത്തിൽ എത്തി, വീട്ടിൽ നിന്നും സമ്മതം വാങ്ങി. പിന്നെയെല്ലാം പെട്ടന്നായിരുന്നു. ദിവസവും യോഗ പ്രാക്ടീസ് ചെയ്തു, നടത്തം പതിവാക്കി. വടക്കുംനാഥനെ സാക്ഷാൽ കൈലാസമായി സങ്കൽപ്പിച്ച് ദിവസവും ഞങ്ങൾ എഴ് /ഒൻപത് പ്രദക്ഷിണം പതിവാക്കി. ഇതൊക്കെ നടക്കുമോ എന്ന് ചിന്തിച്ച് മിക്ക രാത്രിയിലെയും ഉറക്കം ഇല്ലാതായി. അതിനിടയിൽ ഞങ്ങളുടെ സുഹൃത്ത് ഉണ്ണി ചേട്ടനും യാത്രയിൽ കൂടെ ഉണ്ടെന്ന് പറഞ്ഞു, അദ്ദേഹവും യാത്രയുടെ എല്ലാ നടപടികളും ചെയ്തു. യാത്രയ്ക്ക് മുൻപായി ഞാനുമായി ബന്ധമുള്ള എല്ലാവരോടും യാത്ര പറഞ്ഞു, അറിയാതെ ചെയ്ത തെറ്റുകൾക്ക് എല്ലാവരോടും ക്ഷമ പറഞ്ഞു, ഇനിയൊരു മടക്കം ഉണ്ടായില്ലെങ്കിലോ! കൈലാസ യാത്ര അതാണ് ഈശ്വരൻ്റെയും, പ്രകൃതിയുടെയും കടാക്ഷം കൊണ്ട് മാത്രം സഫലമാകുന്ന യാത്ര. ഒടുവിൽ ആ സുദിനം എത്തി, കാലത്ത് തന്നെ വിഷമിപ്പിക്കുന്ന വാർത്ത ആയിരുന്നു ഉണ്ണിച്ചേട്ടന് ഞങ്ങളുടെ കൂടെ യാത്ര ചെയ്യുവാൻ സാധിക്കില്ല, ചൈനീസ് അനുവാദം ലഭിച്ചില്ല (പക്ഷെ കൈലാസ യാത്ര മനസ്സിൽ ഒരു വൃതമായി കൊണ്ടു നടന്ന് പിറ്റെ വർഷം ഉണ്ണിച്ചേട്ടൻ ആഗ്രഹം സഫലമാക്കി) അച്ഛൻ്റെയും, അമ്മയുടെയും കാൽക്കൽ വീണ് അനുഗ്രഹം വാങ്ങി ശരത്തേട്ടൻ്റെ വീട്ടിൽ എത്തി. ഞങ്ങൾ മൂന്ന് പേരും ശരത്തേട്ടൻ്റെ അച്ഛൻ്റെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങി യാത്ര തിരിച്ചു. അദ്ദേഹത്തെ (ശ്രീ.എം.കെ.രാമചന്ദ്രൻ) കൈലാസത്തിൻ്റെ കേരളത്തിലെ ബ്രാൻ്റ് അംബാസഡർ എന്ന് വേണു ജി വിശേഷിപ്പിച്ചത് വളരെ ശരിയാണ്. ഞങ്ങളുടെ കൈലാസം ബാച്ചിലെ ഭൂരിഭാഗം പേരും അദ്ദേഹത്തിൻ്റെ "ഉത്തരാഖണ്ഡിലൂടെ കൈലാസ്- മാനസരോവർ യാത്ര" എന്ന പുസ്തകം വായിച്ച് ഇറങ്ങിത്തിരിച്ചവരാണ്. എയർപ്പോർട്ടിൽ ഉണ്ണി ചേട്ടൻ കാത്ത് നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ഞങ്ങൾക്ക് വിഷമമായി, യാത്ര മുടങ്ങിയ വിഷമം ആ മുഖത്ത് നിഴലിച്ചു. ഫ്ലയ് ദുബായ് സെക്യൂരിറ്റി കോർഡിനേറ്റർ ആയ അദ്ദേഹം ഞങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് തന്നു. ഞങ്ങളുടെ ബാച്ചിലെ പകുതി പേർ അന്നേ ദിവസം ഞങ്ങളോടൊപ്പം യാത്ര തിരിച്ചു, ബാക്കിയുള്ളവർ നാളയെ എത്തുകയുള്ളു. വിമാനത്തിലെ ലാൻഡിങ്ങ് നിർദ്ദേശം കേട്ട് കണ്ണ് തുറക്കുമ്പോൾ ഡൽഹി എത്തിയിരുന്നു. അതെ എൻ്റെ സ്വപ്നത്തിലേക്കാണ് ഞാൻ പറന്നത്, അത് യാഥാർത്യമാകുവാൻ പോകുന്നു. സമയം പുലർച്ചെ 2 മണി. ഞാനും അമ്മയും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ലോഞ്ചിൽ വിശ്രമിക്കാനായി പോയി. ചേട്ടൻ വേണുജിയുടെ കൂടെയും പോയി. അടുത്ത കണക്ഷൻ ഫ്ലയിറ്റ് രാവിലെ 6ന് ആണ്, സമയം ഉള്ളതിനാൽ ഞങ്ങൾ ഒന്ന് മയങ്ങി. ഏകദേശം പോകാറാവുമ്പോഴേക്കും ചേട്ടനും എത്തി, വേണുജി ഇനി അടുത്ത ബാച്ചിൻ്റെ കൂടയെ കാട്മണ്ഡുവിലേക്കുള്ളു അതിനാൽ ഈ ബാച്ചിൻ്റെ ഉത്തരവാദിത്വം ശരത്തേട്ടനായി, ഞാൻ സഹായിയും.
ഞങ്ങൾ അങ്ങനെ നേപ്പാളിൻ്റെ തലസ്ഥാനമായ കാട്മണ്ഡുവിലേക്ക് യാത്ര തിരിച്ചു. വിമാനത്തിൽ സ്വാധിഷ്ഠമായ പ്രഭാത ഭക്ഷണം ലഭിച്ചു. ഏകദേശം ഒന്നര മണികൂറിൽ വിമാനം നേപ്പാളിൻ്റെ റൺവേയിൽ പറന്നിറങ്ങി.