WRITTEN BY:Basil WayNe
വീണ്ടും ഒരു മഴക്കാലവും പ്രളയവും കടന്നു പോയി ... ഇനിയെല്ലാ വർഷവും ഇതൊക്കെ തന്നെ ആയിരിക്കും നടക്കാൻ പോകുന്നതെന്ന് മലയാളികൾക്ക് ബോധ്യമായി തുടങ്ങി .... ജപ്പാനിൽ ഭൂകമ്പവും സുനാമിയും ശീലിച്ച പോലെ,
കേരളവും ഇതൊക്കെ ശീലിക്കേണ്ടി വരും....
ഓണത്തിന്റെ ലീവിനാണ് ഞാൻ ദൂരേക്കുള്ള യാത്രകൾ പോകാർ. കഴിഞ്ഞ ഓണത്തിനാണ് ജീവിതത്തിൽ ആദ്യമായിട് ഒറ്റക്കൊരു ദൂര യാത്ര നടത്തുന്നത്, ബദാമിയിലേക്കുള്ള ആ യാത്ര പിന്നീടുള്ള എന്റെ യാത്രകൾക്ക് ഒരുപാട്
ആത്മവിശ്വസവും അനുഭവങ്ങളും നൽകിയിരുന്നു.
കയ്യിലുള്ള നാല് ദിവസംകൊണ്ട് പോയ് വരാവുന്ന കർണാടകയിലെ heritage sites ഒക്കെ തപ്പി നോക്കി എവിടെ ഒരുവിധം എല്ലാം പോയതാണ്, ഇനിയിപ്പോ എവിടെ പോകും, എല്ലോറയും പുരിയും ഒക്കെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ട് പക്ഷെ നാല് ദിവസംകൊണ്ട് അതൊന്നും നടക്കില്ല,
പിന്നെയിപ്പോ തമിഴ്‌നാട് അവിടെ അമ്പലങ്ങൾ ഒക്കെ ഒരുപാടുണ്ട്, പക്ഷെ അറിയാവുന്നതെല്ലാം കുറെ നിറങ്ങൾ പൂശി അതിന്റെ സ്വാഭാവിക ഭംഗി നഷ്ട്ടപെട്ടവയാണ്, ഇനിയിപ്പോ അതല്ലാതെ ഏതെങ്കിലുമൊക്കെ
ഉണ്ടോയെന്ന്ചുമ്മാ ഒന്ന് തപ്പി നോക്കണം, അങ്ങനെ ഗൂഗിൾ ആശാനെയും കൂട്ട് പിടിച്ചു ഒന്നിരുത്തി തപ്പി,
ഇത്രേം സംഭവങ്ങൾ തമിഴ് മണ്ണിൽ ഉണ്ടെന്ന് ഞാനറിഞ്ഞില്ലായിരുന്നു,
"എന്തേ ഇത്ര വൈകിയേ ഉണ്ണീന്ന് എന്നോട് തന്നെ ചോദിച്ചുപോയ് " കൊള്ളാം ഇഷ്ട്ടം പോലെയുണ്ട്, കണ്ട് തീർക്കാൻ നാല് ദിവസം മതിയാകുമോ എന്നാണിപ്പോ സംശയം. യേത് പണ്ണലും പ്ലാൻ പണ്ണി പണ്ണണോല്ലോ...
അങ്ങനെ ഒരാഴ്ച്ച കൊണ്ട് മുഴുവൻ ഡീറ്റൈൽസും തപ്പി പ്ലാൻ ഒക്കെ സെറ്റ് ആക്കി വെച്ചു.

#DAY- 1
ഒരുപാട് ചരിത്ര ശേഷിപ്പുകളെയും, ഒരു നാടിന്റെ സംസ്‌കാരങ്ങളെയും, മനുഷ്യരെയും, അനുഭങ്ങളെയും ഒക്കെ തേടി പോകുന്ന യാത്രയാണ്, ദൈവമേ മിന്നിച്ചേക്കണേ.
അങ്ങനെ 2019 സെപ്തംബര് 7 ആം തിയ്യതി രാത്രി വയനാട്ടിൽ നിന്നുള്ള ksrtc ക്ക് കേറി നേരെ കോയമ്പത്തൂരിലേക്ക്. എല്ലാ പ്രാവശ്യത്തെയും പോലെ ഒറ്റക്കാണ് പോകുന്നതെന്ന് വീട്ടിൽ പറഞ്ഞില്ല പറഞ്ഞാൽ എന്തായാലും
സമ്മതിക്കില്ല എന്നുറപ്പാണ്.
അങ്ങനെ ഊട്ടി മേട്ടുപ്പാളയം വഴി രാവിലെ നാല് മണിക്ക് കോയമ്പത്തൂർ എത്തി.
ഒന്ന് ഫ്രഷ് ആയി ഒരു കട്ടൻ ഒക്കെ അടിച്ച് തിരുച്ചിറപ്പള്ളിക്ക് ബസ്സ് കേറണം, അതിന് ആദ്യം ഗാന്ധിപുരം ബസ്സ്റ്റാൻഡിൽ നിന്നും സിംഗനല്ലൂർ ബസ്സ് സ്റ്റാൻഡിൽ എത്തണം അവിടെ നിന്നാണാണ് ത്രിച്ചിക്ക് കൂടുതൽ ബസ്സുകളും പോകുന്നത്, 10 മിനിറ്റ് കൂടുമ്പോൾ ബസ്സ് ഉണ്ട് അതിനെല്ലാത്തിനും ആവശ്യത്തിന് തിരക്കും ഉണ്ട്. ഇവിടുന്ന് 5 മണിക്കൂർ യാത്രയുണ്ട് ത്രിച്ചിക്ക്.
ഞാൻ ഈ പോകുന്ന റൂട്ടിൽ യാത്ര ചെയ്യാൻ എനിക്ക് ഏറ്റവും നല്ലത് എന്ന് തോന്നിയത് ബസ്സ് സർവീസ് ആണ്,
കാരണം ഇവിടെ നമ്മുടെ നാട്ടിലെ പോലെ അല്ല അടിപൊളി റോഡുകളാണ്, നല്ല ബസ്സുകൾ ആണ് പിന്നെ ഇഷ്ടംപോലെ ബസ്സുകളും ഉണ്ട്. പിന്നെ യാത്ര സുഖവും ബസ്സിലാണെന്ന് തോന്നി. പറ്റിയാൽ കൂടെ ഇടക്കിടക്ക് ട്രെയിനും പിടിക്കണം.
