മൺസൂൺ കാലത്ത് വനത്തിലൂടെ ഉള്ള മഴ യാത്രകൾ
WRITTEN BY :@Akhil Sasidharan
അവിസ്മരണീയമായ ഒരു അനുഭവം ആണ്.
മഴക്കാലത്തു മാത്രം കാട്ടിൽ രൂപം കൊള്ളുന്ന ചെറു ഉറവകളും അത്തരം ജലസ്രോതസുകൾ ചേർന്ന് ആർത്തലക്കുന്ന അൽപ്പം ഭീകരതയുള്ള കാട്ടരുവികളുടെ സൗന്ദര്യവും, പച്ചപുതച്ച മലനിരകളെ പുതപ്പണിയിക്കുന്ന വന്നും പോയുമിരിക്കുന്ന കോടയും എല്ലാം ആയി വനത്തിലെ മഴക്കാലം നമ്മുടെ മനസിനെ കുളിരണിയിക്കും.
ലോക്ക്ഡൗൺ കാലത്തെ ചുറ്റിലുമുള്ള വിരസതകളും , സോഷ്യൽ മീഡിയയിലൂടെ മാത്രം കണ്ട പ്രിയപ്പെട്ട പ്രദേശങ്ങളുടെ നൊസ്റ്റാൾജിയ സൃഷ്ട്ടിച്ച കാഴ്ചകളും കണ്ട് ചത്ത മനസിനെ ഒന്ന് പുനരുജ്ജീവിപ്പിക്കാൻ ഒരു യാത്ര അനിവാര്യമായിരുന്നു.
ആവശ്യത്തിന് ഭക്ഷണവും, കുടിവെള്ളവും ആയി വീട്ടിൽ നിന്നും അതിരാവിലെ തന്നെ ഇറങ്ങി. ഇനിയുള്ള യാത്രകൾ ഒറ്റയ്ക്ക് മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു, അതും കാട്ടിലേക്കും മേട്ടിലേക്കും മാത്രവും. ഒരു മനുഷ്യജീവിയും ആയി നേരിട്ട് ബന്ധപ്പെടാതെ സർക്കാരിന്റെ എല്ലാ ലോക്ക്ഡൗൺ നിയമങ്ങളും പാലിച്ചുള്ള ഒരു സുരക്ഷിത യാത്ര.
എങ്ങോട്ടേക്കെന്ന് ഒരു സംശയവും ഇല്ലായിരുന്നു, ഇലക്രോണിക് ഉപകരണങ്ങളുടെ വെളിച്ചവും, കോൺക്രീറ്റ് മേൽക്കൂരയും ഭിത്തികളും കണ്ട് മരവിച്ച കണ്ണുകളെയും മനസിനെയും ഒന്നുണർത്താൻ കാടിന്റെ പച്ചപ്പിനും, ശബ്ദങ്ങൾക്കും മാത്രമേ കഴിയുകയുള്ളു.
കേരളത്തിലെ ഏറ്റവും മികച്ച മഴക്കാടായ അതിരപ്പള്ളിയും , വാഴച്ചാലും , മലക്കപ്പാറയും,മാങ്കുളവും ,തട്ടേക്കാടും എല്ലാം ഉൾപ്പെടുന്ന ഇടമലയാർ റിസേർവ് ഫോറെസ്റ്റിലേക്കു അങ്ങനെ വളയം തിരിച്ചു.
പ്രകൃതിയോട് മത്സരിച്ചു വളർന്ന കർഷകന്റെ സ്വന്തം കോതമംഗലം അധികം മനുഷ്യചലനം ഇല്ലാതെ ചെറു മഴയത്തു വിറങ്ങലിച്ചു നിൽക്കുമ്പോൾ എന്റെ ശകടം പതിയെ കടന്നു പോയി. വഴിയിലെ ചെറു കവലകളിൽ മാസ്ക് ഒക്കെ എന്ത് എന്ന രീതിയിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന ധാരാളം ചേട്ടന്മാരെ കണ്ടു.
ഭൂതങ്ങളുടെ വാസസ്ഥലമായ ആ കെട്ടിലേക്കു ചെറുമഴയുടെ അകമ്പടിയോടു എത്തിയപ്പോൾ 'ശൂന്യം സർവത്ര ശൂന്യം.' കാമുകി കാമുകന്മാരും, സഞ്ചാരികളും,വിദേശികളുമൊക്കെ എപ്പോളും വന്നുപോയ്കൊണ്ടിരുന്ന നമ്മുടെ ഭൂതത്താൻകെട്ടിൽ ഇപ്പോൾ ആകെ ഉള്ളത് കുറച്ചു മീൻപിടുത്തക്കാർ മാത്രം. വലയും, ചൂണ്ടയും ഒക്കെ തുരു തുരാ പെരിയാറിന്റെ ആഴങ്ങളിലെ മീൻ സഹോദരങ്ങളെ തേടി വീഴുന്നു. 3 കിലോ തൂക്കമുള്ള വാളയെ ചൂണ്ടയിട്ട് പിടിച്ച മോഡേൺ മീൻപിടുത്തക്കാരൻ കൈലിയുടുത്ത നാടൻ മുക്കുവന്മാരെ നോക്കി അഭിമാനത്തോടെ ഇന്നത്തെ പണികഴിഞ്ഞു എന്ന മട്ടിൽ കെട്ടുമാറാപ്പുകൾ ചുരുട്ടുന്നു.