നേപ്പാളും ഇന്ത്യയുമായുള്ള നല്ല സൗഹൃദം ഇന്ത്യക്കാർക്ക് ആ രാജ്യത്ത് പാസ്പോർട്ട് ആവശ്യമില്ല, വോട്ടേഴ്സ് ഐഡി മതി. ത്രിഭുവൻ എയർപോർട്ടിൽ നിന്നു പുറത്ത് കടക്കുമ്പോൾ ഹോട്ടലിലേക്കുള്ള വാഹനം സജ്ഞമായിരുന്നു. ഹോട്ടൽ ജീവനക്കാരൻ ഞങ്ങളെ രുദ്രാക്ഷ മാല അണിഞ്ഞ് സ്വീകരിച്ചു. Toyota Hiace എന്ന വാഹനത്തിലാണ് യാത്ര. നമ്മുടെ വടക്കേ ഇന്ത്യയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല കാഠ്മണ്ഡു. അതിനാൽ തന്നെ മറ്റൊരു രാജ്യത്തിലാണെന്ന തോന്നലേ ഉണ്ടായില്ല. അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ഹോട്ടൽ വൈശാലിയിൽ എത്തി. വൃത്തിയുള്ളതും, മനോഹരവുമായ വലിയ ഹോട്ടൽ സമുച്ചയം, ഹോട്ടൽ ജീവനക്കാർ വളരെ ആദരവോടു കൂടി ഞങ്ങളെ സ്വീകരിച്ചു. ഇനിയാണ് ഞങ്ങളുടെ പണി. എല്ലാവർക്കും മുറികൾ ശരിയാക്കി കൊടുക്കണം, പലരും ഒരുമിച്ച് നിൽക്കണം എന്നു പറയുന്നവർ. കുറെ പണിപ്പെട്ട് എല്ലാവരുടെയും മുറികൾ തയ്യറാക്കി ഉച്ച ഭക്ഷണവും കഴിച്ച് ഞങ്ങളും വിശ്രമിക്കുവാൻ പോയി. വൈകുന്നേരത്തോട് കൂടി വേണുജിയും സംഘത്തിലെ ബാക്കി ഉള്ളവരും എത്തി. ഞങ്ങൾക്ക് ആശ്വാസമായി. എല്ലാവരോടും വൈകിട്ട് എഴുമണിക്ക് മീറ്റിംഗ് മുറിയിൽ എത്തുവാൻ പറഞ്ഞ് മുറികളിലേക്ക് അയച്ചു. സന്ധ്യ ആയപ്പോൾ ഞങ്ങൾ മൂന്നുപേരും, വേണുജിയും കൂടി ഹോട്ടലിനു മുൻപിലെ തമേൽ മാർക്കറ്റിലേക്ക് നടക്കുവാൻ ഇറങ്ങി. ചെറിയ ചെറിയ ഗല്ലികളുടെ ഇരുവശത്തും കടകൾ, വസ്ത്രങ്ങൾ, പെയിൻ്റിങ്ങുകൾ, കരകൗശല വസ്തുക്കൾ തുടങ്ങി എല്ലാം. നടപ്പാതയുടെ മുകൾ വശം മുഴുവൻ തിബറ്റൻ ഫ്ലാഗ് കൊണ്ട് അലങ്കരിച്ചിരുന്നു. തിരക്കിനിടയിൽ ആൾക്കാരുമായി പായുന്ന സൈക്കിൾ റിക്ഷകൾ. കാഴ്ചകണ്ട് നടക്കുന്നതിനിടയിൽ പുറകിൽ നടന്നിരുന്ന ഞാനും അമ്മയും കൂട്ടം തെറ്റി. ഒടുവിൽ കറങ്ങി തിരിഞ്ഞ് ഞങ്ങൾ ഹോട്ടൽ വൈശാലിയിൽ എത്തി. ചേട്ടനും, വേണുജിയും അവിടെ എത്തിട്ടില്ല. റിസപ്ഷനിൽ പറഞ്ഞേൽപ്പിച്ച് ഞങ്ങൾ മുറിയിലേക്ക് പോയി. ചേട്ടൻ്റെ കയ്യിൽ നിന്നും ചീത്ത പ്രതീക്ഷിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. സദ്സംഗ് (മീറ്റിംഗ് ) നായി നേരെ മീറ്റിംഗ് മുറിയിൽ ഞങ്ങൾ എല്ലാവരും ഒത്തുകൂടി മൊത്തം നാൽപ്പത്തിയേഴുപേർ, എല്ലാവരും മലയാളികൾ. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർ. ഡോക്ടർ, അദ്ധ്യാപകർ , കലാ-സാംസ്കാരികം തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയിൽ നിന്നുള്ളവർ. ചിലരെ എടുത്ത് പറയേണ്ടതുണ്ട് അതിൽ പ്രധാനിയാണ് തിരുവനന്തപുരത്ത് നിന്നു വന്ന ശ്രീപ്രകാശ് എന്ന വ്യക്തി. അദ്ദേഹത്തിൻ്റെ കരങ്ങൾ എപ്പോഴും ഒരു വീൽചെയറിൽ ആയിരുന്നു അതിൽ അദ്ദേഹത്തിൻ്റെ പ്രിയ പത്നി ബേബി സതി (സതിടീച്ചർ). കൂടെ അവരുടെ മകൾ അരുണിത. പാർക്കിൻസൺ എന്ന രോഗം ബാധിച്ച് പൂർണമായി തളർന്ന് ഈ അവസ്ഥയിൽ ആകുന്നതിന് മുൻപ് സതി ടീച്ചറുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കൈലാസ യാത്ര. ഇന്നവർക്ക് സംസാരിക്കുവാൻ പോലും സാധ്യമല്ല എന്നിട്ടും ഭാര്യയുടെ ആഗ്രഹം സഫലമാക്കുവാൻ ഇറങ്ങി തിരിച്ച ആ മനുഷ്യൻ്റെ മഹാ മനസ്സിനു മുൻപിൽ ഞങ്ങൾ ശിരസ്സ് നമിച്ചു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇന്നു മുതൽ എല്ലാവരും Diamox ഗുളിക കഴിക്കണമെന്ന് വേണുജി പറഞ്ഞു. mountain sickness പിടിപെടാതിരിക്കുവാനാണിത്. പിന്നെ എല്ലാവർക്കും രണ്ട് ബാഗ് വീതം നൽകി. ഇനിയുള്ള യാത്രയിൽ ഈ ബാഗാണ് ഉപയോഗിക്കേണ്ടത്. ഡഫൽ ബാഗിൽ എട്ട് കിലോയും, ബാഗ് പാക്കിൽ മൂന്ന് കിലോ ഭാരവുമേ ആകാവൂ എന്ന് നിർദ്ദേശിച്ചു. ബാക്കിയുള്ള സാധനങ്ങൾ ഹോട്ടലിൽ സൂക്ഷിക്കും. അടുത്തതായി നാളെ എവറസ്റ്റ് കാണുവാൻ പോകുകയാണെന്നും താൽപ്പര്യം ഉള്ളവർ 7800/- രൂപ വീതം അടയ്ക്കുവാനും ആവശ്യപ്പെട്ടു. ഞങ്ങൾ ആദ്യം തന്നെ പണമടച്ചു. ശേഷം എല്ലാവരും ഡൈനിങ്ങ് റൂമിലേക്ക് നടന്നു. വെജിറ്റബിൾ സൂപ്പ്, ചോറ്, തൈര്, സലാഡ്, പപ്പടം, സബ്ജി, ശീരാ തുടങ്ങി സ്വാധിഷ്ഠമായ അത്താഴം കഴിച്ച് മുറിയിൽ പോയി ഉറങ്ങുവാൻ കിടക്കുമ്പോൾ പിറ്റെ ദിവസത്തെ എവറസ്റ്റ് യാത്രയാണ് മനസ്സ് മുഴുവൻ.