അങ്ങനെ ഒരുപാട് തമിഴ് ഗ്രാമങ്ങളെയും, നദികളെയും, കാഴ്ചകളെയും കടന്ന് ബസ്സ് തൃച്ചിയിൽ എത്തി.
നല്ല വെയിലും ചൂടും ആണ്,
നമ്മടെ നാട്ടിലെ പെരുമഴയിൽ നിന്നും ഈ കൊടും ചൂടിലേക്ക് എത്തിയപ്പോ എന്തോ ഒരു പ്രേത്യേക ഇത്.
ആദ്യം പോകുന്നത് ത്രിച്ചി നഗരത്തിൽ നിന്നും കാവേരി നദിക്ക് അപ്പുറം സ്ഥിതി ചെയ്യുന്ന ശ്രീരംഗം പട്ടണത്തിലെ,
ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലേക്കാണ്.
ത്രിച്ചി സെൻട്രൽ സ്റ്റാൻഡിൽ നിന്നും ഇഷ്ടംപോലെ ബസ്സുകൾ ഉണ്ട് ക്ഷേത്രത്തിലേക്ക. വയറും നിറച്ച് 15 രൂപാ ടിക്കറ്റും എടുത്ത് നേരെ വിട്ടു.
ബസ്സ് ഇറങ്ങുമ്പോൾ തന്നെ തലയെടുപ്പോടെ നിൽക്കുന്ന രാജഗോപുരം ദൂരെ നിന്നും കാണാം, ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് ആണ് ഈ രാജഗോപുരം.
പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതുമാണ്.
അമ്പലത്തിലേക്കുള്ള വഴി നീളെ എല്ലായിടത്തെയും പോലെ കച്ചവടക്കാരെ കൊണ്ട് കളര്ഫുള് ആയിട്ടുണ്ട്,
അതും ഒരു കാഴ്ചയാണ് ജീവിതങ്ങൾ ആണ്, സംസ്കാരങ്ങൾ ആണ്. നല്ല തിരക്കും അതിനനുസരിച്ചു സെക്യൂരിറ്റി ചെക്കിങ്ങും ഉള്ള അമ്പലമാണ്, ഉള്ളിൽ ഫോട്ടോഗ്രാഫി പറ്റില്ല വേണ്ടതൊക്കെ മനസ്സിൽ പതിപ്പിച്ചിട്ട് പൊക്കോണം.
ഇനി ക്ഷേത്രത്തെക്കുറിച്ചു പറയാം, ഏഴുമതിലുകൾ ചേർന്ന ഈ മഹാവിഷ്ണു ക്ഷേത്രം ഇന്ത്യയിൽ പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ ഒന്നാമത്തെയും, ലോകത്തിൽ രണ്ടാമത്തെയും ആണ്.
156 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം വൈഷ്ണവ ആരാധനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. അനന്തശയനരൂപത്തിലുള്ള ഭീമാകാരമായ വിഷ്ണുപ്രതിഷ്ഠയാണിവിടെയുള്ളത്.
പുറമെ കാണുന്ന പോലെ ചായം പൂശിയ ഒരു സാദാരണ അമ്പലം അല്ല, ഉള്ളിൽ വേറൊരു ലോകമാണ്, ഒരു ബാഹുബലി സെറ്റിൽ ഒക്കെ പോയ ഫീലാണ്. എജ്ജാതി സൃഷ്ട്ടികൾ ഓരോ തൂണുകൾ പോലും അത്ഭുദങ്ങളായി തോന്നും.
ഉള്ളിൽ കയറിയാൽ അമ്പലത്തിന്റെ കിടപ്പിനെ പറ്റി വല്യ ധാരണ ഒന്നും കിട്ടത്തില്ല എവിടെ നോക്കിയാലും എന്തേലും ഒക്കെ കാണാൻ ഉണ്ടാകും.
ഇന്ത്യയിലെ ഏറ്റവും വിസ്താരമേറിയ കൂറ്റൻ മഹാക്ഷേത്രമാണ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം എന്ന് ഞാൻ അറിയുന്നത് അതിന്റെ ഉള്ളിൽ നിൽക്കുമ്പോൾ ആണ്. ചുറ്റും കാവേരി നദിയാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ശ്രീരംഗം പട്ടണം, അതിന്റെ പകുതിയോളം ഭാഗം ഈ അമ്പലമാണ്.
നട്ടുച്ചയാണ്, നിലത്തു പാകിയ കല്ലുകളും മണലുകളും ചുട്ടുപഴുത്തിരിക്കുകയാണ് എല്ലാം നടന്നു കാണുക എന്നത് ഒരു ടാസ്ക് തന്നെയാണ്. ശരിക്കും ഇവിടം കണ്ടു തീർക്കാൻ ഒരു ദിവസം മതിയാകില്ല, പക്ഷെ ഒന്നര മണിക്കൂറിൽ കൂടുതൽ ഇവിടെ പറ്റില്ലാ പ്ലാൻ എല്ലാം തെറ്റും.
ഉള്ളിലേക്ക് ചെല്ലുംതോറും ഒരുപാട് ചുറ്റുമതിലുകളും ഗോപുരങ്ങളും കാണാം അതിൽ മിക്കതിലും പൂജ നടക്കുന്ന അമ്പലങ്ങൾ ആണ്.
പിന്നെ എത്രയോ വര്ഷം പഴക്കമുള്ള ചുമർ ചിത്രങ്ങൾ, ശ്രദിച്ചു നോക്കിയാൽ കിളി പോകുന്ന വരകൾ,
അതിലെ നിറങ്ങൾക്കൊക്കെ എന്തോ ഒരു പ്രേത്യേക ഭംഗിയാണ്. ഇതൊക്കെ കാണുമ്പോൾ നമുക്ക് അന്തം വിട്ടു നിൽക്കുക എന്നല്ലാതെ ഒരുപാടൊന്നും ചെയ്യാൻ ഇല്ല.
ഇനിയുള്ള അത്ഭുതം ആയിരം കൽ മണ്ഡപമാണ്, കാണാൻ കൊതിച്ചിരുന്നൊരിടം. എല്ലായിടത്തും തൂണുകൾ ആയതുകൊണ്ട് കണ്ടുപിടിക്കാൻ കുറച്ചു പാടുപെട്ടു, പക്ഷെ ഇതുപൊലൊന്ന് ഇവിടെ ഈ ഒന്നേ ഒള്ളു അതൊരു ഒന്നൊന്നര മണ്ഡപം തന്നെയാണ്,
രാജകീയം, അഴക്, ആയിരം കൽതൂണുകൾ കൃത്യമായ അളവിൽ നല്ല പെർഫെക്റ്റായി ചേർത്തു വെച്ചിരിക്കുന്നൂ.
എന്നാ ഒരു ഭംഗിയാ സംഭവം തന്നെ.
കാണാൻ ഒരുപാടുണ്ട്, ചില കൽ തൂണുകൾ ഉണ്ട് ഒരു ഒറ്റയാന്റെ എടുപ്പാണ് അവക്ക്. ഒരുവിധത്തിൽ എല്ലാം കണ്ടു തീർത്തു പുറത്തേക്കിറങ്ങി.
അടുത്തത് പാറ മുകളിലെ അരുൾമിഗു ഉച്ചി പിള്ളയാർ ക്ഷേത്രത്തിലേക്കാണ്. പക്ഷെ സമയം എന്നെ അനുവദിക്കില്ലാ എന്നെനിക്ക് ഉറപ്പായിരുന്നു, തൃച്ചിയിൽ വന്നാൽ കണ്ടിരിക്കേണ്ട കാഴ്ചയാണ് ഈ ക്ഷേത്രം, യാത്രകളിൽ എവിടെയൊക്കെയോ നഷ്ട്ടപ്പെടുന്ന സമയങ്ങൾ നമുക്ക് ചിലപ്പോ ഇങ്ങനെയൊക്കെ പണി തരും,
ഇനിയിപ്പോ ശ്രീരംഗത് തന്നെയുള്ള മറ്റൊരു ക്ഷേത്രമായ തിരുവണ്ണായ്‌ക്കോവിൽ ജംബുകേശ്വരാർ ക്ഷേത്രത്തിലേക്ക് പോകാനാണ് പ്ലാൻ, ഒരു ഓട്ടോ പിടിച്ചു നേരെ വിട്ടു . അവിടുന്ന് ഒന്നര കിലോമീറ്റർ ഒള്ളു 80 രൂപയാണ് ചാർജ്.
#ജംബുകേശ്വരർ#_ക്ഷേത്രം_തിരുവണൈകൽ - #പഞ്ചഭൂതങ്ങളിലെ_ജലത്തെ***
Dont judge a book by its cover എന്നു പറയില്ലേ അതാണ് ഈ ക്ഷേത്രം,
പുറത്തുനിന്ന് നോക്കിയാൽ ചെറിയൊരു ക്ഷേത്രമാണ്
പക്ഷെ ഉള്ളിലെ സൃഷ്ട്ടികൾ അതിമനോഹരമാണ്. ഇതൊരു ശിവ ക്ഷേത്രമാണ്, ഏതൊരു ക്ഷേത്രവും നിർമ്മിക്കുന്നതിനു പുറകിൽ ഒരു കഥയോ ഒരു കാരണമോ ഉണ്ടാകും
അങ്ങനെ ഒരു കാരണം ഈ ക്ഷേത്രത്തിനും ഉണ്ട്. ഇന്ത്യയിലെ പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം ((വായു,ജലം,അഗ്നി,ഭൂമി,ആകാശം പഞ്ചഭൂതങ്ങൾ). ഇതൊരു ശിവ ക്ഷേത്രമാണ്, ദക്ഷിണഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശ്രീപരമശിവനെ
പഞ്ചഭൂതത്തിൽ അധിഷ്ടിതമായ രൂപത്തിൽ ആരാധിക്കുന്നു. അതിൽ നാലെണ്ണം തമിഴ്‌നാട്ടിലും ഒന്ന് ആന്ധ്രയിലുമാണ്.
ഇവിടെ ജലത്തിന്റെ രൂപത്തിൽ ശിവൻ കുടികൊള്ളുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇനി നമ്മൾ പോകുന്നതിൽ രണ്ടെണ്ണവും പഞ്ചഭൂത ക്ഷേത്രങ്ങൾ ആണ്.
തിരുവണ്ണായ്‌ക്കോവിൽ അരുൾമിഗു ജംബുകേശ്വരാർ അഖിലാണ്ഡേശ്വരി ക്ഷേത്രം എന്നാണ് ഇതിന്റെ മുഴുവൻ പേര്
ഇവിടെയും ക്യാമറ അനുവദിക്കില്ല. ഉള്ളിലേക്ക് ചെല്ലുമ്പോൾ വീണ്ടും അദ്ഭുതപ്പെടുത്തുന്ന തൂണുകൾ കണ്ടു. ഭീമാകാരന്മാരായ തൂണുകൾ ആണ് അകത്തളങ്ങളിൽ മുഴുവനും,
അതിലെ മനം മയക്കുന്ന കൊത്തു പണികളും അതിൽ ചാർത്തിയ വർണങ്ങളും ആരിലും ആത്മീയത നിറക്കാൻ കഴിവുള്ളവയാണ്, അത് തന്നെ ആയിരിക്കണം ഈ കല്ലുകളിൽ മുഴുവൻ ഒളിച്ചിരിക്കുന്ന ശക്തിയും. അമ്പലങ്ങൾക്കുള്ളിൽ ഒരു വിശ്വാസിക്ക് കിട്ടുന്ന ദൈവീക പ്രതീതി ഈ സൃഷ്ടികളിൽ നിന്നുകൂടി ആയിരിക്കണം.
ഉള്ളിൽ നല്ല തിരക്കാണ് വിശ്വാസികൾ, അഭയം തേടി വന്നവർ, ഭിക്ഷക്കാർ, കച്ചവടക്കാർ, പലതരം ജീവിതങ്ങളാണ്. എല്ലാവര്ക്കും അനുഗ്രഹം കൊടുക്കുന്ന ഒരു ആനയും ഉണ്ട് ഉള്ളിൽ,
നല്ലൊരു വരുമാനം അതിൽ നിന്ന് തന്നെ തടയുന്നുണ്ട്. ഇവിടെ ഉള്ളിൽ ഒരു നടപ്പാതയുണ്ട് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അതാണ്
ഒരു ഇരുപത്തടിയോളം പൊക്കം വരുന്ന മുപ്പത് വലിയ തൂണുകൾ ആ പാതക്ക് ഇരു വശങ്ങളിലുമായി നീണ്ടുകിടക്കുന്നു അതൊരു കാഴ്ച തന്നെയാണ്.
