തുംഗനാഥിലെ ചന്ദനഗന്ധം

തുംഗനാഥിലെ ചന്ദനഗന്ധം

WRITTEN BY :@ശശിധർ എ.വി

ഗുപ്തകാശിയിൽ നിന്ന് നിന്ന് ഗ്രൂപ്പിലുള്ള മറ്റുള്ളവരോട് യാത്ര പറഞ്ഞി റങ്ങുമ്പോൾ മൂന്നു മണി കഴിഞ്ഞിരുന്നു..ചതുർഥാമിലെ അവസാനഥാമമായ കേദാര്നാഥും കണ്ട് അവരും രുദ്രപ്രയാഗിലേക്കും, പിറ്റേന്ന് ഹരിദ്വാറിലേക്കും, അതിനടുത്ത ദിവസം ഡൽഹിയിലേക്കും തുടർന്ന് രാത്രി ഫ്‌ളൈറ്റിൽ കേരളത്തിലേക്കും മടങ്ങുകയാണ്..അവരെ എൻറെ ഒപ്പമുള്ള ഹോട്ടലിൻറെ ഓണർ ധീരജ് സെംഹ്‌വാൾ മണ്ഡൽച്ചട്ടിയിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയാണ് ..അയാൾ എന്നെ ചോപ്തയിൽ ഇറക്കി വിടും..പിന്നെ അവിടെ നിന്ന് തുംഗനാഥിലേക്ക് ട്രെക്കിങ്ങ്...


സോണു എന്ന് വിളിക്കുന്ന ധീരജ് അടുത്തിടെ മാത്രമാണ് വിവാഹിതനായത് ...അത് കൊണ്ട് ഇഷ്ടൻ ആഴ്ചയിൽ രണ്ടു തവണയെങ്കിലും വീട്ടിൽ പോകും..ഹോട്ടലിനു പിറകിൽ വീട് പണിയുന്നുണ്ട്..അത് മിക്കവാറും പൂർത്തിയായിരുന്നു .. വീട് പണി കഴിഞ്ഞാൽ ഇടക്കിടെയുള്ള ഈ ഓട്ടമൊഴിവാക്കി സീസണിൽ മുഴുവൻ ഹോട്ടലിനടുത്ത് തന്നെ താമസിക്കാം അയാൾക്ക് ..ഇപ്പോൾ ഇരുപത് മുറികളുണ്ട്...തൊട്ടടുത്ത് തന്നെയുള്ള 15 സെന്റ് സ്ഥലം കൂടി വാങ്ങിച്ചിട്ടുണ്ട് ..ഇവിടെയും ഇത് പോലൊരു എടുപ്പ് പണിയണം അയാൾക്ക് ..അമ്മായിയപ്പൻ സഹായിക്കാം എന്ന് ഏറ്റിട്ടുണ്ടത്രെ...റോഡിനു തൊട്ടു ചെരിഞ്ഞു കിടക്കുന്ന ഒരു സ്ഥലമുണ്ട് അവിടെ ഒരു ചെറിയ കഫറ്റി രിയയും അതിനു താഴേ ഒരു 10-12 മുറികളുള്ള ഡോര്മിറ്ററിയും പണിഞ്ഞു കൂടെ എന്ന് ചോദിച്ചു , ബോംഡിലാക്കടുത്ത് ഏതാണ്ട് സമാനമായ ഭൂമിയിൽ വാങ്‌കി ലോബാങ് പണി കഴിച്ച സണ് റൈസ് ഹോംസ്റ്റേയ്സിൻറെ ഫോട്ടോസ് കൂടി കാണിച്ചു കൊടുത്തപ്പോൾ ഉത്സാഹം കേറി അതിൽ ചാടിപ്പിടിച്ചു അയാൾ .. ഞങ്ങൾ ഇറക്കങ്ങളിറങ്ങി കുണ്ഡ് ചട്ടിയിലെത്തി..ഇവിടെ ചമോലിക്കും രുദ്രപ്രയാഗിലേക്കും വഴി തിരിയുന്നു..ഞങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് ഉഖിമഠിലേക്കുള്ള കയറ്റങ്ങൾ കയറാൻ തുടങ്ങി..ഉഖിമത് എത്തിയപ്പോഴേക്കും അന്തരീക്ഷം മേഘാവൃതമായി..മഴത്തുള്ളികൾ വീഴാൻ തുടങ്ങി..ഉഖിമഠിൽ സോണുവിനു അല്പം പരിപാടികളുണ്ട് ..ചെറിയൊരു ഷോപ്പിംഗ്..സോനുവിൻറെ വിവാഹം ഏപ്രിൽ മാസത്തിലായിരുന്നു..മൂന്നു നാല് വട്ടം വിളിച്ചെങ്കിലും പോകാൻ കഴിഞ്ഞില്ല ..വൈകിപ്പോയ സമ്മാനമായി ഞാൻ കൊണ്ടുവന്നു കൊടുത്ത കേരള കസവുസാരിയും കോഴിക്കോടൻ ഹലുവയും ഭാര്യക്ക് കൊടുക്കണം ,ആ തത്രപ്പാടാണ് സോനുവിന് ..അരമണിക്കൂറിനകം ഞങ്ങളവിടെ നിന്ന് പുറപ്പെട്ടു ...നഗരം വിട്ടപ്പോൾ കോടമഞ്ഞിറങ്ങി ജീപ്പിനെ പൊതിഞ്ഞു .. ചോപ്തയിലേക്കുള്ള തുടർ യാത്ര രസകരവും ഒപ്പം ഭയാനകവുമായിരുന്നു. മേഘപാളികൾക്കിടയിലൂടെ ജീപ്പിൽ യാത്ര ചെയ്യുന്ന പ്രതീതി. ഒരു ഭാഗത്തു പച്ചപ്പ് പൊതിഞ്ഞ ചെങ്കുത്തായ മലനിരകൾ. മറു ഭാഗത്തു അഗാധ ഗർത്തങ്ങൾ. പലയിടത്തും അടിവാരം കാണാത്ത വിധത്തിൽ മൂടൽ മഞ്ഞും മേഘങ്ങളും. സോനു എല്ലാ ലൈറ്റുകളും പ്രകാശിപ്പിച്ചു തുടരെ ഹോണ് മുഴക്കി സാമാന്യം നല്ല വേഗത്തിൽ തന്നെയാണ് ജീപ്പ് ഓടിച്ചിരുന്നത്...ഏകദേശം അഞ്ചരയോടെ ചെന്നിറങ്ങുമ്പോൾ ചോപ്തയിൽ മഴ പെയ്യുന്നുണ്ടായിരുന്നു... കൊണ്ട് ഏറെ മാറിയിരിക്കുന്നു ചോപ്ത.. 24 കൊല്ലം മുൻപ് സപ്തംബറിലെ വൈകുന്നേരം ചെന്നിറങ്ങുമ്പോൾ പെയ്തിരുന്ന പോലുള്ള അതേ മഴ...ചമോലിയിൽ നിന്ന് ഉഖിമഠിലേക്ക് പോയിരുന്ന മിലിട്ടറി ട്രക്കിൽ വന്നിറങ്ങിയപ്പോൾ അനുഭവപ്പെട്ട ശാലീനത നഷ്ടപ്പെട്ടുവോ മഴയിൽ കുതിർന്ന ചോപ്തക്ക് ? രാജേന്ദർ സിംഗിൻറെ പുല്ലുമേഞ്ഞ ചായക്കട നിന്നിടത്ത് ഒരു കോൺക്രീറ്റ് എടുപ്പ് വന്നിരിക്കുന്നു..അത് പോലുള്ള അഞ്ചാറു കെട്ടിടങ്ങൾ എഴുന്നുയർന്നു നിൽക്കുന്നത് മഴയുടെ സ്ഫടിക വാതായനങ്ങളിലൂടെ അവ്യക്തമായി കാണാം...സോണു ഗഡ്‌വാൾ വികാസ് നിഗമിൻറെ വിശ്രമമന്ദിരത്തിലേക്ക് ജീപ്പ് തിരിച്ചു... ഗഡ്‌വാൾ വികാസ് നിഗമിൻറെ കെട്ടിടത്തിനും മാറ്റം വന്നിരിക്കുന്നു..സപ്തംബറിലെ വൈകുന്നേരം ചെന്നിറങ്ങുമ്പോൾ ചോപ്തയിൽ മഴ പെയ്യുന്നുണ്ടായിരുന്നു... കൊണ്ട് ഏറെ മാറിയിരിക്കുന്നു ചോപ്ത..22 കൊല്ലം മുൻപ് ചമോലിയിൽ നിന്ന് ഉഖിമഠിലേക്ക് പോയിരുന്ന മിലിട്ടറി ട്രക്കിൽ വന്നിറങ്ങിയപ്പോൾ അനുഭവപ്പെട്ട ശാലീനത നഷ്ടപ്പെട്ടുവോ ചോപ്തക്ക് ? ലക്ഷ്മൺ സിംഗിൻറെ പുല്ലുമേഞ്ഞ ചായക്കട നിന്നിടത്ത് ഒരു കോൺക്രീറ്റ് എടുപ്പ് വന്നിരിക്കുന്നു..അത് പോലുള്ള അഞ്ചാറു കെട്ടിടങ്ങൾ വേറെയും.. ഗഡ്‌വാൾ വികാസ് നിഗമിൻറെ കെട്ടിടത്തിനും മാറ്റം വന്നിരിക്കുന്നു.. സോളാർ വിളക്കുകൾ പ്രകാശിക്കുന്നു.. നിലത്തെല്ലാം ടൈൽസ് വിരിച്ചിരിക്കുന്നു .മുറിയിൽ സൗരോർജത്തിൽ പ്രകാശിക്കുന്ന വിളക്കുകളുണ്ട്..കിടക്കയിൽ രാജായിയും ബ്ളാങ്കറ്റും..അറ്റാച്ഡ് ബാത്‌റൂമും ടൈൽസും യൂറോപ്യൻ ക്ളോസ്റ്റുമൊക്കെയായി നവീകരിച്ചിരിക്കുന്നു.. എന്നെ മുറിയിലാക്കി സോണു പോയി..ഇനി അയാൾ നാളെ വൈകീട്ട് വരും..വിവാഹത്തിന് എത്താൻകഴിയാത്തതിന് പകരം അയാളുടെ വീട്ടിൽ ഒരു ദിവസം താമസിക്കാം എന്ന് വാക്കു കൊടുത്തതാണ്... ഗുപ്തകാശിയിൽ നിന്ന്കുണ്ഡ്,ഉഖീമഠ് വഴി തുംഗനാഥിലേക്ക് ഏകദേശം 50 കിലോമീറ്റർ ദൂരമുണ്ട്. കുണ്ഡ് ചട്ടിയിൽ നിന്നും ചോപ്ത, മണ്ഡൽ, ഗോപേശ്വർ വഴി ചമോലിയിലെത്താം. രുദ്രപ്രയാഗിൽ നിന്നും ബദരീനാഥിന് പോകുന്ന വഴിയുള്ള ഒരു പട്ടണമാണ് ചമോലി. ചമോലി ജില്ലയുടെ ആസ്ഥാനം. ഈ വഴി വളരെ ദുർഘടവും ഭയാനകവുമാണ്. കേദാർനാഥിൽ നിന്നും ബദരീനാഥിലേക്കുള്ള ഒരു കുറുക്കുവഴിയാണിത്..