പുലർച്ചെ 4.30ന് തന്നെ എഴുന്നേറ്റ് പോകുവാനായി വേഗംതയ്യാറായി. അഞ്ച് മണി ആകുമ്പോഴേക്കും വെളിച്ചമായിരിക്കുന്നു. എല്ലാ ദിവസവും കാലത്തും വൈകിട്ടും സദ്സംഗ് പതിവായി. തലേ ദിവസത്തെ പദ്ധതി അനുസരിച്ച് പശുപതിനാഥ ക്ഷേത്രവും, എവറസ്റ്റുമാണ് ലക്ഷ്യം. എയർപോർട്ടിലേക്ക് പോകുവാൻ വലിയ ബസ്സ് ആയിരുന്നു ഒരുക്കിയിരുന്നത് ആയതിനാൽ ബസ്സ് ഹോട്ടൽ വരെ എത്തിയില്ല. പ്രധാന റോഡിൽ നിർത്തിയതെയുള്ളു. ഞങ്ങൾ തമേൽ മാർക്കറ്റിലൂടെ ബസ്സിനടുത്തേക്ക് നടന്നു. കൊറോണ വന്നപ്പോഴല്ലേ നമ്മൾ മാസ്ക് ധരിക്കുവാൻ തുടങ്ങിയത്, എന്നാൽ ഇവിടത്തുകാർ മുഴുവൻ മുൻപേ മാസ്ക് ധരിച്ചു തുടങ്ങി.അത്രയ്ക്ക് പൊടിയും, തിരക്കും നിറഞ്ഞ അന്തരീക്ഷമാണ്. ഞങ്ങൾ വേഗം ബസ്സിലേക്ക് കയറി നേരെ ത്രിഭുവൻ എയർപോർട്ടിലേക്ക് വച്ച് പിടിച്ചു. വിമാനം ലെയിറ്റ് ആയതിനാൽ കുറച്ച് സമയം ഞങ്ങൾ എയർപോർട്ടിൽ കാത്തിരുന്നു. എട്ട് മണിയോടു കൂടി ശ്രീ എയർ ലെയിൻസിൻ്റെ എഴുപത് പേരെ ഉൾക്കൊള്ളുന്ന കുട്ടി വിമാനത്തിൽ യാത്ര തിരിച്ചു. ഒരു സൈഡിൽ മുപ്പത്തിയഞ്ച് പേർ വീതം എല്ലാവർക്കും വ്യക്തമായി പർവ്വതരാജനെ കാണുവാൻ പാകത്തിന് സീറ്റ് (Windowseat) ക്രമീകരിച്ചിരിക്കുന്നു. ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോൾ മഞ്ഞിൽ കുളിച്ച് നിൽക്കുന്ന പർവ്വത ശൃംഗങ്ങൾ ദൃശ്യമായി. എയർഹോസ്റ്റസ് ഓരോ പർവ്വതത്തെയും ഞങ്ങളുടെ കയ്യിൽ മുൻപ് ഏൽപ്പിച്ച ബ്രോഷർ കാണിച്ച് പരിചയപ്പെടുത്തി. ഷിഷാ പാംഗ്മ, ഗൗരിശങ്കർ, മെല്ലുഗ്സേ, ചുഗിമാംഗോ തുടങ്ങി ഒരുപാട് പർവ്വതങ്ങൾ. അല്പം കൂടി മുൻപോട്ട് പോയപ്പോൾ അതാ...തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെപ്പോലെ തല ഉയർത്തി ഞങ്ങളുടെ മുൻപിൽ നിൽക്കുന്നു സാക്ഷാൽ പർവ്വത രാജൻ "എവറസ്റ്റ് " ( സാഗർമാതാ). ആകാശത്തെ ചുംബിച്ച്, മഞ്ഞിൻ മായാപ്രപഞ്ചം തീർത്ത് നിൽക്കുന്ന ആ കൊടുമുടിയെ വർണിക്കുവാൻ വാക്കുകൾ പോരാതെ വരും. ഏതൊരു പർവ്വതാരോഹകൻ്റെയും സ്വപ്നം.... ഇങ്ങനെയെങ്കിലും കാണുവാൻ സാധിച്ചതിൽ ഞങ്ങൾ സന്തോഷിച്ചു. കൂടാതെ ജീവിതത്തിൽ ആദ്യമായി വിമാനത്തിൻ്റെ കോക്ക്പിറ്റിൽ ഓരോരുത്തരായി പോയി ആ മാസ്മരിക ദൃശ്യം മതി വരുവോളം വീക്ഷിച്ചു. വർണനകൾക്ക് അതീതമാണീ ഹിമപ്രപഞ്ചം. എവറസ്റ്റ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ സമയം വൈകിയതിനാൽ പശുപതിനാഥ് യാത്ര കൈലാസ ദർശനം കഴിഞ്ഞിട്ടാകാമെന്ന് തീരുമാനിച്ചു. ഹോട്ടലിൽ മടങ്ങി എത്തി ഉച്ചഭക്ഷണം കഴിച്ച് ബാഗുകൾ തലേ ദിവസം പറഞ്ഞ പ്രകാരം ക്രമീകരിച്ച് ബാക്കിയുള്ളവ ക്ലോക്ക് റൂമിൽ ഏൽപ്പിച്ച് കൈലാസ യാത്രയുടെ ആദ്യ ഘട്ടത്തിലേക്ക് ഞങ്ങൾ കടന്നു. പ്രകൃതി മാതാവ് നേർത്ത മഴയായ് ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു. ഞങ്ങളെയും കൊണ്ട് വാഹനം വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചു. അവിടെ നിന്ന് യെതി എയർലെയിൻസിൽ നേരെ നേപ്പാൾ ഗൻജിലേക്ക്. ഒരു മണിക്കൂർ യാത്ര ചെയ്ത് നേപ്പാൾ ഗൻജിൽ എത്തി. നമ്മുടെ ശക്തൻ ബസ് സ്റ്റാൻ്റ് ഇതിലും ഭേദമാണ് , ഇങ്ങനെയും എയർപോർട്ട് ഉണ്ട്ലെ എന്ന് ചിന്തിച്ച് പുറത്ത് കടന്ന് ഞങ്ങൾക്കായി കാത്തു നിന്ന വാഹനത്തിൽ നേരെ ഹോട്ടൽ സ്നേഹിയലേക്ക് തിരിച്ചു. രാജാവിൻ്റെ അവധിക്കാല വസതിയാണീ ഹോട്ടൽ ആയതിനാൽ തന്നെ വളരെ മികവുറ്റതുമാണ്. ഹോട്ടൽ ജീവനക്കാർ ഞങ്ങളെ തിലകം ചാർത്തി ആരതിയുഴിഞ്ഞ് സ്വീകരിച്ചു. വൈകിട്ട് ഏഴിന് സദ്സംഗിനായി ഒത്തു കൂടാൻ തീരുമാനിച്ച് എല്ലാവരും മുറികളിൽ വിശ്രമിച്ചു. കൃത്യം ഏഴിന് എല്ലാവരും മീറ്റിംഗ് ഹാളിൽ എത്തി. പ്രാർത്ഥനയോടെ യോഗം തുടങ്ങി. ആദ്യമായി സ്വന്തം ഭാര്യയെ പൊന്നുപോലെ കൊണ്ട് നടക്കുന്ന ശ്രീ പ്രകാശ് സാറിന് നന്ദി അർപ്പിച്ചു. ശേഷം എല്ലാവരും സ്വയം പരിചയപ്പെടുത്തി. (എഴുത്ത് നീണ്ടു പോകുമെന്നതിനാൽ ആരുടെയും പേരെടുത്ത് എഴുതുന്നില്ല) ഇനിയുള്ള യാത്രയിൽ ധരിക്കേണ്ട കട്ടിയുള്ള ജാക്കറ്റ് എല്ലാവർക്കും വിതരണം ചെയ്തു. അത്താഴത്തിന് ഒരു പ്രെത്യേകത ഉണ്ടായിരുന്നു, ഗുരുവായൂരിൽ നിന്നും വന്ന ഭാർഗ്ഗവി ടീച്ചർ ഹോട്ടൽ അടുക്കളയിൽ നേതൃത്വം നൽകി തയ്യാറാക്കിയ കഞ്ഞിയും, നാട്ടിൽ നിന്നും കൊണ്ടുവന്ന ചമ്മന്തിപ്പൊടിയും, അന്നത്തെ അത്താഴം കേമം. (എല്ലാവരുടെയും പക്കൽ അരി, ചമ്മന്തിപ്പൊടി തുടങ്ങിയവ യാത്രയിൽ കരുതിയിട്ടുണ്ട്.) അന്നു മുതൽ ടീച്ചറെ ഞങ്ങൾ അന്നപൂർണ്ണേശ്വരി എന്നായി വിളി. ഈ സമയം കൊണ്ട് എല്ലാവരും ഒരു കുടുംബമായിക്കഴിഞ്ഞിരുന്നു. രാവിലെ 4.30 ന് യാത്ര തിരിക്കേണ്ടതിനാൽ വേഗം ഉറങ്ങാൻ കിടന്നു. കൃത്യം 4 മണിക്ക് തന്നെ ഞങ്ങൾ ഹോട്ടൽ ലോബിയിൽ ഒത്തുകൂടി. ചായ കുടി കഴിഞ്ഞ് നേരെ എയർപോർട്ടിലേക്ക്. അവിടെ വെച്ച് പ്രഭാത ഭക്ഷണം അടങ്ങിയ ബോക്സ് എല്ലാവർക്കും നൽകി. ബ്രഡ്, ജാം, ഫ്രൂട്ടി, ഫിംഗർ ചിപ്സ്, സോസ്, പഴം ഇതായിരുന്നു ഭക്ഷണം. 14-15 പേർ അടങ്ങുന്ന ഗ്രൂപ്പായി തിരിഞ്ഞ് നാല് കുട്ടി വിമാനത്തിലായിരുന്നു അടുത്ത ക്യാമ്പിലേക്കുള്ള ഞങ്ങളുടെ യാത്ര. ഒരു മണിക്കൂർ യാത്ര കഴിഞ്ഞ് വിമാനം പറന്നിറങ്ങുന്നത് ചുറ്റും പച്ച വിരിപ്പിട്ട കുന്നിൻമേടിനു മദ്ധ്യേയുള്ള റൺവേയിലേക്കാണ്. പ്രകൃതി സൗന്ദര്യം പൂത്തുലയുന്ന സ്ഥലമാണ് സിമിക്കോട്ട്. പക്ഷെ എനിക്കീ സ്ഥലത്തെ ഒരു സുന്ദരിയായ യക്ഷിയോടെ ഉപമിക്കാനാകു. വശ്യ മനോഹരിയാണെങ്കിലും അപകടം പതിയിരിക്കുന്ന സ്ഥലം. ഇവിടേക്ക് എത്തിപ്പെടുവാൻ എയർ റൂട്ടേയുള്ളു, പ്രകൃതി തകിടം മറിഞ്ഞാൽ നമ്മളിവിടെ പെട്ടുപോകും. ഞങ്ങളുടെ കൈലാസയാത്ര കഴിഞ്ഞ് പിറ്റെ ആഴ്ച ഒരു മലയാളി ഉൾപ്പടെ മൂന്നു പേർ മരണപ്പെട്ടത് ഇവിടെയാണ്. ഇന്ത്യയുടെ കാര്യമായ ഇടപെടലിനെ തുടർന്നാണ് ബാക്കിയുള്ളവരെ രക്ഷിച്ചത്. വിമാനത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ തൊട്ടപ്പുറത്ത് ദാ നമ്മുടെ വടക്കെ സ്റ്റാൻ്റിൽ ബസ് കഴുകുന്നത് പോലെ ഹെലികോപ്ടറിനെ കഴുകി കുട്ടപ്പനാക്കുകയാണ്. ഇവിടം മുതൽ തണുപ്പ് ആരംഭിക്കുന്നു. തെർമ്മൽ വെയർ, ബനിയൻ, ജാക്കറ്റ്, മങ്കിക്യാപ്, ഗ്ലൗസ് എന്നിവ ഒരു പരിധി വരെ തണുപ്പിന് തടയായി. പടികൾ കയറി വൃത്തി ഹീനമായ ഒരു ഗല്ലിയിലൂടെ നടത്തം ആരംഭിച്ചു. യാചകരെപ്പോലെ ഞങ്ങളുടെ ചുറ്റും കൈ നീട്ടി നടക്കുന്ന കുട്ടികളെ കണ്ടപ്പോൾ വല്ലാത്തൊരു വിഷമം. എല്ലാവർക്കും കയ്യിലുണ്ടായിരുന്ന മിഠായി നൽകി, സന്തോഷത്തോടെ അവർ ഓടിപ്പോയി. കല്ലുപാകിയ മേൽക്കൂരയുള്ള മരത്തിൽ തീർത്ത ചെറിയ വീടുകൾ, പുകവലിച്ചിരിക്കുന്ന സ്ത്രീകൾ, ആകെ മൊത്തത്തിൽ ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ പരിതാപകരമാണ്. നടത്തം ഞങ്ങളുടെ ചെറിയ താമസ സ്ഥലത്ത് എത്തി നിന്നു. ഇവിടെ കണ്ടത്തിൽ ആകെ വൃത്തി ഈ ഹോട്ടലിൽ മാത്രമാണ്. അൻപത് പേർക്ക് കഷ്ടിച്ച് താമസിക്കാവുന്ന സൗകര്യം. പരിസരമാകെ യൂക്കാലി ഗന്ധം. ചെന്നപാടെ ചായയും ബിസ്കറ്റും കഴിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച് വരാന്തയിൽ തന്നെ എല്ലാവരും കൂടി നർമ്മ സംഭാഷണമായി. വേണുജി ഒരു മത്സരവും വെച്ചു. എല്ലാവരുടെയും പേരുകൾ ഓർമ്മ വെച്ച് പറയുക, കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ: ആശലത (ആശമ്മ) പന്തയം ഏറ്റെടുത്തു. സ്വല്പം സാഹിത്യം കലർത്തി, ഗംഭീര ഇൻട്രോ യോടെ ഓരോരുത്തരുടെയും പേരുകൾ പറഞ്ഞ് ആശമ്മ കൈയ്യടിനേടി. ആനകളോടുള്ള ഇഷ്ടം കാരണം ആശമ്മ എനിക്ക് ആനക്കുട്ടൻ എന്ന പേരും നൽകി. ഞാൻ സന്തോഷത്തോടെ അത് സ്വീകരിച്ചു. വൈകിട്ട് നാലിന് ട്രക്കിങ്ങിന് പോകുവാനായി എല്ലാവരും ഒത്തുകൂടി. കാഴ്ചകൾ കണ്ട് ഉരുളൻ കല്ലു നിറഞ്ഞ ഒറ്റയടി പാതയിലൂടെ നടന്ന് ഗോവിന്ദഗിരിയുടെ മുകളിൽ എത്തി.