കാറിന്റെ ഡാഷിൽ പിടിപ്പിച്ച GoPro പടം പിടിക്കുന്നുണ്ട് എന്ന് ഉറപ്പിച്ചിട്ട് ഞാൻ ഇടമലയാർ വനത്തിലേക്ക് ഊളിയിട്ടു. വടാട്ടുപാറക്കുള്ള നേരായ വഴി വേണ്ടാന്ന് വെച്ച് തലതിരിഞ്ഞ വഴിയായ ചക്കിപ്പറ ഗ്രാമത്തിലെ കോൺക്രീറ്റ് വഴിയിലൂടെ വടാട്ടുപാറ എത്തി. കാടിന്റെ റിയൽ ഫീൽ കിട്ടണേൽ ഈ വഴി തന്നെ പോകണം.
ഇവിടുന്നു എത്രയോ തവണ കഴിച്ച ഏഷ്യാഡിന്റെ മരണ രുചിയോർത്തു ചുണ്ടു നനച്ചു എങ്ങും നിർത്താതെ നേരെ വടാട്ടുപാറ ഗേറ്റിലേക്ക്. ഗേറ്റിലെ KSEB Security ചേട്ടനോട് കാറിലിരുന്ന് കുശലം പറഞ്ഞു വണ്ടി തിരിച്ചു. കറുത്തിരുണ്ട ഇടമലയാർ ഡാമിൽ മഴപെയ്യുന്ന വ്യൂ കണ്ടു ഗോപാലൻ ചേട്ടന്റെ ( പേര് ഇതുതന്നെയാണോന്നു ഉറപ്പില്ല കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള വികൃതികളിൽ പെട്ടതാ..) ചെറു ചായക്കടയിലിരുന്നു കുടിച്ച കട്ടനും, കഴിച്ച മുട്ട പുഴുങ്ങിയതുമെല്ലാം വെറും ഓർമ്മകൾ മാത്രം. ഡാമിലേക്കുള്ള വഴി ബ്ലോക്ക് ചെയ്ത KSEB ക്കു നമസ്കാരം.
ഇടമലയാറിന്റെ പേരിലെ ആറിന്റെ ഏറ്റവും മികച്ച വ്യൂ കിട്ടുന്ന പോയിന്റിൽ എത്തിയപ്പോൾ മഴ ഒട്ടും ദാക്ഷിണ്യം കാണിച്ചില്ല അങ്ങ് തകർത്തു പെയ്തു. കാട്ടിൽ മറ്റൊരു മനുഷ്യജീവി പോലും ഇല്ലാതെ കുടയും ചൂടി അങ്ങനെ മഴകണ്ടോണ്ടിരുന്നു. പച്ചിലകളിൽ വെള്ളം വീഴുന്ന കാഴ്ചയും, മഴത്തുള്ളികൾ പുഴയിൽ തീർക്കുന്ന പ്രത്യേക ഡിസൈനും , കാട്ടുചോലകളുടെ കുത്തിയൊഴുക്കും....
ആഹാ മതി ഇത് ധാരാളം ഇനിയും മാസങ്ങളോളം ജീവിക്കാൻ ഉള്ളത്ര കാട് നൽകി.
വാഴ നനയുമ്പോൾ ചീരയും നനഞ്ഞോട്ടെ എന്നോർത്താകാം തിരിച്ചു പോരുന്ന വഴി കാടിന്റെ ഒരു പ്രത്യേക പ്രോത്സാഹന സമ്മാനം കിട്ടിയത്. മഴനനഞ്ഞു പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കുന്ന രണ്ടു മയിലുകൾ. ഒരു മണിക്കൂർ കണ്ടിരിക്കാനുള്ള വക ഉണ്ടായിരുന്നു അവരുടെ അനുരാഗ കൂട്ടായ്മ. അല്ലെങ്കിൽ തന്നെ എന്താണ് ഇവിടെ കാണാതിരിക്കാൻ ആകുക സർവത്ര മനം കുളിർക്കുന്ന കാഴ്ചകൾ അല്ലേ പച്ചപ്പ് , മഴ, കോട , പ്രകൃതി എല്ലാംകൊണ്ടും സുഖം പരമ സുഖം.
കണ്ട കാഴ്ചകൾ ആ ഫീലോടു കൂടി പടം പിടിച്ചു യൂട്യൂബിൽ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്. (ചിത്രങ്ങളിലെ വാട്ടർമാർക്കായി കൊടുത്തിട്ടുള്ള പേര് യൂട്യൂബിൽ സെർച്ച് ചെയ്താൽ വീഡിയോ താൽപ്പര്യം ഉള്ളവർക്ക് കാണാം. And Link in comment box also ) യാത്രകൾ പോകാൻ സാധിക്കാതെ വീടുകളിൽ ഒതുങ്ങിയിരുന്നവർക്ക് ഈ മഴക്കാല വനയാത്ര വീഡിയോ ചിലപ്പോൾ അൽപ്പം ആശ്വാസവും എനർജിയും നൽകുമെന്നു കരുതുന്നു