മുറിയുടെ മുന്നിലുള്ള ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ ഒരു വശം മുഴുവൻ ഗഗനസീമയെ ഉല്ലംഘിച്ചു എഴുന്നുയർന്നു നോക്കുന്ന ഗിരിനിരകളും മറുവശം ലാസ്യവിശാലതയോടെ ചെരിഞ്ഞിറങ്ങുന്ന താഴ്വരകളുമാണ് ..ആ താഴ് വരകൾക്കിടയിലെവിടെയോ വളഞ്ഞൊഴുകുന്ന പ്രസിദ്ധമായ വൈതരണി നദി..
പക്ഷേ ചാറ്റൽ മഴയുടെയും കോടമഞ്ഞിൻറെയും നരച്ച കംബളം കാഴ്ചയുടെ വര്ണജാലകങ്ങൾ മായ്ക്കുന്നു.. മഴയും കോടയും കൂടി സന്ധ്യയുടെ സിന്ദൂരച്ചാർത്ത് മായ്ച്ചു കളഞ്ഞിരിക്കുന്നു...സോളാർ വൈദ്യുത ദീപങ്ങൾ തെളിഞ്ഞു..മഴ കുറയുന്നില്ല ..ക്രമേണ ഇരുളിൻറെ പിടിയിലമരുകയാണ് ...റൂമിൽ ഐഡിയയുടെ നെറ്റ്‌വർക്ക് കിട്ടുന്നില്ല..BSNL നു കുറേശ്ശേ കിട്ടുന്നുണ്ട് ..
പഞ്ച കേദാരങ്ങളില് തൃതീയ സ്ഥാനമാണ് തുംഗനാഥിന്. കേദാര്നാഥ്, രുദ്രനാഥ്, മധ്യമഹേശ്വര്, കല്പേശ്വര് എന്നിവയാണ് മറ്റു നാല് കേദാരങ്ങള്. ഹിമാലയത്തിലെ അഞ്ചു പര്വതങ്ങളിലായി പഞ്ചകേദാരങ്ങള് സ്ഥിതി ചെയ്യുന്നു. തുംഗനാഥിലേതാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം. തുംഗനാഥ് ക്ഷേത്രം നിര്മിച്ചത് പാണ്ഡവരും പുനര്നിര്മിച്ചത് ശ്രീശങ്കരാചാര്യരുമാണെന്നാണ് വിശ്വാസം. മൂന്നാം കേദാരമായ തുംഗനാഥിലേക്ക് പോകാൻ ചോപ്ത വരയെ വാഹനഗതാഗതം ഉള്ളൂ .തുംഗനാഥിലേക്ക് ഇവിടെ നിന്നും നാല് കിലോമീറ്ററോളം മല കയറണം. വേണ്ടവർക്ക് കുതിരയെ വാടകയ്ക്ക് കിട്ടും. മിനി സ്വിട്സർലാൻഡ് എന്നാണ് ചോപ്ത അറിയപ്പെടുന്നത്.. തുംഗനാഥിലേക്ക് പോകാനുള്ള ബേസ് ക്യാമ്പ് ചോപ്ടയാണ്. ചോപ്ട ഒരു തണുത്ത ഹിമാലയന്ഗ്രാമമാണ്. ചില്ലറ ചായക്കടകളും 3-4 ഗസ്റ്റ് ഹൗസുകളു മേയുള്ളു. ക്ഷേത്രകമാനത്തില് നിന്ന് കല്പ്പാത തുടങ്ങുന്നു. ക്ഷേത്രത്തിലേക്ക് കല്ല് വിരിച്ച പാതയിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്
നാലോ അഞ്ചോ കിലോമീറ്ററുള്ള യാത്ര ആയകരവും ഒപ്പംഒരനുഭൂതിയുമാണ്.......
ദേവദാരു മരങ്ങള്ക്കു നടുവിലൂടെ പുല്മേടുകളിലൂടെ, മലമടക്കുകളിലൂടെ വളഞ്ഞു പുളഞ്ഞുള്ള പാത. അപൂര്വ്വമായി വഴിയിൽ ഒന്നോ രണ്ടോ ചായമക്കാനികളുണ്ട്. .ചൗഖാംബ പര്വ്വതനിരകളുടെ അതിമനോഹരമായ കാഴ്ച്ചകള് ചുറ്റും. കോടമഞ്ഞാണ് എപ്പോഴും. ഏതു സമയത്തുവേണമെങ്കിലും മഴയോ മഞ്ഞു മഴയോ പേമാരിയോ കൊടുങ്കാറ്റോ ഉണ്ടായേക്കാൻ സാധ്യതയുള്ള മേഖലയാണ് ..എപ്പോഴും മലമുടികളുടെ കൊടുംശൈത്യത്തിൽ നിന്ന് ഉടജയാകുന്ന,മലമടക്കുകൾ താണ്ടി തുറസ്സ്സുകളിലൂടെ ആഞ്ഞു വീശുന്ന തണുത്തുറഞ്ഞ ഹിമക്കാറ്റിൻറെ നഖങ്ങൾ നമ്മൾ ധരിക്കുന്ന കട്ടിക്കമ്പിളി വസ്ത്രങ്ങൾക്കിടയിലൂടെ പോലും നമ്മെ അസ്വസ്ഥമാക്കുന്ന ഭൂമിക ..മല കയറാൻ തെളിഞ്ഞ കാലാവസ്ഥ ആണെങ്കിൽ തുംഗനാഥിൽ നിന്നും ഹിമാലയത്തിലെ വിദൂരങ്ങളായ പല കൊടുമുടികളും കാണുവാൻ കഴിയും. കേദാരഖണ്ഡത്തിലെ മഞ്ഞണിഞ്ഞ ചൗഖംഭാ ഗിരിനിരകൾ ഉദയ സൂര്യന്റെ പൊൻകിരണങ്ങളാൽ സ്വർണ്ണ വർണ്ണ ശോഭയോടെ തിളങ്ങുന്ന കാഴ്ച ഹൃദയാവർജകം തന്നെ. പേര് സൂചിപ്പിക്കുന്നതു പോലെ പർവതങ്ങളുടെ നാഥനാണ് തുംഗനാഥ്. ഇത് കേദാർനാഥിനെക്കാളും 1300 അടി കൂടുതൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. തുംഗനാഥ് സമുദ്ര നിരപ്പിൽ നിന്നും 3880 മീറ്റർ (13000 അടി) ഉയരത്തിലാണ്. കേദാർനാഥ് സ്ഥിതി ചെയ്യുന്നതാകട്ടെ 3553 മീറ്റർ (11657 അടി) ഉയരത്തിലും.
നേരത്തെ തന്നെ റൊട്ടിയും രാജ്മാ കറിയും ഡാലും അടങ്ങുന്ന അത്താഴവും കഴിച്ചു രാജായ്ക്കുള്ളിൽ നൂണ്ടു കേറി..രാത്രി പുറത്ത് മുടിയഴിച്ചിട്ടാടുന്ന കാറ്റിന്റെയും മഴയുടെയും രുദ്രതാളം ശ്രവിച്ചു കൊണ്ട്...