അമ്മ ഓടിച്ചാടി മല കയറിയതിനാൽ ഞങ്ങളുടെ വലിയൊരു ടെൻഷൻ മാറിക്കിട്ടി. കല്ലുകൾ തലച്ചുമടായി കൊണ്ടു പോകുന്ന സ്ത്രീകൾ, ചെറിയ ഗ്രാമങ്ങളുടെ അതിർത്തിയായി നിൽക്കുന്ന മലനിരകൾ, കൃഷിയിടങ്ങൾ. സിമിക്കോട്ടിലെ കാഴ്ച എല്ലാം കൊണ്ടും വ്യത്യസ്തമാണ്. എട്ട് മണി ഒക്കെ കഴിയുമ്പോഴെ ഇവിടെ ഇരുട്ട് പരക്കു. രാത്രി അത്താഴത്തിന് നമ്മുടെ അന്നപൂർണേശ്വരിയുടെ ചുട് കഞ്ഞിയും, അച്ചാറും, ചമ്മന്തിയും, പപ്പടവും സിമിക്കോട്ടിലെ തണുപ്പും പ്രെത്യേക അനുഭൂതി ഉണ്ടാക്കി. ഉറങ്ങാൻ കിടക്കുമ്പോൾ കൈലാസ ദർശനം സാദ്ധ്യമാകണെ എന്ന പ്രാർത്ഥന മാത്രം. തലേ ദിവസത്തെ നിർദ്ദേശപ്രകാരം ഞങ്ങൾ അഞ്ചും, ആറും പേർ വീതമുള്ള ഗ്രൂപ്പായി തിരിച്ചിരുന്നു. ഞങ്ങൾ ഒടുവിൽ യാത്ര ചെയ്യേണ്ട ഗ്രൂപ്പായതിനാൽ പതുക്കയെ റെഡിയായുള്ളു. അതിനിടയിൽ ശ്രീ പ്രകാശ് സർ അദ്ദേഹത്തെ സഹായിക്കണമെന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെ ആ ഉദ്യമം ഏറ്റെടുത്തു. ഇന്നത്തെ യാത്ര ഹെലികോപ്ടറിലാണ്, സിമിക്കോട്ടിൽ നിന്ന് ഹിൽസയിലേക്ക് കോപ്ടർ പറന്നുയർന്നു. മുൻപിൽ തന്നെ ഞാൻ സീറ്റ് പിടിച്ചതിനാൽ കാഴ്ചകൾ കൂടുതൽ ഭംഗിയായി. കൃഷിയിടങ്ങൾക്കും, കൊച്ചുഗ്രാമങ്ങളും പിന്നിട്ട് പച്ചപ്പരവതാനി വിരിച്ച മലമുകളിലൂടെയുള്ള ഈ യാത്ര ഒരു വ്യത്യസ്ത അനുഭവമാണ്. അങ്ങനെ ഞങ്ങൾ ഹിൽസയിൽ ലാൻറ് ചെയ്യുവാൻ പോകുകയാണ്. ചുറ്റുപാടും മൊട്ടക്കുന്നുകൾ, ചെളി കലക്കിയ വെള്ളവുമായി ഒഴുകുന്ന കർണ്ണാലി നദി. ലാൻ്റ് ചെയ്യാൻ ഹെലിപാഡൊന്നുമില്ല, അവിടമാകെ പൊടിപറത്തികൊണ്ട് നദീതീരത്ത് ഞങ്ങൾ ലാൻറ് ചെയ്തു. അവിടെ നിന്ന് പത്ത് മിനിറ്റ് നടന്ന് ടാബയിൽ എത്തി. ഉച്ചഭക്ഷണം കഴിച്ച് അവിടെ കുറച്ച് സമയം വിശ്രമിച്ചു. ഇനിയുള്ള യാത്രയിൽ ഇന്ത്യൻ രൂപ സാധ്യമല്ലാത്തതിനാൽ യുവാൻ ആക്കി മാറ്റുവാൻ 48000/- രൂപ ഞങ്ങൾ പ്രസാദ് എന്ന ചേട്ടനെ ഏൽപ്പിച്ചു അദ്ദേഹമാണ് എല്ലാവരിൽ നിന്നും പണം കളക്ട് ചെയ്യുന്നത്. എല്ലാ പണവും അദ്ദേഹം ഷെർപ്പയെ ഏൽപ്പിച്ചു. ശേഷം എല്ലാവരും നടത്തം ആരംഭിച്ചു. നേപ്പാളിനും തിബറ്റിനും ഇടയിൽ കുതിച്ചൊഴുകുന്ന കർണാലി നദിക്കു മുകളിൽ ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള Friendship Bridge കടന്ന് ഒരു ടെൻ്റിൽ എത്തി. അതാണ് നേപ്പാൾ ഇമിഗ്രേഷൻ ഓഫീസ്. അവിടെ ഞങ്ങളുടെ വിവരങ്ങൾ നൽകി പാസ്പോർട്ടിൽ സീലും വെച്ച് തിബറ്റിൽ കാലുകുത്തി. അടുത്ത കടമ്പ ചൈനീസ് എമിഗ്രേഷനാണ്. അവിടേക്ക് പോകുന്നതിനു മുൻപ് ഞങ്ങളുടെ ട്രാവൽ ഏജൻ്റ് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ തന്നു. ആരുടെയെങ്കിലും മൊബൈലിൽ ദലൈലാമയുടെ ചിത്രം ഉണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യുക, ലാമയുടെ ചിത്രം പിടിക്കപ്പെട്ടാൽ ഈ യാത്ര ഇവിടെ അവസാനിക്കും, ചിലപ്പോൾ ചൈനീസ് പട്ടാളത്തിൻ്റെ കസ്റ്റഡിയിലുമാകും. ദലൈലാമയെ ഇന്ത്യ സംരക്ഷിക്കുന്നതിന് ദേഷ്യമാണവർക്ക്. എന്തായാലും എൻ്റെ ഫോണിൽ ലാമയില്ല, പിന്നെ ശരത്തേട്ടൻ മുൻപൊരിക്കൽ അദ്ദേഹത്തിൻ്റെ കൂടെ ഫോട്ടോ എടുത്തിട്ടുണ്ടെങ്കിലും ആ ചിത്രങ്ങൾ ഇപ്പോൾ കയ്യിലുള്ള ഫോണിലില്ല, അമ്മയുടെ കയ്യിൽ പുതിയ ഫോണും ഞങ്ങൾ ധൈര്യമായി