ഇതൊക്കെ എങ്ങനെ എന്ന് മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടിരുന്നു. സമയം ഒന്നരയായി ഇനി നേരെ കാവേരി നദിയുടെ തീരത്തെ മറ്റൊരു ക്ഷേത്ര നഗരത്തിലേക്കാണ്- തഞ്ചാവൂരിലേക്ക് .
ട്രെയിനിൽ പോകാനുള്ള ശ്രമം പരാജയമായിരുന്നു ഇനി ബസ്സ് പിടിക്കണം, സെൻട്രൽ ബസ്സ് സ്റ്റാൻഡിൽ നിന്നാണ് തഞ്ചാവൂരിലേക്ക് ബസ്സ് ഉള്ളത്.
ശ്രീരംഗത്തുനിന്ന് 8km ബസ്സിൽ പോയാൽ സ്റ്റാൻഡിൽ എത്താം. തഞ്ചാവൂരിലേക്ക് ഒന്നര മണിക്കൂർ ബസ്സ് യാത്രയുണ്ട് (60km). 126 രൂപയാണ് ബസ്സ് ചാർജ്.
അങ്ങനെ വീണ്ടും ഒരുപാട് ഗ്രാമങ്ങളൊക്കെ കടന്ന് 5 മണിക്ക് കലാ നഗരിയായ തഞ്ചാവൂരിന്റെ മണ്ണിൽ കാലുകുത്തി... ഇന്നിനി ഇവിടെയാണ് താമസം, റൂം ഒയോ വഴി ബുക്ക് ചെയ്തിരുന്നു.
നേരെ ഹോട്ടലിലേക്ക് വിട്ടു കുറഞ്ഞ ചിലവിൽ അടിപൊളി ഹോട്ടലും, അടിപൊളി റൂമും. ബസ്സിൽ ഇരുന്നു തന്നെ ബ്രിഹദീശ്വര ക്ഷേത്രം കണ്ടായിരുന്നു അപ്പോൾ തുടങ്ങിയ ആകാംഷയാണ്, ആ ആകാംഷ പരുപാടികളൊക്കെ സ്പീഡാക്കി. ഹോട്ടലിന്റെ ജനലിലൂടെ ഒരു കാഴ്ച കണ്ടു അസ്തമയ സൂര്യനും ആകാശവും അതിനു മുമ്പിൽ തല ഉയർത്തി നിൽക്കുന്ന ആ സൃഷ്ടിയും. എത്രയും പെട്ടന്ന് അവിടെ എത്തണം എന്നത് മാത്രമായിരുന്നു അപ്പോൾ മനസ്സിൽ.
ഏതെക്കയോ വഴികളിലൂടെ നടന്ന് അമ്പലത്തിനു മുന്നിൽ എത്തി., കൺ മുൻപിൽ ഉള്ളതും, കാണാൻ പോകുന്നതും ആരെയും അതിശയിപ്പിക്കുന്ന സൃഷ്ട്ടിയാണെന്ന് ഉറപ്പായിരുന്നു....
കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് തഞ്ചാവൂർ, തഞ്ചാവൂർ ഇന്ന് “തമിഴ്‌നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന ഒരു നഗരമാണ് തഞ്ചാവൂർ.
അതുകൊണ്ട് ക്ഷേത്രനഗരങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ് ഈ പട്ടണം. സംഗീതത്തിന്റെയും പട്ടിന്റെയും നാടായ തഞ്ചാവൂരിന് വളരെ ബൃഹത്തായ പാരമ്പര്യമാണുള്ളത്.
ചോള രാജാക്കന്മാരുടെ കാലത്താണ് തഞ്ചാവൂരിന്റെ പ്രാധാന്യം ഉയരുന്നത്. ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തഞ്ചാവൂര്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി മാറി തഞ്ചാവൂര്.
#ശ്രി_ബ്രിഹദീശ്വര_ക്ഷേത്രം - #ലോകത്തിലെ_ആദ്യ_കരിങ്കൽ ക്ഷേത്രം.***
തഞ്ചാവൂർ എത്താൻ ഒരുപാട് വൈകിയതുകൊണ്ട് ഇന്നിനി ഇത് മുഴുവൻ കണ്ടു തീരില്ലെന്നാണ് കരുതിയത്, എന്നാ അങ്ങനെ അല്ല രാത്രി 9 മണിവരെ സന്ദർശകരെ അനുവദിക്കും പോലും, അത് കേട്ടപ്പോഴാണ് ഒരു ആശ്വാസം ആയെ...
ഞാറാഴ്ച്ച ആയതുകൊണ്ടായിരിക്കണം ഒരുപാട് ആളുകൾ ഉണ്ട്, ഇരുട്ടായി തുടങ്ങിയിരുന്നു, എന്നാലും ക്ഷേത്രവും പരിസരവും വെളിച്ചം കൊണ്ട് വളരെ ഭംഗിയാക്കിയിട്ടുണ്ട്.
ഇനി ക്ഷേത്രത്തെ കുറിച്ച്, ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു.
ഇപ്പോൾ ഇത് "Big Temple" എന്നും പറയപ്പെടുന്നു. ചോള രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.
എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം AD 1013-ലാണ് പൂർത്തിയായത്. ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്ഷം പഴക്കമുണ്ട്. ശിവനാണ് പ്രധാന പ്രതിഷ്ഠ.
പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ലോകത്തിലെ ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. കൂഞ്ച്രമല്ലൻ പെരുന്തച്ചൻ എന്ന ശില്പിയാണ് ഈ ബൃഹത്ത് ക്ഷേത്രം രൂപകല്പനചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു.