രാവിലെ 4 മണിക്ക് ഉണർന്നപ്പോൾ പുറത്ത് നേരിയ വെളിച്ചം പരന്നിരുന്നു...ഗസ്റ്റ്ഹൗസ് ജീവനക്കാരനായ സുഭാഷ് തന്ന ഒരു ബക്കറ്റ് ചൂടുവെള്ളത്തിൽ ദിനകൃത്യങ്ങൾ കഴിച്ചു ചായയും കുടിച്ചു ഹോട്ടലിൽ നിന്നൊരു മഴക്കോട്ടും കടംവാങ്ങിട്രെക്കിങ്ങിനു തയ്യാറായി.. കടുത്ത തണുപ്പില്ല ..മൂടിക്കെട്ടിയ മാനമാണെങ്കിലും മഴ വിട്ടു നിൽക്കുന്നു എങ്കിലും കാലാവസ്ഥ എപ്പോൾ വേണമെങ്കിലും മാറിമറിയാം..
ക്ഷേത്രത്തിലേക്കുള്ള പാത തുടങ്ങുന്നിടത്ത് ഒരു കമാനമുണ്ട് .. പാത ആരംഭിക്കുന്നതിനു ഇടതു വശത്ത് ഒരു കൊച്ചു ഗണപ തി ക്ഷേത്രം ..വിനായകനെ വണങ്ങി കവാടത്തിലുള്ള മണി മുഴക്കി അനുജ്ഞ വാങ്ങി നടപ്പ് ആരംഭിച്ചു.. അവിടെനിന്ന് കരിങ്കല്ലുകൾ പാകിയ വഴി ആരംഭിക്കുന്നു.. മലഞ്ചെരുവിലോടെ വളഞ്ഞും പുളഞ്ഞും മുകളിലേക്ക് കയറുന്ന കല്ലുകൾ പാകിയ പാതയാണ തുംഗഗനാഥിലേക്കു.. പാതയുടെ ഇരുവശത്തും ഇടതൂർന്ന കാടുകൾ ..അതിനകത്ത് എവിടെയോ വെള്ളമൊഴുകിപ്പോകുന്ന ശബ്ദം..ഏകദേശം അരകിലോമീറ്റർ കഴിയുമ്പോൾ ഇടതൂർന്ന കാടുകൾ അവസാനിക്കുന്നു.. പിന്നെ പച്ചപ്പ്‌ നിറഞ്ഞ താഴ്വരത്തു കൂടെ വിരിച്ച കരിങ്കൽ പാതകൾക്കിടയിൽ മുളച്ചു പൊങ്ങിയ പുല്നാമ്പുകൾ .. പുൽനാമ്പുകൾക്കിടയിലൂടെ തലയുയർത്തി നിൽക്കുന്ന കടും വർണങ്ങളിലുള്ള കുഞ്ഞു കുഞ്ഞു പൂക്കൾ … ചുവപ്പും റോസും വൈലറ്റും നിറത്തിൽ പൂത്തുനിൽക്കുന്ന റോഡോ ഡൈൻഡ്രോണ് മരങ്ങളുടെ കാടിന് നടുവിലൂടെയാണ് ഇപ്പോൾ നടക്കുന്നത് ..പൂക്കൾ മഴയിലും കാറ്റിലും പാതയിൽ വീണു കിടക്കുന്നുണ്ട് ..കേരളത്തിൽ ആനമുടിയിലും മീശപ്പുലിമലയുടെ താഴെയും റോഡോ ഡൈൻഡ്രോണ് പൂത്തുനിൽക്കുന്നത് കണ്ട ഓർമ്മയുണ്ട്..ഇവയെ ഇന്നാട്ടുകാർ ബുറാസ് എന്നാണു വിളിക്കാറുള്ളത് ..റോഡോ ഡൈൻഡ്രോണ് ഇടക്കിടയ്ക്കായി പറന്നിറങ്ങുന്ന കോടമഞ്ഞു ..ഹിമാലയത്തിന്റെ ദൃശ്യ സാമിപ്യം ...എല്ലാം കൂടി ഒരു ദൃശ്യ വിരുന്നാണ് തുംഗനാഥിലേക്കുള്ള യാത്ര… ഏകദേശം ഒരു നാഴിക പിന്നിടുമ്പോൾ ഒരു തുറസ്സിലേക്കാണ് നമ്മൾ എത്തിപ്പെടുന്നത് ..സാധാരണ സമയത്ത് ഹിമാലയത്തിലെ ഗിരിനിരകൾ ഇവിടെ നിന്ന് കാണാനാകും..പക്ഷെ മഴമേഘങ്ങളും മൂടല്മഞ്ഞും നമ്മുടെ കാഴ്ചകളെ മറക്കുന്നു...ഇരു വശത്തുമുള്ള പർവത ചെരിവുകൾ അവ്യക്തമായി കാണാൻ തുടങ്ങി...കുറെ ആടുകൾ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ തമ്മിലൊട്ടി നിൽക്കുന്നു, അവക്ക് അല്പമരികിൽ കറുത്ത് തടിച്ചു രോമേശനായ ഹിമാലയൻ പട്ടി കാവലായുണ്ട്... തുറസ്സായ സ്ഥലത്തിൻറെ ഏതാണ്ട് അവസാനമായി ഒരു ചായക്കട കാണാം..കരിങ്കൽ പാളികളും ടിൻഷീറ്റും കൊണ്ടാണതിൻറെ നിർമ്മിതി ..ലീക്ക് പ്രൂഫ് ആക്കാൻ മുകളിൽ .. പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയിട്ടുണ്ട് ..മുന്നിൽ ഇരിക്കാൻ L ഷേപ്പിൽ പാറക്കല്ലുകൾക്ക് മുകളിൽ രണ്ടു കരിങ്കൽ പാളികളും 3-4 പ്ലാസ്റ്റിക്ക് കസേരകളും ഇട്ടിരിക്കുന്നു... അവിടെയിരുന്നു മൂന്നു നാലു പേർ ചൂട് ചായ ഊതിക്കുടിക്കുന്നു. വെറ്റിലക്കറയുള്ള പല്ലുകാട്ടി ചിരിക്കുന്ന ഒരമ്മൂമ്മയും യുവതിയായ കൊച്ചു മകളുമാണ് കടനടത്തുന്നത് ..ചോപ്ത ഗ്രാമത്തിലുള്ളവരാണ് അവർ... ചൂട് ചായക്ക്‌ ഓർഡർചെയ്തു. ധാരാളം പാലും ഇഞ്ചിയും പഞ്ചസാരയും ചേർത്ത ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഒരുന്മേഷം തോന്നി. മഞ്ഞു കുറേശേ മാറി വരുന്നുണ്ട്..അന്തരീക്ഷത്തിലൂർന്നു നിൽക്കുന്ന കോടമഞ്ഞിന്റെ പിടിച്ചുലക്കാൻ കാറ്റ് ശ്രമിക്കുന്നുണ്ട്..മൂടിക്കെട്ടിയ ആകാശം ക്രമേണ വെളിച്ചം കടത്തി വിടുന്നുണ്ട്..ചന്ദ്രനാഥ് പർവതത്തിന്റെ അലക്കുകൾ ക്രമേണക്രമേണ തെളിയാൻ തുടങ്ങി..തെളിഞ്ഞ ദിവസങ്ങളിൽ കടക്ക് പുറകിലുള്ള വ്യൂ പോയന്റിൽ നിന്ന് അതിമനോഹരമായ ദൃശ്യവിസ്മയം വിടരാറുണ്ടത്രേ .. സമയം ആറര കഴിയുന്നു..എഴുന്നേറ്റ് നടക്കാൻ തുടങ്ങി..വഴി കയറ്റങ്ങളിലേക്ക് കയറിപ്പോവുകയാണ്..പാതക്കിരുവശവും കുറ്റിച്ചെടികളും ഒറ്റപ്പെട്ട പൂത്തുനിൽക്കുന്ന റോഡോ ഡൈൻഡ്രോണ് മരങ്ങളുണ്ട് ..ഒരു വശം കുത്തനെയുള്ള അഗാധമായ താഴ്വരയും മറുവശം ചെരിഞ്ഞു താഴ്ന്നിട്ടിറങ്ങുന്ന താഴ്വരയുമാണ്‌ ..
കുത്തനെയുള്ള കയറ്റങ്ങൾ മാത്രമുള്ള അവസാനത്തെ രണ്ടു കിലോമീറ്റർ പാതയിലേക്ക് കടക്കുകയാണ്..ചുറ്റും ശിലാപാളികൾ മാത്രം...മുന്നിൽ മുകളിലേക്ക് കയറിപ്പോകുന്ന എണ്ണമറ്റ പടിക്കെട്ടുകൾ മാത്രം തെളിഞ്ഞു വരുന്നു..കനത്ത ഹിമക്കാറ്റ് ചെവികളിൽ ചൂളം കുത്തുന്നു..മാനം വീണ്ടും ഇരുളുകയാണ് ..
ഏകദേശം 200 -250 മീറ്റർ പിന്നിട്ട‌ പ്പോഴേക്കും കനത്ത മൂടൽമഞ്ഞു വീഴ്ച തുടങ്ങി. ചെറുതായി മഴയും. ചുറ്റുപാടുമുള്ള കാഴ്ചകൾ പെട്ടെന്ന് മങ്ങി. പാത വളവ് തിരിഞ്ഞു വീണ്ടും കുത്തനെ മുകളിലേക്ക് കയറുകയാണ് അടുത്തു നിൽക്കുന്ന ആളിനെപ്പോലും കാണാത്ത അവസ്ഥ. കയ്യിൽ കരുതിയിരുന്ന മഴക്കോട്ട് ധരിച്ചു..കയറ്റം കയറുന്തോറും പ്രാണവായുവിന്റെ കുറവ് അനുഭവപ്പെട്ടു തുടങ്ങി.