എമിഗ്രേഷൻ ഓഫീസിലേക്കുള്ള യാത്ര ആരംഭിച്ചു. അര കിലോമീറ്ററെ ഉള്ളു എമിഗ്രേഷൻ ഓഫീസിലേക്ക്, ബസ് അതിനു മുൻപിലായി പാർക്ക് ചെയ്തു. ഷെർപ്പമാർ ഞങ്ങളുടെ ബാഗുകൾ എമിഗ്രേഷൻ ഓഫീസിനു മുൻപിൽ നിരത്തിവെച്ചു, ഞങ്ങൾ വരിയായി ബാഗിനു പിന്നിൽ നിന്നു. ഏതോ കുറ്റവാളികളെ കൊണ്ടുവന്ന് നിർത്തിയത് പോലെയാണ് ചൈനീസ് പട്ടാളത്തിൻ്റെ ഭാവം. ബാഗുകൾ മുഴുവൻ അണുനാശിനിയിടച്ചു. ശേഷം പരിശോധന ആരംഭിച്ചു, ബാഗ് മുഴുവൻ കയ്യിട്ട് ഇളക്കിമറിച്ചശേഷം മൊബൈൽ പരിശോധന തുടങ്ങി. ആദ്യം ശരത്തേട്ടൻ്റ ഫോൺ, എല്ലാ ചിത്രങ്ങളും ഒന്നൊന്നായി പരിശോധിച്ചു. ഞാൻ ഗാലറി ക്ലിയർ ചെയ്തതു കൊണ്ട് എൻ്റെ ഫോണിൽ അധികം പരിശോധന വേണ്ടി വന്നില്ല. അമ്മയുടെ ഫോൺ കൊടുത്തപ്പോൾ ആണ് രസം ഒരുപാട് ചിത്രങ്ങൾ ഗാലറിയിൽ. പുതിയ ഫോണാക്കിയപ്പോൾ വാട്സ് ആപ്പ് ബാക്കപ്പായി. ഓരോ ചിത്രങ്ങളും ഓഫീസർ സസൂക്ഷമം പരിശോധിച്ചു. ഞങ്ങളുടെ ഉള്ളിൽ തെല്ല് ഭയവും കടന്ന് കൂടി. ശരത്തേട്ടൻ എല്ലാ യാത്ര ചിത്രങ്ങളും അമ്മയ്ക്ക് അയക്കാറുണ്ട്. പെട്ടന്ന് കാർഗിൽ മ്യൂസിയത്തിലെ ചിത്രങ്ങൾ കണ്ട് അത് എന്താണെന്ന് അയാൾ അന്വേക്ഷിച്ചു. മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന യുദ്ധ കോപ്പുകളാണെന്ന് ധരിപ്പിച്ചു. തൊട്ടുപിന്നാലെ ഞങ്ങളുടെ ഉള്ളം കിടുക്കിക്കൊണ്ട് ദലൈലാമയുടെ പന്ത്രണ്ട് ചിത്രങ്ങൾ വിത്ത് സെൽഫി! ഒരു നിമിഷം കൊണ്ട് ഞങ്ങൾ ഇല്ലാതായി...ഭഗവാനെ വിളിച്ചു, അമ്മ ആകെ ഭയന്നു. പക്ഷെ പ്രതീക്ഷകളപ്പാടെ തെറ്റിച്ചു കൊണ്ട് ആ പന്ത്രണ്ട് ചിത്രങ്ങളും അയാൾ സ്ക്രോൾ ചെയ്ത് പോയി! എന്ത് മറിമായമാണ് ഇവിടെ ഉണ്ടായതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല, ഈ ഒരു ചിത്രത്തിനു വേണ്ടി മൊബൈൽ മുഴുവൻ പരിശോധിക്കുന്നവർ അത് മാത്രം കണ്ടില്ലാ! കൈലാസയാത്രയിലെ ഭഗവാൻ്റെ അദ്രിശ്യ സാമീപ്യം ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ഭഗവാന് നന്ദി പറഞ്ഞു. സതി ടീച്ചറെ കടത്തി വിടുവാൻ ആദ്യമൊന്നു വിസമ്മതിച്ചെങ്കിലും മാനസരോവർ വരെ വിടാൻ ഒടുവിൽ അനുവാദം നൽകി. മറ്റൊരു വാഹനവും അവർക്കായി ഏർപ്പാടാക്കി. ശേഷം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബസ്സിൽ കയറി അടുത്ത കടമ്പയിലേക്ക് യാത്ര തിരിച്ചു. ബസ്സിൽ വെച്ച് എല്ലാവർക്കും ഇന്ത്യൻ രുപയ്ക്ക് തുല്യമായ യുവാൻ നൽകി. 48000/- രൂപയ്ക്ക് പകരം 4000/- യുവാൻ ഞങ്ങൾക്ക് കിട്ടി. അടുത്തതായി ചൈനീസ് എംബസിയിലെ വിവിധ പരിശോധന, ഒടുവിൽ തക്കലക്കോട്ടിലെ ഹോട്ടൽ ഹിമാലയ പുലാനിൽ എത്തിയപ്പോഴാണ് ആശ്വാസമായത്. ചുറ്റും തല ഉയർത്തി നിൽക്കുന്ന ഹിമപ്രപഞ്ചം. 8 - 10 ഡിഗ്രി ആണ് പകൽ സമയത്തെ ഊഷ്മാവ്. പതിവ് മീറ്റിംഗ് കൾക്ക് ശേഷം, അത്താഴം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സ് മുഴുവൻ കൈലാസവും, മാനസസരസ്സുമായിരുന്നു വളരെ സന്തോഷത്തോടെയാണ് ഇന്ന് ഉറക്കമുണർന്നത്. കാരണം ഇന്നായിരിക്കും ആ അത്ഭുത ദർശനം സാദ്യമാകുക. ഇന്നത്തെ സദ്സംഗ് വളരെ പ്രാധാന്യമുള്ളതായിരുന്നു, കൈലാസ ദർശനത്തിനു മുമ്പ് ആത്മശുദ്ധി വരുത്തുവാനായി മനസ്സിലെ എല്ലാ പകയും, വൈരാഗ്യങ്ങളും, മറ്റ് ഭാരങ്ങളും ഗ്രൂപ്പിലെ മുതിർന്ന നാല് ഗുരുക്കന്മാർക്ക് മുൻപിൽ ഏറ്റ് പറഞ്ഞ് ചിത്തശുദ്ധി കൈവരുത്തി. മാലിന്യമില്ലാത്ത മനസ്സിലെ ഈശ്വരൻ വസിക്കു എന്ന വാക്യം ഓർമ്മയിൽ ഓടിയെത്തി. പലരും വിങ്ങിപ്പൊട്ടിയ വികാര രംഗമായിരുന്നു അത്. പുറത്ത് ചൈനീസ് സർക്കാരിൻ്റെ പരിസ്ഥിതി സൗഹൃദ ബസ്സ് വന്നു നിന്നു. യാത്ര തുടരുമ്പോൾ എല്ലാവരും നമ:ശിവായ ജപിച്ചു കൊണ്ടിരുന്നു വളരെ നല്ല റോഡാണ് തിബറ്റിൽ, ചുറ്റും പച്ചപ്പ് തീരെയില്ലാത്ത താഴ്വാരം. 