മനോഹരമായ ചോള വാസ്തു വിദ്യയുടെ നല്ല ഉദാഹരണമാണിവിടം. യുനസ്കോ ലോക പൈതൃക സ്ഥാനമായി ബൃഹതീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
നിറയെ ശില്പങ്ങള് കൊത്തിയ ക്ഷേത്രത്തിനു മുന്നിലെ കൂറ്റന് രണ്ട് കവാടഗോപുരങ്ങള് പിന്നിട്ടുവേണം ക്ഷേത്രവളപ്പിലേക്ക് കടക്കാന്. കേരളത്തിലെ രാജാവായിരുന്ന ഭാസ്‌കരരവിവര്മനെ കീഴടക്കിയതിനെത്തുടര്ന്ന് രാജരാജചോളന് ആ വിജയത്തിന്റ ഓര്മയ്ക്കായി ക്ഷേത്രനിര്മാണം പൂര്ത്തിയായി എട്ടുവര്ഷത്തിനുശേഷം നിര്മിച്ചതാണ് ഈ ഗോപുരം. അഞ്ചുനിലകളുള്ള ആദ്യഗോപുരത്തിന് പേര് കേരളാന്തകന് തിരുവയല് എന്നാണ്. എന്താലേ, അത് കേട്ടപ്പോൾ ഒരു മനസുഖം. മൂന്നുനിലകളുള്ള രണ്ടാമത്തെ ഗോപുരത്തിന് രാജരാജന് തിരുവയില് എന്നാണ് പേര് നല്കിയിരുന്നത്.
ആദ്യഗോപുരം നിര്മിക്കുന്നതിനുമുന്പ് ഇതിന്റെ പണിപൂര്ത്തിയാക്കിയിരുന്നു. ചുവപ്പിന്റെയും ചന്ദനത്തിന്റെയും പോലൊരു നിറമാണ് ഒരുവിധം എല്ലാ നിർമ്മിതികൾക്കും ഉള്ളത്. തലയെടുപ്പോടെ നിൽക്കുന്ന ആ രണ്ട് കവാടങ്ങളെയും പിന്നിട്ട് ക്ഷേത്ര വളപ്പിലെത്തി, ഒറ്റ വാക്കിൽ പറഞ്ഞാൽ "ആനച്ചന്തം". രാത്രി ആയതുകൊണ്ടാണോ എന്നറിയില്ല ഒരു പ്രേത്യേഗ ഭംഗി ഉണ്ടായിരുന്നു....
ആകാശത്തിലെ പൂർണ്ണ ചന്ദ്രനും,കോടി നക്ഷത്രങ്ങൾക്കും, കറുത്ത മേഘങ്ങക്കും കീഴിൽ ആയിരം വര്ഷം പഴക്കമുള്ള, കഥകൾ ഉള്ള, ഒരമ്പല മുറ്റത്ത് നിൽക്കുമ്പോൾ എന്തായിരിക്കും ചരിത്രത്തെ സ്നേഹിക്കുന്ന, കലയെ സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ അനുഭവം....അതൊരു ഒന്നൊന്നര അനുഭവമാണ്. ഇത്തരം അനുഭവങ്ങളുടെ ഓർമ്മകളാണ് എന്നെ വീണ്ടും വീണ്ടും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്....
ഗോപുരകവാടങ്ങള് പിന്നിട്ട് മുന്നോട്ടുനടന്നാല് എത്തിപ്പെടുക കൂറ്റന് നന്ദിപ്രതിമ സ്ഥാപിച്ചിരിക്കുന്ന മണ്ഡപത്തിനരികിലേക്കാണ്. 12 അടി ഉയരവും 20 അടി നീളവും 25 ടൺ ഭാരവും ഉള്ള ഈ കൂറ്റന് ശില്പം ഒറ്റ കല്ലിൽ നിർമ്മിച്ചതാണ്. അത് കഴിഞ്ഞാൽ പ്രധാന ക്ഷേത്രഭാഗമാണ്, ഇതിന്റെ ഗോപുരം ഒരു അത്ഭുത കാഴ്ചയാണ്. മനോഹരമായ കൊത്തു പണികളാൽ നിറഞ്ഞ 13 നിലകൾ, 216 അടി ഉയരമുള്ള ഒരു ഗോപുരം അതിന്റെ ഒത്ത മുകളിൽ 90 ടൺ ഭാരമുള്ള ഒറ്റ കല്ലിൽ തീർത്ത ഒരു മകുടം 1000 വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഇന്ത്യയിൽ ഇതെങ്ങനെ എന്നതാണ് എന്റെ ആശ്ചര്യവും അത്ഭുതവും. ഏകദേശം 4 കിലോമീറ്റർ നീളമുള്ള ചെരിവുതലം നിർമ്മിച്ച് കല്ലുകളെ അതിലൂടെ നിരക്കി നീക്കിയാണ് അവയെ മുകളിലേക്കെത്തിച്ചത് എന്നാണ് കഥ. അവിടെ നിൽക്കുമ്പോൾ എല്ലാം കഥകൾ ആണെന്നെ തോന്നു.
ക്ഷേത്ര വളപ്പിനുള്ളിൽ ഒരുപാട് ചെറിയ അമ്പലങ്ങളും നട വഴികളും ചുറ്റമ്പലങ്ങളുമൊക്കെ കാണാം നാലു ചുറ്റിലും പത്തടിയോളം ഉയരമുള്ള വലിയ മതിലുകളാണ് അതുകൊണ്ടു തന്നെ ഇതിന്റെ അകത്തളം വേറൊരു ലോകം
തന്നെയാണ്. തഞ്ചാവൂർ ക്ഷേത്രത്തിലെ കീർത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകരെ ഏർപ്പാടാക്കിയിരുന്നു. അവിടത്തെ നൃത്തമണ്ഡപങ്ങളിൽ നൃത്തമാടുന്നതിനായി 400 നർത്തകികളും വാദ്യോപകരണങ്ങൾ ഉപയോഗിക്കുവാനായി മാത്രം 100 വാദ്യകലാകാരന്മാരും ഉണ്ടായിരുന്നു. ആ കാലമൊക്കെ ഓർത്തുകൊണ്ട് ആ അകത്തളങ്ങളിലൂടെ നടന്നു.....
കണ്ട ക്ഷേത്രങ്ങളിൽ വെച്ച് ഇതെനിക്ക് ഏറ്റവും പ്രിയപ്പെട്ടതും അതിമനോഹരവുമായ ഒന്നായി മാറികഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ നാളെ ഒന്നുകൂടി വന്ന്, പകൽ വെളിച്ചത്തിൽ ഒരു നോക്ക് കൂടി കണ്ടിട്ടേ പോകു എന്നുറപ്പിച്ചു.... ഒമ്പതു മണി കഴിഞ്ഞു, പയ്യെ ക്ഷേത്രത്തിനു പുറത്തേക്കിറങ്ങി തഞ്ചാവൂർ പട്ടണം ഒക്കെ ഒന്ന് കറങ്ങി ഭക്ഷണോം കഴിച്ച് ഒറ്റ ഉറക്കം. നാളെ ചോളപുരം, കുംഭകോണം വഴി ചിദംബരം എത്താൻ ഉള്ളതാണ്......