ഉയരം കൂടുന്തോറും നടത്തത്തിന്റെ വേഗം കുറയുകയാണ്..കാലുകൾ മുന്നോട്ട് നീങ്ങാൻ വിസമ്മതിക്കുന്നു..വഴിത്താരയിൽ ആരുമില്ല ..എങ്കിലും എവിടെ നിന്നൊക്കെയോ അഭൗമമായ ശബ്ദങ്ങൾ കേൾക്കുന്നത് പോലെയൊരു തോന്നൽ ..മലങ്കാറ്റ് പാറക്കെട്ടുകൾക്കിടയിൽ തല്ലിയലക്കുമ്പോൾ ഏകനാഥൻറെ കയ്യിലെ ഡമരുവിൻറെ അലർച്ചപോലെ തോന്നുകയാണ്...കട്ടിമേഘക്കൂട്ടങ്ങൾ വീണ്ടും വന്നു പൊതിയുന്ന..കാഴ്ച മുന്നിലുള്ള അഞ്ചാറുപടികളിൽ മാത്രമായി പരിമിതപ്പെടുന്നു..എവിടെയാണ് ഞാൻ ? ആകാശത്താണോ ?അതോ മേഘപാളികൾക്ക് നടുവിലോ ? ചന്ദ്രനാഥ് കൊടുമുടി തന്റെ വിരാട് രൂപം കാണിക്കുകയാണോ .. ?
ഒരടിപോലും മുന്നോട്ട് നടക്കാൻ വയ്യ ..മുന്നിലെവിടെയോ നിന്ന് ശബ്ദങ്ങൾ കേൾക്കുന്ന പോലെ.. വല്ല ഇടത്താവളങ്ങളുമാണോ ? തൊട്ട് മുന്നിലുള്ള പടികൾ കയറി വളവു തിരിഞ്ഞപ്പോൾ മുന്നിൽ ഉയരത്തിൽ കാണുന്നു ക്ഷേത്രത്തിലേക്ക് കടക്കുന്നിടത്തുള്ള കെട്ടിടങ്ങൾ..വലിയമാറ്റങ്ങളൊന്നുമില്ല...വലിഞ്ഞു കയറി ക്ഷേത്രമുറ്റത്തുള്ള പൺവീർ സിംഗിൻറെ ഹോട്ടലിനു മുന്നിൽ നിവർത്തിയിട്ട ചാരുകസേരയിലേക്ക് കുഴഞ്ഞിരുന്നു... പ്രാണവായുവിന്റെ കുറവ് ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. കടുത്ത തളർച്ച അനുഭവപ്പെട്ടു. …ഓക്സിജന്റെ കുറവ് അനുഭവപ്പെട്ടാൽ പെട്ടെന്ന് തന്നെ ആ ഭാഗത്തു നിന്നും മാറണമെന്ന് ആദ്യ ഹിമാലയ യാത്രസമയത്ത് ബദരീനാഥിൽ വച്ച് പരിചയപ്പെട്ട സന്യാസി പറഞ്ഞതോർമ്മ വന്നു..ഒരു നല്ല സ്വെറ്റർ പോലുമില്ലാതെ ധോലിംഗമഠവും സതോപന്തും സ്വര്ഗാരോഹിണിയും അമര്നാഥും കയറിയിറങ്ങി വന്ന സ്വരൂപാനന്ദൻറെ വാക്കുകൾ...
പൺവീർ ഔചിത്യത്തോട്ടെ അകത്തെവിടെയോ എരിഞ്ഞു കൊണ്ടിരുന്ന ഒരു കുഞ്ഞു നെരിപ്പോട് എൻറെ മുന്നിൽ കൊണ്ട് വെച്ച് ..പെട്ടെന്ന് തന്നെ ആവി പറക്കുന്ന ചൂട് ചായയും...കയ്യും ഷൂസ് അഴിച്ചു കാലും ചൂടാക്കി ചായയും കുടിച്ചു ഒരു സിഗരറ്റും കൂടി വലിച്ചു അല്പമിരുന്നപ്പോൾ എവിടെ നിന്നൊക്കെയോ ഊർജം തിരിച്ചു വരുന്ന പോലെ..
കേദാർനാഥ് ,മദമഹേശ്വർ ക്ഷേത്രനിർമ്മിതിയുടെ അതെ ശൈലി..ഇരുവശത്തേക്കും ചാഞ്ഞിറങ്ങുന്ന മുഖമണ്ഡപവും ഉയർന്നു നിൽക്കുന്ന ഗര്ഭഗൃഹവും ശ്രീകോവിലും..പക്ഷെ കേദാര്നാതിനേക്കാൾപൗരാണികത തോന്നിക്കുന്നു.. മൂടൽ മഞ്ഞിനാൽ ക്ഷേത്രപരിസരം മൂടിപ്പോയിരുന്നു. ക്ഷേത്ര പരിസരത്തു മറ്റാരും ഉണ്ടായിരുന്നില്ല.
ക്ഷേത്ര കവാടത്തിലെ മണി മുഴക്കി ഞാൻ ക്ഷേത്രത്തിനുള്ളിലേക്കു കടന്നു. സ്വയം ഭൂ ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ.കേദാർനാഥ് ,മദമഹേശ്വർ ക്ഷേത്രനിർമ്മിതിയുടെ അതെ ശൈലി..ഇരുവശത്തേക്കും ചാഞ്ഞിറങ്ങുന്ന മുഖമണ്ഡപവും ഉയർന്നു നിൽക്കുന്ന ഗര്ഭഗൃഹവും ശ്രീകോവിലും..പക്ഷെ കേദാര്നാതിനേക്കാൾ പൗരാണികത തോന്നിക്കുന്നു.. ക്ഷേത്രച്ചുമരുകളുടെ മുൻവശത്ത് വെള്ളയും മഞ്ഞയും പച്ചയും നിറങ്ങൾ കൊണ്ടുള്ള വരകൾ കാണാം..ചുമരുകളും,മോന്തായവും മേൽപ്പുരയുമടക്കം പൂർണമായും കരിങ്കല്ലിലാണ് ക്ഷേത്രനിർമ്മിതി .. മുഖമണ്ഡപത്തിലേക്കുള്ള പ്രവേശനകവാദത്തിനു മുന്നിൽ ഒറ്റക്കല്ലിൽ തീർത്ത അലറുന്ന സിംഹത്തിൻറെ വാസ്തൂ രൂപം…
ശ്രീകോവിലിലേക്കുള്ള ഗര്ഭഗൃഹത്തിനകത്തേക്ക് കടക്കുമ്പോൾ പ്രതിഷ്ഠക്ക് അഭിമുഖമായി നന്ദികേശ്വരൻറെ പ്രതിമയുണ്ട് .കണ്ഠാഭരണവും മണിയുമൊക്കെ ചാർത്തി അലങ്കാര വിഭൂഷിതനാണ് നന്ദി...നന്ദിവിഗ്രഹത്തോട് തൊട്ട് ഞാത്തിയിട്ട കൂറ്റൻ മണി.. നന്ദിക്ക് പിന്നിലായി ദീർഘചതുരാകൃതിയിൽ സാമാന്യം വലിപ്പമുള്ള ഹവനകുണ്ഡം..ഇപ്പോഴും ചന്ദനത്തിൻറെയും തുളസിയുടെയും ഗന്ധം അന്തരീക്ഷത്തിൽ തങ്ങി നിൽപ്പുണ്ട് ഗര്ഭഗൃഹത്തിനകത്ത് ഏഴോ എട്ടോ പേർക്ക് നിൽക്കാം….. അൽപനേരം നിൽക്കുമ്പോൾ കോവിലിലെ ഇരുട്ടുമായി കാഴ്ച താദാത്മ്യം പ്രാപിക്കുന്നു..കരിങ്കൽ പാളിയാൽ തീർത്ത അകം ചുമരുകൾ വ്യക്തമായി കാണാം കറുത്ത ശിലയിൽ ഹസ്തങ്ങളെ കാണിക്കുമാറുള്ള ,പ്രത്യേകരൂപത്തിൽ എണ്ണക്കറുപ്പോടെ ഏതാണ്ട് മൂന്നരയടി വലിപ്പമുള്ള സ്വയംഭൂലിംഗം .. സ്കന്ദഭാഗത്തു നിന്ന് തുടങ്ങി ഇടത്തോട്ട് ചെരിഞ്ഞുതാഴോട്ട് പോകുന്ന പ്രത്യേക ആകൃതിയാണ് ശിവലിംഗത്തിന് .. കെടാവിളക്കിൻറെ പൊൻ നാളങ്ങൾ വീശിയെറിയുന്ന വെട്ടത്തിൽ ശിവലിംഗത്തില് പുറകിലെ ലോഹനിർമ്മിതമായ ഫണീന്ദ്രൻ സ്വർണ്ണ നിറത്തിൽ പ്രകാശിക്കുന്നു സ്വയംഭൂലിംഗത്തിനു പുറകിലായി അഷ്ടധാതുവിൽ നിർമ്മിച്ച വിനായകൻറെയും, കാലഭൈരവൻറെയും ,വ്യാസമുനിയുടെയും പ്രതിഷ്ഠകളുണ്ട്.. ശ്രീകോവിലിനകത്ത് ചന്ദനപ്പുകയുടെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു .. പൂജാരി എനിക്ക് വേണ്ടി ആരതിയുഴിഞ്ഞു... തുളച്ചു കയറുന്ന മഞ്ഞുകാറ്റിനു മുകളിലായി ശിവമൂല മന്ത്രങ്ങൾ ചൊല്ലിയുള്ള ആരതിക്കും മണിയൊച്ച കളിലൂടെയുമായി എവിടെ നിന്നോ ഒരു ഊർജ്ജപ്രവാഹം ഒഴുകിവന്നു സിരകളിൽ പൊതിയുന്ന പോലെ.. ആ കുഞ്ഞി സ്‌ഥലമാകെ വിസ്മയകരമായൊരു ചൈതന്യം നിറയുന്ന പോലെ … അത് കഴിഞ്ഞു അദ്ദേഹം കുറച്ചു പുഷ്പങ്ങളെടുത്ത് തുംഗനാഥനെ നേരിട്ട് അർച്ചന ചെയ്യാൻ അനുജ്ഞ നൽകി തുംഗനാഥനെ സ്വന്തം കൈകളാൽ സ്പർശിച്ചപ്പോൾ അവാച്യമായ ഒരനുഭൂതിയുണ്ടായി. കുറച്ചു നിമിഷത്തേക്ക് കണ്ണുകളടച്ചു ധ്യാനത്തിലിരുന്നു. ക്ഷീണമെല്ലാം പമ്പ കടന്നു. എന്തെന്നില്ലാത്ത ഒരുണർവ് അനുഭവപ്പെട്ടു. ശ്രീകോവിലിനകത്ത് സാഷ്ടാഅംഗം മസ്കരിച്ചു..