70 - 75 കി.മി പിന്നിട്ടപ്പോൾ ദൂരെ കരിനീല തടാകം ദൃശ്യമായി. വാഹനം തടാകക്കരയിൽ നിർത്തി എല്ലാവരും ചാടിയിറങ്ങി. അതി കഠിനമായ തണുപ്പായിരുന്നു പുറത്ത്. ഇതാണ് രക്ഷസ്താൾ തടാകം, പുരാണ പ്രകാരം രാവണൻ നീരാടിയ ഈ തടാകത്തിൽ ജലജീവികൾ ഇല്ല എന്നത് അതിശയം ഉളവാക്കുന്നു! കാഴ്ചയിൽ തന്നെ രാക്ഷസ്താൾ ഒരു മടുപ്പുളവാക്കുന്നതായിരുന്നു. ഒരു പുൽനാമ്പു പോലും ഞങ്ങൾക്കവിടെ കാണാനായതുമില്ല. വേഗം ബസ്സിൽ കയറി യാത്ര തുടർന്നു ഏകദേശം 4 കി.മി പിന്നിട്ടപ്പോൾ സാക്ഷാൽ മാനസരോവർ ദൃശ്യമായി! സന്തോഷം കൊണ്ട് എല്ലാവരും തുള്ളിച്ചാടി. വാഹനം നേരെ തടാകത്തിൻ്റെ തീരത്തുള്ള ചെറിയ മഡ് ഹൗസിനു മുൻപിൽ യാത്ര അവസാനിപ്പിച്ചു. എല്ലാവരും ചാടിയിറങ്ങി തടാകക്കരയിലേക്ക് ഓടി. ലോകത്തിൽ ഏറ്റവും ഉയരം കൂടിയ സ്ഥലത്തെ ശുദ്ധജലതടാകം! പുരാണ പ്രകാരം പൗർണമി രാത്രിയിൽ ശ്രീ പാർവ്വതി ദേവി നീരാടുന്ന പുണ്യ ജലം, എല്ലാവരും തടാകത്തെ തൊട്ട് വന്ദിച്ചു. അനുവാദം ലഭിച്ചാൽ മാത്രമെ ഇറങ്ങി കുളിക്കുവാനാകു. മനസ്സില്ലാ മനസ്സോടെ തടാകക്കരയിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുവാനായി നടക്കുമ്പോൾ ദൂരെ മേഘങ്ങൾക്കിടയിൽ ഒരു ദൃശ്യം വ്യക്തമായി വരുന്നു. പിരമിഡിൻ്റെ ആകൃതിയിൽ ചുറ്റും വരകളോട് കൂടി അംബരചുംബിയായ പർവ്വതം, അതിൽ പുഷ്പാഭിഷേകം ചെയ്തത് പോലെ മഞ്ഞ്.... അതെ സംശയമില്ല ഇതാണ് സാക്ഷാൽ കൈലാസം!, ചിത്രത്തിൽ മാത്രം കണ്ടിട്ടുള്ള ആ മഹാമേരു ! സന്തോഷം കൊണ്ട് ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞു അതാ കൈലാസം! എല്ലാവരും ആ ഭാഗത്തേക്ക് കണ്ണോടിച്ചു. കൈലാസത്തെ മൂടി നിന്ന മേഘങ്ങൾ ഞങ്ങൾക്കായി പതുക്കെ മാറി ആ ദൃശ്യം കൂടുതൽ മികവുറ്റതായി, പലരുടെയും കണ്ണിൽ ആനന്ദാശ്രു പൊഴിഞ്ഞു, പലരും സാഷ്ടാംഗം പ്രണമിച്ചു. ഒരർത്തത്തിൽ കൈലാസ ദർശനം നിറവേറി. അല്പം കഴിഞ്ഞതും മാനസരോവറിൽ കുളിക്കുവാൻ അനുവാദം ലഭിച്ചു. കൈലാസത്തെ പ്രണമിച്ച് ആ ഐസ് വെള്ളത്തിൽ മുങ്ങുമ്പോൾ ശരീരത്തിനും, മനസ്സിനും പുത്തൻ ഉണർവ് കൈവന്നു. ശ്രീ പ്രകാശ് സാറിൻ്റെ ആഗ്രഹപ്രകാരം സതി ടീച്ചറെ ഷേർപ്പമാരുടെ സഹായത്തോടെ ആ പുണ്യ ജലത്തിൽ കുളിപ്പിച്ചു, ജീവിതാഭിലാഷം സഫലമാക്കിയ ഇരുവരും കൈലാസ ദർശന സാഫല്യത്തിൽ, മാനസരോവർ പ്രദക്ഷിണവും ചെയ്ത് യാത്ര ഇവിടെ അവസാനിപ്പിച്ച് മടങ്ങി. സരോവർ പ്രദക്ഷിണം 60 കി.മി ആണ് .പല ഭാഗത്തും ജലം സ്പടികം പോലെ തിളങ്ങി. വാഹനത്തിൽ നിന്നും ഇറങ്ങി കയ്യിൽ കരുതിയ ബോട്ടിലിൽ ആ പുണ്യ ജലം നിറച്ചു, നാട്ടിൽ പലരും സരോവര തീർത്ഥം ആവശ്യപ്പെട്ടിരുന്നു. തിരിച്ച് സത്രത്തിൽ എത്തി അത്താഴ ശേഷം ദേവഭൂമിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഇതുവരെ തടസ്സം കൂടാതെ എത്തിച്ച ഭഗവാന് നന്ദി പറഞ്ഞു.
ഉറക്കമെഴുന്നേറ്റ് പുറത്തേക്ക് നോക്കിയപ്പോൾ ആകെ മൂടി കെട്ടിയ അന്തരീക്ഷം, അല്പം കഴിഞ്ഞപ്പോഴേക്കും മഞ്ഞ് പെയ്ത് തുടങ്ങി. ഷേർപ്പമാർ പുറത്ത് വലിയ പാത്രത്തിൽ നിറച്ച് വെച്ച ചൂടുവെള്ളമെടുത്ത് പല്ലു തേപ്പും മറ്റും നിർവ്വഹിച്ചു. ബാത്ത് റൂം ഇല്ലാത്തതിനാൽ ആദിമ മനുഷ്യരുടെ അവസ്ഥയാണ്. എല്ലാവരും റെഡിയായി എത്തി. ലോകനന്മയ്ക്കായ് സരോവര തീരത്ത് ഞങ്ങളുടെ കൂട്ടത്തിലെ ബ്രാഹ്മണനായ സ്വാമിയുടെ നേതൃത്വത്തിൽ ഹോമാദി, പൂജകൾ നടത്തി. അല്പം കഴിഞ്ഞപ്പോഴേക്കും സൂര്യഭഗവാൻ പ്രസാദിച്ചു. അന്തരീക്ഷം തെളിഞ്ഞു. എല്ലാവർക്കും സമാധാനമായി, യാത്ര തുടർന്നു. വഴിമദ്യേ പലയിടത്തും കൈലാസം ദർശിച്ചു കൊണ്ടേയിരുന്നു. എത്രയോ പേർ മാനസരോവർ വരെ എത്തിയിട്ടു പോലും കൈലാസ ദർശനം ലഭിക്കാതെ മടങ്ങിയിരിക്കുന്നു അതോർക്കുമ്പോൾ പ്രകൃതി ദേവി ഞങ്ങളിൽ കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നു എന്ന് പറയാം. വാഹനം ദർച്ചൻ എന്ന സ്ഥലത്ത് നിർത്തി. എല്ലാവരും നടത്തത്തിനുള്ള ഊന്ന് വടിയും മറ്റും വാങ്ങി യാത്ര തുടങ്ങി. വൈകാതെ തന്നെ ഞങ്ങൾ യമധ്വാർ എത്തി. കൈലാസ പർവ്വതത്തിൻ്റെ ദക്ഷിണാ മൂർത്തി രുപ മാണിവിടെ പർവ്വതത്തിൽ കാണുന്ന വരകൾ ലങ്കാധിപതി രാവണൻ കയർകൊണ്ട് കെട്ടിവലിച്ചതാണെന്നും, മദ്ധ്യത്തിലെ പടികൾ പോലുള്ള വരകൾ സ്വർഗ്ഗത്തിലേക്കുള്ള പടികളാണെന്നും വിശ്വാസം. യമധ്വാർ മരണത്തിനുമപ്പുറത്തേക്കുള്ള ലോകത്തേക്കുള്ള പ്രവേശന കവാടമാണെന്ന് പുരാണം പറയുന്നു. മുഖംമെല്ലാം UV ക്രീം തേച്ച് ഭദ്രമാക്കി മങ്കിക്യാപ് കൊണ്ട് മറച്ചു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിൽ നിന്ന് രക്ഷനേടാൻ കൂളിംഗ് ഗ്ലാസ് ധരിക്കണം, തെർമൽ വെയർ, ബനിയൻ, രണ്ട് ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ച് ശരീരം ഭദ്രമാക്കി യമധ്വാറിനുള്ളിൽ കൂടെ പുറത്ത് കടന്ന് ദക്ഷിണാ മൂർത്തിയെ വന്ദിച്ച് നടത്തം ആരംഭിച്ചു. പകുതി പേർ കൈലാസദർശന സാഫല്യത്തോടെ തിരിച്ച് ഹോട്ടലിലേക്ക് മടങ്ങിയിരുന്നു. ഞങ്ങൾ നമ:ശിവായ ജപിച്ച് നടന്നു. ചുറ്റും പുരാതന കാലഘട്ടത്തിലെ കൊട്ടാരകെട്ടുകൾ പോലെ കുടികൊള്ളുന്ന പർവ്വതങ്ങൾ. നടത്തത്തിനു വേഗത വളരെ കുറവാണ്. ഓക്സിജൻ കുറവായതിനാൽ പെട്ടന്ന് കിതക്കുന്നു. പലരും വളരെ പിന്നിലും, മുന്നിലുമായി നടത്തം തുടർന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരത്തിലൂടെ യാത്ര ചെയ്യുമ്പോൾ മനസ്സ് ശാന്തമായിരുന്നു, യാതൊരു ചിന്തകളുമില്ലാത്ത മനസ്സ്, പറഞ്ഞറിയിക്കുവാൻ പറ്റാത്ത അവസ്ഥ. ഹിന്ദുവിൻ്റെപ്പോലെ തന്നെ ബുദ്ധ, ജൈന മതസ്തരുടെ ആരാധാനാകേന്ദ്രം കൂടിയാണ് കൈലാസം. നടക്കുവാൻ ഞങ്ങൾ കഷ്ടപ്പെടുമ്പോൾ നമസ്കരിച്ചു കൊണ്ട് കൈലാസ പ്രദക്ഷിണം ചെയ്യുന്ന തിബറ്റുകാരുടെ വിശ്വാസത്തിനു മുമ്പിൽ ഞങ്ങൾ ശിരസ്സ് നമിച്ചു. ഇടയ്ക്ക് വെച്ച് അമ്മയ്ക്ക് കിതപ്പ് കൂടിയപ്പോൾ ബാഗിൽ കരുതിയ ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ചു. അമ്മയുടെ മനോധൈര്യം ഞങ്ങൾ സമ്മതിച്ചു. ഒരു വിഷമവും കൂടാതെ, ഉണ്ടെങ്കിൽ തന്നെ ഒന്നുമില്ല എന്ന് പറഞ്ഞ് നമുക്ക് ആന്മവിശ്വാസം തരുന്ന പ്രകൃതം. ഉച്ച ഭക്ഷണം കഴിക്കുവാനായി കാലത്ത് എൽപ്പിച്ച പൊതി തുറന്ന് ഞങ്ങൾ നിലത്തിരുന്നു. ചെറിയ പാക്കറ്റ് ബിസ്കറ്റ്, ഫ്രൂട്ടി, സമൂസ, ആപ്പിൾ ഇതായിരുന്നു ഭക്ഷണം. എല്ലാമൊന്നും കഴിക്കുവാൻ സാധിച്ചില്ല. നടത്തം തുടർന്നു ഞാനും അമ്മയും അവശരായി തുടങ്ങി, ചേട്ടൻ ഉഷാറാണ്. ഇടയ്ക്ക് മൂക്കിൽ നിന്നും ചോരവരാനും തുടങ്ങി, എന്നാലും നടത്തം തുടർന്നു. ചെറിയ തലവേദനയും, ഛർദ്ദിയും ക്ഷീണത്തിന് ആക്കം കൂട്ടി. എട്ട് മണിക്കൂർ നീണ്ട നടത്തത്തിനൊടുവിൽ കൈലാസത്തിൻ്റെ സാക്ഷാൽ വടക്കുംനാഥ ഭാവം ദർശിച്ചു. വടക്കുംനാഥനെ തൊഴുത് നമസ്കരിച്ചു. ദിറാഫുക്ക് എന്ന ഈ ക്യാമ്പിലാണ് ഇന്നത്തെ രാത്രി. ചെന്നപാടെ ഗുളിക കഴിച്ച് കട്ടിലിൽ കമഴ്ന്നടിച്ച് വീണു. അമ്മ അടുത്തിരുന്ന് തല ഉഴിഞ്ഞു കൊണ്ടിരുന്നപ്പോൾ എൻ്റെ അമ്മ ഒപ്പം ഉള്ളതായി അനുഭവപ്പെട്ടു, ഇത്രയും ദിവസം ഈ അമ്മ ശരത്തേട്ടൻ്റ അമ്മയായിട്ടല്ല എന്നെ നോക്കിയിട്ടുള്ളത്. ഞങ്ങൾ രണ്ട് പേരും അമ്മയ്ക്ക് ഒരുപോലെ ആയിരുന്നു. ഒന്ന് കിടന്നതും തലവേദനയ്ക്ക് ആശ്വാസമായി, അപ്പോൾ ചേട്ടൻ വന്നിട്ട് പറഞ്ഞു... നമ്മൾ ഇവിടെ കിടക്കുവാൻ വന്നതല്ല, ഇനി ഒര�
Previous Post Next Post