##DAY - 2##
രണ്ടാം ദിവസം തുടങ്ങിയത് തഞ്ചാവൂരിലെ മനോഹരമായ സൂര്യോദയത്തോടെ ആയിരുന്നു.... ആറു മണിക്ക് ക്ഷേത്രം തുറക്കും, 6.15 ന് ക്ഷേത്ര മുറ്റത്ത് ഹാജരായി... ഉദയസൂര്യന്റെ സ്വർണ്ണ രശ്മികൾ പെരിയ കോവിലിനെ ഒന്നുകൂടി
മനോഹരമാക്കി ...ഇപ്പോൾ വേറൊരു നിറവും വേറൊരു ഭംഗിയുമാണ്.... ഈ ദിവസത്തിന്റെ തുടക്കം അതിമനോഹരമാക്കിയ ഒരു പ്രഭാതം.... രാത്രിയേക്കാൾ വ്യക്തതയോടെ, ഭംഗിയോടെ ഓരോ കൊത്തുപണികളും കണ്ടു...
അതിമനോഹരമാണ് അവയെല്ലാം.
ഇനി ഈ ക്ഷേത്രത്തിന്റെ ചില പ്രേത്യേകതൽ പറയാം,
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായ ഇത് 6 വർഷവും 275 ദിവസവും കൊണ്ടാണ് നിർമ്മിക്കപ്പെട്ടത്. ഗോപുരത്തിനു മുകളില് സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല് നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു
പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലാണ് ബൃഹദീശ്വര ക്ഷേത്രത്തെ ഉള്പ്പെടുത്തിയിരിക്കുന്നത്. ചോള വാസ്തുവിദ്യയുടെ എല്ലാത്തരം
അടയാളങ്ങളും ഇവിടെ കാണാന് സാധിക്കും. അതില് പ്രധാനപ്പെട്ട ഒന്നാണ് ഭരതനാട്യത്തിലെ 108 കരണങ്ങളില് 81 എണ്ണത്തിന്റെയും ശില്പാവിഷ്‌കാരം. നാട്യശാസ്ത്രത്തില് ഭരതമുനി വിവരിച്ചിരിക്കുന്ന കരണങ്ങളാണ് ഇവിടെ
ശില്പരൂപത്തില് കൊത്തിയിരിക്കുന്നത്.ഏകദദേശം 130,000 ടണ് കരിങ്കല്ല് മാത്രം വേണ്ടി വന്നുവത്രെ ഇവിടുത്തെ പ്രധാന ക്ഷേത്രത്തിന്റെ നിര്മ്മിതിക്ക്. ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇവിടെ കാണുന്ന
മനോഹരങ്ങളായ ചുവര്ചിത്രങ്ങള്. ആയിരം വർഷത്തെ പഴക്കം ബൃഹദീശ്വര ക്ഷേത്രത്തില് നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്ഭ വഴികള് ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെ ഒരുപാട് നിഗൂഢതകൾ ഉള്ളൊരു സൃഷ്ടിയാണിത്.... എല്ലാം കാണാൻ കഴിഞ്ഞു എന്ന പൂർണ്ണ തൃപ്തിയോടെ ആണ് ഞാൻ ഇവിടെ നിന്നും പടിയിറങ്ങുന്നത്.....
ഏഴരയോടെ കാഴ്ചകളൊക്കെ കണ്ട് കഴിഞ്ഞ് റൂമിൽ എത്തി, ഇനി കുംഭകോണത്തെ ശ്രീ ഐരാവതേശ്വര ക്ഷേത്രത്തിലേക്കാണ്. എല്ലാം പാക്ക് ചെയ്ത് നേരെ റെയിൽവേ സ്റ്റേഷനിൽ എത്തി, 8.20 ന് ഒരു പാസ്സഞ്ചർ ട്രെയിൻ ഉണ്ട് ഇവിടെ നിന്നും 45 മിനുട്ട് യാത്രയുണ്ട് കുംഭകോണത്തേക്ക്, കുംഭകോണം സ്റ്റേഷന് മുമ്പുള്ള ദരസുരം സ്റ്റേഷനിൽ ഇറങ്ങിയാൽ അമ്പലത്തിലേക്ക് നടക്കാൻ ഉള്ള ദൂരമേ ഒള്ളു.....
മലയാളിക്ക് കുംഭകോണം എന്ന വാക്ക് പണ്ടൊക്കെ ഒരു കൗതുകം ആയിരുന്നിരിക്കണം, അരനൂറ്റാണ്ട് മുന്പോ മറ്റോ തമിഴ്നാട്ടില് പഞ്ചസാര ഇടപാടില് നടന്ന അഴിമതി മലയാളത്തിലെ പത്രങ്ങളില് വാര്ത്തയായിരുന്നു.......അതിൽ പിന്നെ അഴിമതിയുടെ മറുവാക്കായിരുന്നു കുംഭകോണം. തഞ്ചാവൂർ ജില്ലയിലാണ് കുംഭകോണം. വീണ്ടും ഒരു ക്ഷേത്ര നഗരം, ഇവിടെ നൂറു മീറ്റർ പരുത്തിയിൽ ഒരു പ്രജീന ക്ഷേത്രമെങ്കിലും കാണാൻ കഴിയും. മൊത്തം 200 നു മുകളിൽ ക്ഷേത്രങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഏഴുമുതല് ഒന്പതുവരെ നൂറ്റാണ്ടുകളില് ചോളസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നപ്പോഴാണ് കുംഭകോണത്തെ പ്രധാന ക്ഷേത്രങ്ങള് പലതും നിര്മിക്കപ്പെട്ടത്....... ഇതിൽ ഒരെണ്ണം മാത്രമേ ഞാൻ പോകാൻ പ്ലാൻ ചെയ്തിട്ടുള്ളു.
കണ്ടിട്ടൊരു റെയിൽവേ സ്റ്റേഷൻ പോലെ തോന്നാത്തത് കൊണ്ടാണോ, അതോ സെക്കൻഡുകൾ മാത്രം അവിടെ നിർത്തിയതുകൊണ്ടാണോ എന്നും അറിയില്ല, ട്രെയിൻ ദരസുരം സ്റ്റേഷൻ കഴിഞ് ഒരുപാട് മുന്നിലേക്ക് എത്തിയിരുന്നു.
പണി പാളി, അടുത്ത സ്റ്റേഷൻ കുംഭകോണത്താണ്, ഇനിയിപ്പോ അവിടെ ചെന്ന് ബസ്സൊക്കെ പിടിച്ചു എങ്ങനെയെങ്കിലും ഒക്കെ പോകേണ്ടി വരും....
അങ്ങനെ 10 മണിയോടെ കുംഭകോണത് കാലു കുത്തി... സ്റ്റേഷനിന്ന് ഗൂഗിൾ മാപ്പിനെയും കൂട്ടുപിടിച്ച് ഒരു വിധത്തിൽ നടന്ന് നടന്ന് ബസ്സ് സ്റ്റാൻഡ് കണ്ടു പിടിച്ചു. സ്റ്റാൻഡിലൂടെ കൂറേ നടന്നിട്ടാണ് അങ്ങോട്ടുള്ള ഒരു ബസ്സ് കണ്ടു പിടിച്ചത്, ഒരു കുട്ടി ബസ്സ് അത് നിറയെ ആൾക്കാരും, സമയം ഒട്ടും കളയാൻ ഇല്ലാത്തോണ്ട് ഒന്നും നോക്കില്ല ചാടി കയറി, 15 രൂപ ടിക്കറ്റ്, 20 മിനിറ്റും. ഏതോ ഒരു ബസ്സ് സ്റ്റോപ്പിൽ ഇറക്കി വിട്ടിട്ട് ദേ ആ വഴി പോയാൽ അമ്പലത്തിൽ എത്തുന്ന് കണ്ടക്ടർ പറഞ്ഞു... വീണ്ടും ഗൂഗിൾ..... പൊള്ളുന്ന വെയിൽ ആണ് രാവിലെ തന്നെ. ഇവിടുന്ന് 1km നടക്കാൻ ഉണ്ട്, ഏതോ ചേരിയിലൂടെയാണ് വഴി, അതിലെ നടന്നപ്പോ ഫഹദ് ഇക്കേടെ ഡയലോഗ് ആണ് ഓർമ്മ വന്നേ....."മോശംന്ന് പറഞ്ഞാ പോരാ വളരെ വളരെ മോശം". കാള, ആട്, പട്ടികൾ, തുറന്നുകിടക്കുന്ന ഓവു ചാലിലൂടെ വരുന്ന മൂത്രത്തിന്റെയും അഴുക്ക് വെള്ളത്തിന്റെയും മണം, പഴയതും പുതിയതുമായ മനുഷ്യരും കെട്ടിടങ്ങളും, കൂടെ പൊടിയും വെയിലും.... ഇങ്ങനെ ഒക്കെയെ ഈ തമിഴ് ഗ്രാമത്തെ വർണിക്കാൻ എനിക്ക് കഴിയു, അതാണ് യാഥാർഥ്യവും. എന്തുകൊണ്ടായിരിക്കും നമ്മുടെ നാടും മനുഷ്യരും ഒക്കെ ഇങ്ങനെ എന്ന് ചിന്തിച്ചു പോകും.... ഒരിക്കലും മാറ്റങ്ങൾ ഇല്ലാതെ തുടരുന്ന ജീവിതങ്ങൾ.... കുറച്ചങ്ങ് എത്തിയപ്പോൾ ദൂരെ ഇരുപത്തടിയോളം ഉയരം ഉള്ള വലിയൊരു മതിൽ കണ്ടു, ക്ഷേത്ര മതിലാണ്... അവിടെ ഏറ്റവും മനോഹരവും വൃത്തിയും ഉള്ളൊരിടം ആ ക്ഷേത്രവും പരിസരവും ആണ്, വളരെ ഭംഗിയായി അതിനെ സംരക്ഷിച്ചിട്ടുണ്ട്.... ചുറ്റി വളഞ്ഞ് ക്ഷേത്രത്തിനു മുന്നിൽ എത്തി. ക്ഷേത്രത്തിനോളം ഉയരം മതിലിന് ഉള്ളതുകൊണ്ട് ഉള്ളിൽ കയറിയാലേ കാണാൻ കഴിയുകയുള്ളു......
കണ്ണുകൾ വീണ്ടും ആശ്ചര്യത്തോടെ നോക്കി നിന്നു, "എന്നാ അഴക് ഡാ ഇത്". ചുട്ടു പൊള്ളുന്ന കൽ തറയിൽ ചവിട്ടി നിൽക്കുമ്പോഴും ആ പൊള്ളൽ പോലും മറന്നു നോക്കി നിന്നു പോകുന്ന ചില കാഴ്ചകൾ ഉണ്ട് അവിടെ. എന്ത് കാണാൻ ആഗ്രഹിച്ചോ... അത് കാണുമ്പോൾ മനസ്സിലുണ്ടാകുന്ന ആത്മ നിർവൃതി... ഐരാവതം പോലൊരു ക്ഷേത്രം....'ഐരാവതേശ്വരൻ' എന്നും അറിയപ്പെടുന്ന ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. 12-ആം നൂറ്റാണ്ടിൽ രാജരാജ
ചോളൻ രണ്ടാമന്റെ കാലത്താണ് (1143-1173) ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ദ്രാവിഡ വാസ്തുവിദ്യാ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഐരാവതേശ്വര ക്ഷേത്രം, ബൃഹദീശ്വര ക്ഷേത്രം (തഞ്ചാവൂർ), ഗംഗൈകൊണ്ടചോളീശ്വര ക്ഷേത്രം (ഗംഗൈകൊണ്ടചോളപുരം) എന്നീ മൂന്ന് ക്ഷേത്രങ്ങളെയും ചേർത്ത് 'ചോഴ മഹാക്ഷേത്രങ്ങൾ' എന്നുവിളിക്കാറുണ്ട്. 1987-ൽ യുനെസ്‌കോ ഐരാവതേശ്വര ക്ഷേത്രത്തെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.