തണുത്തുറഞ്ഞ കരിങ്കൽ നിലത്തിനു പോലും കാട്ടു ചന്ദനത്തിന്റെ വശ്യമായ സുഗന്ധം.. ചന്ദൻ നാഥ് എന്നൊരു ക്ഷേത്രമില്ലായിരുന്നെങ്കിൽ തുംഗനാഥനെ ഉറപ്പായും ചന്ദനനാഥൻ എന്ന് വിളിക്കാമായിരുന്നു..(വടക്ക് പടിഞ്ഞാറൻ നേപ്പാളിലെ കര്ണാലീ നദീ തീരത്തുള്ള പ്രസിദ്ധക്ഷേത്രമാണ് ചന്ദൻ നാഥ് ) പൂജാരിക്ക് ദക്ഷിണ നൽകി ക്ഷേത്രത്തിനു പുറത്തു കടന്നു. ക്ഷേത്രത്തിനു ചുറ്റും കാലഭൈരവൻ , മഹാവിഷ്ണു, ശ്രീലക്ഷ്മി ,പഞ്ചപാണ്ഡവർ, ,നരസിംഹമൂർത്തി ,ഗണനാഥൻ,ചാമുണ്ഡാദേവി തുടങ്ങിയ നിരവധി ഉപദേവതാ പ്രതിഷ്ഠകളുണ്ട് ..അതിലെ ചാമുണ്ഡാദേവി പ്രതിഷ്ഠ വളരെ ചൈതന്യവത്തും ചേതോഹരവുമാണ് ..ചന്ദ്രനാഥ് പർ വതത്തിൻറെയും ചന്ദ്രശില മുതൽ മഖീമത് വരെയുള്ള സർ വ ഗ്രാമങ്ങളുടെയും രക്ഷാദേവത കൂടിയാണ് ഈ ചാമുണ്ഡാദേവി ക്ഷേത്രത്തിനോട് ചേർന്ന ഒരു ചെറിയ കെട്ടിടത്തിന്റെ കൽകെട്ടിൽ കുറച്ചു സമയം വിശ്രമിച്ചു.
ഞാൻ 1994 ൽ വന്നപ്പോൾ ഉണ്ടായിരുന്ന മഹേഷ് മട്ടാനി എന്ന വൃദ്ധ ബ്രാഹ്മണനാണു ഇപ്പോഴും ക്ഷേത്രത്തിലെ പൂജാരി.നാല്പത് വർഷമായി ഈ ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ ചെയ്യുന്നത് ഇദ്ദേഹമാണു.അദ്ദേഹത്തിൽ നിന്നും ക്ഷേത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ കഴിഞ്ഞു. ആയിരക്കണക്കിന് വർഷം പഴക്കമുണ്ട് തുംഗനാഥ് ക്ഷേത്രത്തിന്. ഏഴാം നൂറ്റാണ്ടിൽ ആദിശങ്കരൻ ചിട്ടപ്പെടുത്തിയ താന്ത്രിക വിധികൾ അനുസരിച്ചാണ് ഇപ്പോഴും പൂജാരീതികൾ തുടരുന്നത് ആദ്യം തുംഗനാഥനെ പൂജിക്കാനുള്ള അധികാരം വാരണാസിയിലെ ബ്രാഹ്മണർ ക്കായിരുന്നുവെങ്കിൽ പിന്നീടത് മഖുമത് വില്ലേജിലെ മൈതാണി ബ്രാഹ്മണർക്ക് അവർ ആ അധികാരം കൈമാറി . മൈഥാനി ബ്രാഹ്മണർ എന്നാണ് ഇവിടുത്തെ പൂജാരിമാർ അറിയപ്പെടുന്നത്. ബദരിനാഥ് കേദാർനാഥ്, കല്പേശ്വരം തുടങ്ങിയ മറ്റ് പ്രധാന ക്ഷേത്രങ്ങളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള പൂജാരിമാരാണ് എന്ന ഒരു പ്രത്യേകത നിലവിലുണ്ട്. നവംബർ മുതൽ മെയ് വരെ ഉള്ള മഞ്ഞുകാലത്തു ക്ഷേത്രം ആറു മാസത്തേക്ക് അടച്ചിടും. ആ കാലത്ത് ഇവിടെനിന്നും ഒരു സാങ്കല്പികബിംബം മാഖുമത് ഗ്രാമത്തിലേക്ക് മാറ്റുന്നു. അത് വച്ച് പൂജിക്കുന്നു .. ചോപ്തയിൽ നിന്നും ഉഖിമഠിലേക്ക് പോകും വഴിയിൽ ഡഗ്ഗൾബിത എന്ന സ്ഥലത്തിനടുത്ത് ,അവിടെയുള്ള മാർക്കാണ്ഡേയ ക്ഷേത്രത്തിൽ ആണ് ആറുമാസം പൂജ. തുംഗനാഥിൽ നിന്നും 19 കി.m കി മി അകലെ ആണ് ഡഗ്ഗൾബിത.. എല്ലാ വർഷവും തുംഗനാഥൻറെ മഞ്ഞുകാലത്തെ യാത്രയും ഗ്രീഷ്മകാലത്തെ തിരിച്ചു വരവും വളരെ ആഘോഷമായാണ് പർവതീയർ കൊണ്ടാടുന്നത്..ചോപ്ത മുതൽ ഡഗ്ഗൽബിത വരെയുള്ള മുഴുവൻ ഗ്രാമങ്ങളിലും ആഘോഷത്തിൻറെ ദിനങ്ങളാണ് ..തുംഗനാഥൻറെ ഉദ്ധവമൂർത്തിയെ കാണാനും അനുഗ്രഹം വാങ്ങാനും ആ മേഖലയിലെ ഗ്രാമങ്ങൾ മുഴുവൻ യാത്രാപഥത്തിനിരുവശങ്ങളിലുമായി ഒഴുകിയെത്തും…

ഇനി പോകാനുള്ളത്‌ ചന്ദ്രനാഥ പർവതത്തിന്റെ കൊടുമുടിയായ ചന്ദ്രശിലയിലെക്കാണ് ക്ഷേത്രമുറ്റത്ത് നിന്നും രണ്ടു കിലോമീറ്റർ മുകളിലേക്ക് നടന്നാൽ 4000 മീറ്റർ (15000 അടി)
ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടിയിലെത്താം. ചന്ദ്രനോട് തൊട്ടടുത്തു നിൽക്കുന്നതു കൊണ്ടാവാം ചന്ദ്രശില എന്ന് പേര് വന്നത്. തെളിഞഞ ദിവസങ്ങളിൽ ഇവിടെ നിന്നാൽ സൂര്യപ്രകാശത്തിനു കീഴെ, ദൂരെയുള്ള ഹിമാലയൻ പർവ്വതനിരകളുടെ മനോഹരമായ കാഴ്ച കാണാം. നന്ദാദേവി, ചൗഖംഭാ,കേദാർ, ഗംഗോത്രി, യമുനോത്രി, നീലകണ്ഠ പർവ്വതനിരകൾ ,സ്വര്ഗാരോഹിണി, തൃശൂല് കൊടുമുടികൾ, ഈ കാഴ്ചയിൽ പെടുന്നു.
ചന്ദ്രശിലയുടെ പവിത്രതയെ സംബന്ധിച്ച് ഒട്ടനവധി ഐതിഹ്യങ്ങളുണ്ട് ശിവപ്രീതിക്കു വേണ്ടി രാവണന് ചന്ദ്രശിലയില് ഉഗ്രതപസ്സനുഷ്ഠിക്കുന്നതിനടയില് തന്റെ ശിരസ്സ്‌ ഒന്നൊന്നായി മുറിച്ചെടുത്ത്‌ നിവേദിച്ചുവെന്നും പത്താമത്തെ ശിരസ്സ്‌ ഛേദിക്കാനൊരുങ്ങുമ്പോള് തുംഗനാഥക്ഷേത്രം സ്ഥിതിചെയ്യുന്നിടത്ത്‌ ശിവൻ പ്രത്യക്ഷനായി എന്നുമാണ്‌ ഒരു ഐതിഹ്യം. ശിവഭക്തനായ രാവണനെ വധിച്ച ബ്രഹ്മ ഹത്യാപാപം തീരാൻ ശ്രീ രാമൻ ചന്ദ്രശിലയിൽ തപസ്സനുഷ്ിച്ചതായുംകഥകളുണ്ട് . ആകാശത്തിലെ തങ്ങളുടെ സ്ഥാനങ്ങൾക്ക് വേണ്ടി നക്ഷത്രങ്ങൾ ശിവനെ ആരാധിച്ച സ്ഥലമാണത്രെ ചന്ദ്രശില.. മഹാവിഷ്ണുവിന് സുദർശനചക്രം അനുഗ്രഹമായി ലഭിച്ചതും ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു..
ക്ഷേത്രത്തിനു പുറകിലൂടെ മുകളിലേക്ക് പോവുന്ന വഴിയിലൂടെ നടന്നു..വ്യക്തമായൊരു പാതയില്ല എത്രയോ ചവിട്ടടികളിലൂടെ വിരിഞ്ഞ വഴിത്താര മാത്രം..വഴിക്കിരുവശവും കുഞ്ഞുകുഞ്ഞു പൂക്കൾ കണ്മിഴിക്കുന്ന കാട്ടുപുല്ലും കുറ്റിച്ചെടികളും ശിലാതലങ്ങളും മാത്റം . അല്പം മുൻപേ പെയ്തൊഴിഞ്ഞ മഞ്ഞുമഴയുടെ തിരുശേഷിപ്പുകളായ മഞ്ഞു പാളികൾ കട്ടപിടിച്ചു കിടക്കുന്ന പാതകളിലൂടെ ചെങ്കുത്തായ കയറ്റം തുടരുകയാണ്. ഒരു വശത്ത് ആകാശം മുട്ടുന്ന ചന്ദ്രശില മറുവശത്തു കോടമഞ്ഞു മൂടിക്കിടക്കുന്ന താഴ്വരകൾ... ആകാശത്തേക്ക് ഒരു കോണി കയറിപ്പോകുന്ന പോലെ തോന്നി. അന്തരീക്ഷത്തില് ഓക്‌സിജന്റെ അളവ് തീരെ കുറവായതിനാല് ക്ഷീണവും കിതപ്പും അനുഭവപ്പെടുന്നുണ്ട്.. മേഘപാളികൾക്കിടയിലൂടെ മുകളിലേക്ക് യാത്ര തുടർന്നു.. ഇതിനിടെ മഞ്ഞിൻറെ കട്ടി ഒരല്പം കുറഞ്ഞപ്പോൾ ഏതാണ്ട് 200 മീറ്റർ ദൂരെ മുകളിലായി മഞ്ഞുകാറ്റിൽ പാറിക്കളിക്കുന്ന ചുവന്ന കൊടി കണ്ടു ..തളർന്ന ശരീരത്തിലെ അവസാന ഊർജവും ആവാഹിച്ചു കൊണ്ട് ആ കയറ്റവും താണ്ടി ചന്ദ്രനാഥ ശ്രുംഗത്തിന്റെ മുകള്പ്പരപ്പിലേക്ക് വലിഞ്ഞു കയറി.. മുകൽപ്പരപ്പിനു ഏതാണ്ട് 200 മീറ്ററോളം പരപ്പേയുള്ളൂ.. എവിടെ നോക്കിയാലും ചെറുതും വലുതുമായി ചിതറിക്കിടക്കുന്ന ചെറുതും ഭീമാകാരവുമായ വ്യത്യസ്ത രൂപത്തിലും ആകൃതിയിലുമൊക്കെയുള്ള ശിലകൾ മാത്രം.. ഒരറ്റതായുള്ള മുനമ്പിലായി നിൽക്കുന്ന ഗംഗാദേവിയുടെ പ്രതിഷ്ഠയുള്ള ഒരു കൊച്ചു ക്ഷേത്രം..കരിങ്കല്ലുകൾ കൊണ്ട് കെട്ടിപ്പൊക്കിയ,സ്ളേറ്റ്കല്ലുകൾ കൊണ്ട് മേഞ്ഞ കഥേതരത്തിനു ഇരുമ്പു കൊ ണ്ടുണ്ടാക്കിയ വാതിലുണ്ട്..മുന്നിലുള്ള ഇരുമ്പു കമാനത്തിൽ മണികൾതൂക്കിയിട്ടിരിക്കുന്നു..സമനിരപ്പിൽ നിന്ന് അല്പം ഉയർന്ന വിതാനത്തിലുള്ള ക്ഷേത്രത്തിലേക്ക് കയറാൻ നീളമുള്ള കരിങ്കൽ പാളികൾ ചേർത്തുണ്ടാക്കിയ ഏഴു പടവുകളുണ്ട്.. ഏഴു പടവുകളുണ്ട് ക്ഷേത്രത്തിനു മുകളിലായി ചുവന്ന നിറത്തിലുള്ള 3 കൊടിക്കൂറകൾ വീശിയടിക്കുന്ന ഹിമക്കാറ്റിൽആടിക്കളിക്കുന്നു..
ചന്ദ്രനാഥ ശ്രുംഗത്തിന്റെ മുകൽപ്പരപ്പിലുള്ള ശിലാതലത്തില് ചിതറിക്കിടക്കുന്ന ചെറുശിലാഖണ്ഡങ്ങള്. തൊട്ടുമുമ്പുള്ള ദിവസം ആരോ കല്ലുകള് പെറുക്കിക്കൂട്ടി ഗോപുരരൂപത്തില് പ്രാര്ഥനാശിലകള് നിര്മിച്ചിട്ടുണ്ടായിരുന്നു. അല്പം മുന്നേ പെയ്ത മഞ്ഞു മഴയുടെ ശേഷിപ്പുകൾ ഇപ്പോഴും അലിഞ്ഞു പോയിട്ടില്ല അത് എമ്പാടും ചിതറിക്കിടക്കുന്നു.കയ്യുറ ഊരിമാറ്റി ഹിമ ക്കട്ടകൾ പെറുക്കിക്കൂട്ടി പ്രാര്ഥനാശിലകളുടെ മാതൃകയില് ഒരു ഗോപുരം നിര്മിച്ചു.. പർവത മുകളിലുള്ള തീർഥാടനകേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന ഔത്തരാഹരായ ഭക്തന്മാരുടെ ഒരു പ്രത്യേക പ്രാർത്ഥനാരീതിയാണ് ചെറു കല്ലുകൾ കൊണ്ട് പ്രാര്ഥനാഗോപുരം പണിയുക എന്നത് ..ബുദ്ധമത വിശ്വാസികളിൽ നിന്നും പകർന്നു കിട്ടിയതാവണം ഈ പ്രാർത്ഥന..ലേയിലും, ഭൂട്ടാനിലും,സിക്കിമിലും നേപ്പാളിലും കിഴക്കൻ ഹിമാലയത്തിലെ കാണാം ഈ സവിശേഷമായ പ്രാർത്ഥനാരീതി
മാനം തെളിയുന്നില്ല .. മേഘക്കൂട്ടങ്ങൾക്ക് പുറകിൽ സൂര്യൻ ഒളിച്ചു നിൽക്കുകയാണ്.. ചീറിയടിക്കുന്ന തണുത്ത ഹിമക്കാറ്റിൻറെ ദംഷ്ട്രകൾ ധരിച്ചിരിക്കുന്ന കമ്പിളി ക്കുപ്പായത്തിനിടയിൽ കൂടി കടിച്ചു നോവിക്കുന്നുണ്ട്..താഴെ നിന്ന് കട്ടികൂടിയ പുകമഞ്ഞ് കയറി വരുന്നു...ആകാശത്ത് നിന്ന് ഹിമകണങ്ങൾ പൊടിയുന്നത് പോലെ..
ഇല്ല, ചന്ദ്ര ശില കനിയുന്നില്ല..ഇത്തവണ അവൾ ആ കുശുന്പി , തൻറെ നെറുകയിൽ നിന്നുമുള്ള വെയിലിന്റെ സ്വർണപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഹിമവാന്റെ കാഴ്ച, അഭൗമമായ ആ ഒരു സ്വർഗീയ അനുഭൂതി, മറ്റ് ദൃശ്യവിസ്മയങ്ങൾ മുഴുവൻ മഞ്ഞിൻറെ തിരസ്കരണിക്കുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നു..കാലാവസ്ഥ കൂടുതൽ മോശമാകുന്നതിനു മുൻപേ താഴേക്ക് ഇറങ്ങാൻ തുടങ്ങി.. കയറുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇറങ്ങാൻ..
പുകമഞ്ഞിനിടയിലൂടെ തൊട്ടു താഴെയുള്ള കാഴ്ചകൾ മാത്രെമേ കാണാനാകുന്നുള്ളു.. കൊടുമുടിയോട് ചേർന്ന് നിൽക്കുന്ന പർവതഭാഗത്തോട് ഒട്ടി നിന്ന് കൊണ്ട് ഇറങ്ങാൻ തുടങ്ങി..മഞ്ഞ്ഞും മഴയും കോടയും കാരണം വഴിയിൽ ചെറിയ വഴുതലുണ്ട്..വടിയുടെ ഉറപ്പും ട്രെക്കിങ്ങ് ഷൂവിന്റെ ഗ്രിപ്പുമാണ് ഏക ആശ്രയം..വഴുതി താഴെ കൊക്കയിലോട്ട് വീണാൽ ആരും അറിയുകയില്ല,ആരും തിരയുകയുമില്ല,തിരഞ്ഞാൽ തന്നെ അഗാധമായ താഴ്വരകളിൽ നിന്ന് പൊടി പോലും കിട്ടുകയുമില്ല.. ഇറങ്ങാൻ തുടങ്ങിയിട്ട് കുറെ നേരമായിരിക്കുന്നു..എവിടെ എത്തിയിട്ടുണ്ടായിരിക്കുമെന്ന് ഒരു ധാരണയുമില്ല ..ഓരോ വിനാഴികക്കും മണിക്കൂറുകളുടെ ദൈർഘ്യമുള്ളത് പോലെ..ആകെ സമാധാനം മേഘമാലകൾ കൂടുതൽ മുകളിലോട്ട് കയറിപ്പോകുന്നതിനാൽ താഴേക്കിറങ്ങുന്തോറും തെളിച്ചം കൂടി വരുന്നുണ്ട്,ഒരു വളവു കഴിഞ്ഞപ്പോൾ താഴെയായി ദൂരത്തു തുംഗനാഥൻറെ കൊടിക്കൂറ കാണുന്നുണ്ട്..ഒരു വശത്തു എന്നെ സംരക്ഷിച്ചി വഴികാട്ടിയായി നിന്നിരുന്ന പർവതത്തിന്റെ തിട്ട താഴ്ന്നു വരുന്നുണ്ട്.. കയറി വന്ന വഴിക്കിരുവശവും കുഞ്ഞുകുഞ്ഞു പൂക്കൾ കണ്മിഴിക്കുന്ന കാട്ടുപുല്ലും കുറ്റിച്ചെടികളും വീണ്ടും പ്രത്യക്ഷപ്പെട്ടത് ആശ്വാസമേകി ..അല്പം കൂടി കഴിഞ്ഞപ്പോൾ മഞ്ഞിൻറെ മേലാപ്പ് മുഴുവൻ അപ്രത്യക്ഷമായി .. തുംഗനാഥ ക്ഷേത്രവും വഴിയും നന്നായി തെളിഞ്ഞു കാണാം .. ക്ഷേത്രത്തിനടുത്തെത്തുമ്പോൾ തുംഗനാഥൻറെ ഗംഗ അല്ലെങ്കിൽ ആകാശ് ഗംഗ എന്ന പേരുള്ള തീർഥ ഉറവ കാണാം..ഈ ജലമാണ് അമ്പലത്തിലെ അഭിഷേകത്തിനും മറ്റുമായി ഉപയോഗിക്കുന്നത്.. തീർത്ഥത്തിനടുത്ത് ഹിമാലയൻ മൊണാൽ പക്ഷി നിർഭയരായികൊത്തിപ്പെറുക്കി നടക്കുന്നു.. അതിമനോഹരമായ തൂവലുകള് വിരിച്ച് ഉത്തരാഖണ്ഡിന്റെ ഔദ്യോഗിക പക്ഷിയായ മൊണാലിനെ ഇവിടെ കാണാം. മയിലിനെപോലെ മനോഹരമായ ഒരു ചെറിയ പക്ഷിയാണ് ഹിമാലയൻ മൊണാൽ പ്രായപൂർത്തിയായ ആൺപക്ഷികൾക്ക് തലയിൽ നീളമുള്ള പൂവും ശരീരത്തിൽ ബഹുവർണ്ണ തൂവലുകളും ഉണ്ടാകും. തിളങ്ങുന്ന പച്ച് വർണ്ണത്തിലുള്ള തൊപ്പിയാണ് ആൺപക്ഷികളുടെ ഒരു പ്രത്യേകത. നീല പച്ച, കറുപ്പ്, മഞ്ഞ, തവിട്ട്, ചുവപ്പ് എന്നീ നിറങ്ങൾ നിറഞ്ഞതാണ് ആൺപക്ഷികളുടെ ശരീരം. എന്നാൽ പെൺപക്ഷികൾ കാഴ്ചയിൽ അത്ര ആകർഷകമല്ല. കറുപ്പും കടുത്ത തവിട്ടും കലർന്ന തൂവലുകളാണിവയ്ക്ക്. വംശനാശ ഭീഷണി നേരിടുന്ന മൊണാലിനെ കാണുന്നത് ഭാഗ്യമായി തദ്ദേശിയര് കരുതുന്നു.
ക്ഷേത്ര മുറ്റത്തെത്തിയപ്പോഴേക്കും വിശപ്പ് കത്തിക്കാളുന്നുണ്ടായിരുന്നു.. കാലത്തെ ഴുന്നേറ്റ ശേഷം മൂന്നോ നാലോ ചായയും അല്പം ബിസ്കറ്റും മാത്രമായിരുന്നു ആഹാരം ..വേഗം പൺവീറിൻറെ ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു.. ഗോതമ്പിൽ ചുട്ടെടുക്കുന്ന റൊട്ടിയാണ് പ്രധാന ആഹാരം. ജീരകം ഇട്ടു വേവിച്ച ചോറുമുണ്ട്. തണുപ്പിനെ പ്രതിരോധിക്കാനാവണം ഇവിടുത്തെ കറികളിൽ ഉരുളക്കിഴങ്ങും ഉള്ളിയും രാജ്മ തുടങ്ങിയ പയർ വാഗങ്ങളും ഒഴിച്ചു കൂടാനാവാത്ത പച്ചക്കറികളാണ്… ഒപ്പം ധാരാളം ഇലക്കറിയും, അച്ചാറും അപൂർവമായി കനലിൽ ചുട്ട മസാല പപ്പടവും ഉണ്ടാകും.. ഭക്ഷണം കഴിക്കുമ്പോഴും ചാറ്റൽമഴ ശമിച്ചിരുന്നില്ല ..
ഭക്ഷണ ശേഷം അൽപനേരം വിശ്രമിച്ചു തിരിച്ചു മലയിറക്കം തുടങ്ങി..
സുമാർ 100 മീറ്റർ ദൂരം ഇറങ്ങിയപ്പോൾ ഇടക്കുള്ള ഒരു കൊച്ചു സമതലത്തിൽ വഴിയുടെ ഇടതു വശത്ത് സ്ളേറ്റുകാലിൻറെ മേൽപ്പുരയോടെ കെട്ടിപ്പൊക്കിയ നാലുപാടും തുറന്ന ഒരു തറ ..അതിൽ ആഭരണഭൂഷിതനായ നന്ദിമുഖത്ത് നിന്നും തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ഗജവീരന്റെ മുഖത്ത് നിന്നും അനര്ഘളം പ്രവഹിക്കുന്ന രണ്ടു ജലധാരകൾ ആകാശകുണ്ഡ് എന്നാണു ഭൂമിക്കടിയിൽ നിന്നുയർന്നു വരുന്ന ജലധാരയുടെ പേര് ..ഇതും മുകളിൽ നിന്ന് ഭൂഗർഭത്തിലൂടെ ഒഴുകി വന്നു പ്രത്യക്ഷയാകുന്ന ആകാശഗംഗയും കൂടി ചേർന്നൊഴുകി വൈതരണീ നദിയിൽ ലയിക്കുന്നു..
വീണ്ടും കുത്തനെയുള്ള ഇറക്കങ്ങൾ..ഏകദേശം ഒരു കിലോ മീറ്ററിനകം 1500 അടിയെങ്കിലും ഇറങ്ങിക്കാണണം..ചാറ്റൽ മഴ ഒപ്പമുള്ളതിനാൽ അന്തരീക്ഷം മൂടിക്കെട്ടിയിരിക്കുന്നു..മേഘങ്ങൾ ഈറനുടുത്തു തലങ്ങും വിലങ്ങും പായുന്നുണ്ട്..
കാഴ്ചകളൊന്നും വ്യക്തമല്ല..അതിശക്തമായ ഹിമക്കാറ്റ് വീശിയടിക്കുന്നു..
തുടർന്നും ഒരു മണിക്കൂറോളം യാത്ര തുടർന്നപ്പോൾ കുത്തനെയുള്ള കയറ്റങ്ങൾക്ക് അവസാനമായി ..തുറസ്സായ സ്ഥലത്ത് രാവിലെ ഞാൻ ചായ കുടിച്ച ധാബ കാണായി ..അവിടെ ചെന്നപ്പോൾ അമ്മൂമ്മയില്ല..കൊച്ചു മകൾ ബിന്ദു മാത്രമേയുള്ളു ..അവൾ വേഗം നല്ല ചൊടിയുള്ള ചായ ഉണ്ടാക്കിത്തന്നു...അവൾ എട്ടാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട് ..കേരളത്തെ പറ്റി കേട്ടിട്ടുണ്ട് ..ഏറ്റവും കൂടുതൽ സാക്ഷരതയുള്ള നാട് എന്നും ,ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലിചെയ്തു വരുമാനമുണ്ടാക്കുന്ന സംസ്ഥാനം എന്നും അവൾക്കറിയാം.. കേരളത്തിൽ വന്നാൽ ജോലി കിട്ടുമോ എന്നാണു അടുത്ത ചോദ്യം..നമ്മുടെ ഗോഡ്സ് ഓണ് കണ്ട്രിയിൽ P HD ക്കാർ വരെ തൊഴിൽ അന്വേഷിച്ചു നടക്കുകയാണെന്ന് അവള്ക്കറിയില്ലല്ലോ..അടുത്ത കൊല്ലം അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ് .. ഭാവിവരൻ സാഗര്ച്ചട്ടി ഗ്രാമക്കാരനാണ്..രുദ്രപ്രയാഗ് -കുണ്ഡ് റൂട്ടിലെ ജീപ്പ് ഡ്രൈവർ ആണ് അദ്ദേഹം ..ഭാവി ജീവിതത്തിൻറെ സ്വപ്‌നങ്ങൾ നെയ്തു കൂട്ടുകയാണ് ബിന്ദു...ചായകുടിച്ചു ശേഷം ബിന്ദുവിനോട് യാത്ര പറഞ്ഞു വീണ്ടും യാത്ര തുടർന്നു ..
തുറസ്സായ സ്ഥലത്ത് മുഴുവൻ ചെമ്മരിയാടിൻകൂട്ടങ്ങളുണ്ട് .. അവയെ മേക്കാനായി പിഞ്ഞിത്തുടങ്ങിയ കമ്പിളിക്കുപ്പായങ്ങളും അതിനു മുകളിൽ വിലകുറഞ്ഞ മഴക്കൊട്ടുമിട്ട 10-12 വയസ്സുള്ള പയ്യന്മാരും അകന്പടിക്ക് മേല് മുഴുവൻ രോമങ്ങളുള്ള ഒരു തടിയൻ നായയും ..ഒരുത്തൻ ഓടി വന്നു സിഗരറ്റ് ചോദിച്ചു..ഹിമാലയൻ താഴ് വരകളിൽ അങ്ങനെയാണ്..ഗ്രാമങ്ങളിലൂടെ കടന്നു പോകുമ്പോൾ ആണ്കുട്ടികൾ ആണെങ്കിൽ സിഗരറ്റും പെണ്കുട്ടികളാണെങ്കിൽ മിട്ടായിയും ചോദിക്കും..യുവതികൾ വരെ നിങ്ങളോട് മിട്ടായി ചോദിച്ചെന്നു വരാം..പയ്യന് രണ്ടു സിഗരറ്റ് കൊടുത്തപ്പോൾസന്തോഷമായി..അവൻഅതൊന്നു മണത്തു നോക്കി..മുഖത്തെ പുഞ്ചിരി വികസിച്ചു കാതോട് കാതോരം ചിരിയായി..നീട്ടി വലിച്ചൊരു സലാം തന്ന് അവൻ തിരിഞ്ഞൊടി
വീണ്ടും ചുവപ്പും റോസും വൈലറ്റും നിറത്തിൽ പൂത്തുനിൽക്കുന്ന റോഡോ ഡൈൻഡ്രോണ് മരങ്ങളുടെ കാടിന് നടുവിലൂടെയാണ് കടന്നു പോകുന്നത്.. വീണ്ടും ഇറക്കങ്ങളിറങ്ങി നാലുമണിയോടെ ചോപ്തയിൽ തിരിച്ചെത്തി ..GMVN ഗസ്റ്റ്ഹൗസിൽ കയറി ഒന്ന് ഫ്രഷ് ആകുമ്പോഴേക്കും എന്നെ കൂട്ടാനായി ധീരജ് സെംഹ്‌വാൾ തൻറെ ജീപ്പുമായി എത്തിയിരുന്നു..
ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ ചതുർധാമയാത്രയിൽ (ഗംഗോത്രി, യമുനോത്രി ബദരീനാഥ്, കേദാർനാഥ് യാത്രയിൽ) തീർച്ചയായും ഉൾപ്പെടുത്തേണ്ട സ്ഥലങ്ങളാണ് തുംഗനാഥും പൂക്കളുടെ താഴ് വരയും

ചന്ദ്രശില- തുംഗനാഥ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ
1) ഋഷികേശ് - ചോപ്‌ത : ▫️ വെളുപ്പിനുള്ള ബസ്സിൽ ഋഷികേശ് - ദേവപ്രയാഗ് - ശ്രീനഗർ - രുദ്രപ്രയാഗ് - ഉഖിമത് എന്ന റൂട്ട് എടുക്കാം അല്ലെങ്കിൽ രുദ്രപ്രയാഗ് എത്തി അവിടുന്ന് കർണ്ണപ്രയാഗ് - ചമോലി - ഗോപേശ്വർ റൂട്ട് ആവാം. രണ്ടായാലും 8-10 മണിക്കൂർ ബസ്‌ യാത്ര, രണ്ടിടത്ത് നിന്നുംടാക്‌സികളോ ഷെയറിങ് ജീപ്പോ കിട്ടും. ചോപ്‌തയിൽ താമസത്തിനു, ടെന്റഡ് ക്യാംപ് ,ഹോട്ടൽ, GMVN റിസോർട്ട് എന്നിവ ലഭ്യമാണ്.
2)ചോപ്‌ത - തുംഗനാഥ് : ▫️ പ്രഭാത ഭക്ഷണത്തിനു ശേഷം യാത്ര തുടങ്ങാം. 3.5 - 4 കിലോമീറ്റർ ട്രെക്ക് ചെയ്താൽ 13000 ft ഉയരത്തിൽ ഉള്ള തുംഗനാഥ് ശിവക്ഷേതത്തിൽ എത്താം.അടുത്ത് തന്നെ അത്യാവശ്യ സൗകര്യങ്ങളോടെ കുറഞ്ഞ നിരക്കിലുള്ള താമസസ്ഥലങ്ങളുമുണ്ട്.
സന്ധ്യക്ക്‌ സൂര്യാസ്തമയവും രാത്രിയിൽ തുംഗനാഥന്റെ മൂർദ്ധാവിൽ ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനും ക്ഷേത്രത്തിലെ സന്ധ്യാ ആരതിയും നൽകുന്ന കാഴ്ചകളിൽ മനസ്സ് നിറഞ്ഞൊഴുകും. പലപ്പോഴും താപം പൂജ്യം ഡിഗ്രിക്കും താഴെ പോകുന്നതിനാൽ മഞ്ഞുകാലത്തു തുംഗനാഥിലെ രാത്രി താമസം ബുദ്ധിമുട്ടായിരിക്കും.
3) തുംഗനാഥ്-ചന്ദ്രശില - ചോപ്‌ത : 2000 അടി ഉയരത്തിലുള്ള ചന്ദ്രശിലയിലേക്ക് വെളുപ്പിനെ ട്രെക്കിംഗ് തുടങ്ങാം. 2 km മാത്രമുള്ള ഹൃസ്വദൂര ട്രെക്കിങ്ങ്, ചന്ദ്രശിലയുടെ ഉച്ചിയിലേക്ക്. ഹിമാലയൻ മലനിരകളുടെ 360 ഡിഗ്രി വ്യൂ കിട്ടും.
ഇവിടെ സൂര്യോദയവും അസ്തമയവും വിരൽത്തുമ്പിലാസ്വദിക്കാം.ഉദയം കാണെണ്ടവർ പുലർച്ചെ 3 മണിയോടു കൂടി ട്രക്കിങ്ങ് തുടങ്ങിയാൽ ഉദയത്തിനു മുമ്പേ ചന്ദ്രശിലയിലെത്താം.ഇവിടെ നിന്നും നന്ദാദേവി,ത്രിശൂൽ,ചൗഖംബ,കേദാർ മുതലായ ഹിമാലയൻ പർവതനിരകളുടെ മാസ്മരികദൃശ്യം അനിർവ്വചനീയമായ ആഹ്ളാദം പകരുംചന്ദ്രശിലയുടെ നെറുകയിൽനിന്നുമുള്ള സ്വർണപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഹിമവാന്റെ കാഴ്ച, ഒരു സ്വർഗീയ അനുഭൂതി തന്നെയാണ്.
ട്രെക്കിങ്ങ് ടിപ്സ് :
1)മഴ കാലങ്ങളിൽ ഈ യാത്ര ഒഴിവാക്കുക. അപ്രതീക്ഷിതമായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ കാരണം റോഡ് ബ്ലോക്ക്‌ ഉണ്ടാവാറുണ്ട്.
2)ചോപ്‌തയിൽ ATM/പെട്രോൾ പമ്പ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ല.
3)മഞ്ഞുകാലത്തു താപം പൂജ്യം ഡിഗ്രിക്കും താഴെ പോകുന്നതിനാൽ ചോപ്‌ത -തുംഗനാഥ് യാത്ര കഠിനമായിരിക്കും എന്നാൽ ടെന്റഡ് ക്യാംപും, GMVN ഗസ്റ്റ്ഹൗസും വഴിയോര ധാബകളും ഉണ്ടാകില്ല എന്നാൽ സ്വിറ്റ്സർലാൻഡിനെ വെല്ലുന്ന ഹിമപ്പരപ്പുകളുടെ പ്രകൃതി ഭംഗി പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയും..
4) ഓർക്കുക,ഹിമാലയത്തിന്റെ കാലാവസ്ഥ പ്രവചനാതീതമാണ്,എപ്പോൾ എങ്ങനെ വേണമെങ്കിലും മാറിമറിയാം..വൂളൻ വസ്ത്രങ്ങൾ, വാട്ടർപ്രൂഫ് ട്രെക്കിങ്ങ് ഷൂസുകൾ, ഉണങ്ങിയ പഴവര്ഗങ്ങള്,അണ്ടിപ്പരിപ്പ്‌ , ബിസ്കറ്റുകൾ,പ്രോട്ടീൻബാറുകൾ എന്നിവ കരുതുക
-ശശിധർ എ .വി
91- 9526013344
N:B -: ഇതിലെ ചില ഫോട്ടോകൾഎന്റെ സുഹൃത്തും,അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുമായ മോഹൻസിങ്ങ് ഭണ്ഡാരിയുടെ ശേഖരത്തിൽനിന്നെടുത്തതാണ്
أحدث أقدم