ഹിന്ദു പുരാണങ്ങളിൽ പരാമർശിക്കുന്ന ഇന്ദ്രന്റെ വെളുത്ത നിറത്തിലുള്ള ഒരു ആനയാണ് ഐരാവതം. ദുർവാസാവ് മഹർഷിയുടെ ശാപത്തെത്തുടർന്ന് ഐരാവതത്തിന് വെളുപ്പ് നിറം നഷ്ടപ്പെട്ടു. നിറം തിരിച്ചുകിട്ടുന്നതിനു വേണ്ടി ഐരാവതം ഈ സ്ഥലത്തു വച്ച് ശിവനെ തപസ്സു ചെയ്തു. ശിവന്റെ നിർദ്ദേശപ്രകാരം ഇവിടുത്തെ കുളത്തിൽ ഇറങ്ങിയ ഐരാവതത്തിന് വെളുപ്പ് നിറം തിരികെ ലഭിച്ചു എന്നാണ് കഥ. കലയുടെയും വാസ്തുവിദ്യയുടെയും ഒരു കലവറയാണ് ഈ ക്ഷേത്രം. മുൻവശത്തെ മണ്ഡപം തന്നെ കുതിരകൾ വലിച്ച കൂറ്റൻ രഥത്തിന്റെ രൂപത്തിലാണ്. മനോഹരമായ ഒരുപാട് ശില്പങ്ങളും ഈ ക്ഷേത്രത്തിലുണ്ട്. തുറന്ന താമരയ്ക്കുള്ളിൽ ശിവന്റെയും പാർവതിയുടെയും മനോഹരമായ കൊത്തുപണികളാണ് സീലിംഗിനുള്ളത്. ഭരതനാട്യത്തിന്റെ നൃത്ത പോസുകളെല്ലാം കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. ഭംഗിയുള്ള അലങ്കാര തൂണുകളുടെ വിശദാംശങ്ങളും സമൃദ്ധമായി കൊത്തിയെടുത്ത മതിലുകളും ഉള്ളതിനാൽ, ചോള കലയുടെയും വാസ്തുവിദ്യയുടെയും ഉത്തമ ഉദാഹരണമാണ് ദരസുരത്തെ ഐരാവതേശ്വര ക്ഷേത്രം.
ഒരുപാട് സന്ദർശകർ ഒന്നും ഇല്ലാത്തൊരിടം വളരെ ശാന്തമായ അകത്തളം... കുറച്ചു നേരം ആ കാഴ്ചയും കണ്ട് അവിടെ അങ്ങനെ ഇരുന്നു....ആ ഇരുപ്പ് എന്നെ കാട് കയറിയ കുറെ ചിന്തകളിലേക്ക് കൂട്ടികൊണ്ടു പോയി... അവിടെ അങ്ങനെ എത്ര നേരം വേണം എങ്കിലും ഇരിക്കാൻ കഴിയും.....പിന്നെ പയ്യെ പുറത്തേക്കിറങ്ങി വിശാലമായ പുൽമേടാണ് പുറത്ത്, ഒരുപാട് വലിയ തണൽ മരങ്ങളും ഉണ്ട്. അതിൽ ഒന്നിന്റെ ചുവട്ടിലിരുന്ന് ചെറുതായിട്ടൊന്ന് മയങ്ങി...സമയം 12 ആയി, ഇനി ചോളപുരത്തേക്കാണ്... കുറച്ചങ്ങ് നടന്നപ്പോൾ ആ ക്ഷേത്ര വളപ്പിൽ തന്നെ മറ്റൊരു വലിയ ക്ഷേത്രം, ചുമ്മാ ഒന്ന് ഉള്ളിലോട് കയറി നോക്കി, കൊള്ളാലോ, ഇതും മനോഹരമായ മറ്റൊരു സൃഷ്ടിയാണ്....ഇത് പെരിയ നായകി അമ്മൻ കോവിൽ എന്നാണ് അറിയപ്പെടുന്നത്. ഈ ക്ഷേത്രം ഐരാവതേശ്വര ക്ഷേത്രത്തിൽ നിന്ന് ഒറ്റപ്പെട്ടു കാണപ്പെടുന്നു. ശിവന്റെ പത്നിയായ പാർവ്വതി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
അതിനും കുറെ കഥകൾ ഉണ്ടാകും.... അവിടെന്ന് ഇറങ്ങി ബസ്സ് കയറി കുംഭകോണം സ്റ്റാൻഡിൽ എത്തി... ചോളപുരത്തേക്കുള്ള ബസ്സ് തപ്പി നടന്നു 1.20 pm ഒരു ബസ്സ് ഉണ്ടെന്നറിഞ്ഞു, ഇനിയും അര മണിക്കൂർ ഉണ്ട് ആ ഗ്യാപ്പിൽ മാര്ക്കറ്റിലൂടെ ഒക്കെയൊന്ന് കറങ്ങി വന്നു. കൃത്യം 1.20 ന് ബസ്സ് എടുത്തു, ചോളപുരത്തേക്കായിട്ട് ബസ്സൊന്നും ഇല്ല ജയംകൊണ്ടാൻ ടൗണിലേക്കുള്ള ബസ്സിൽ കയറി ചോളപുരത് ഇറങ്ങണം ഇവിടെ നിന്നും ഒരു മണിക്കൂർ യാത്രയുണ്ട് (35 km), 40 രൂപാ ടിക്കറ്റും എടുത്ത് നേരെ ചോളർ വാണ നാട്ടിലേക്ക്...
#ഗംഗൈ_കൊണ്ട_ചോളപുരം - #250_വർഷത്തെ #ചോളരുടെ_തലസ്ഥാന_നഗരി.
ബസ്സ് ഒരു ഹൈവേയ് സൈഡിൽ നിർത്തി, കുറച്ചു നടന്നാൽ അമ്പലത്തിനടുത്തേക്ക് എത്താം, ആദ്യം വിശപ്പ് അടക്കണം അമ്പലത്തിനടുത് തന്നെ കുറച്ചു ഹോട്ടലുകളും കടകളും ഉണ്ട്...അതിൽ ഒന്നിൽ കയറി വിശപ്പടക്കി. ഇനി ക്ഷേത്ര ദർശനം, ബ്രിഹദീശ്വര എന്ന വാക്ക് അതിന്റെ വലുപ്പത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ ക്ഷേത്രത്തിനും അതേ പേര് നൽകിയതിൽ കുറ്റം ഒന്നും പറയാൻ ആകില്ല... ഒറ്റ നോട്ടത്തിൽ ഇതൊരു ഒരു ഭീമകാരനായ ക്ഷേത്രമാണ് , ചോളസാമ്രാജ്യത്തിന്റെ പ്രൗഢിയും ഗാംഭീര്യവും വിളിച്ചറിയിക്കുന്ന കൊത്തുപണികളാൽ അലങ്കൃതമായ ബൃഹദീശ്വര ക്ഷേത്രം. തഞ്ചാവൂരിലെ പോലെ തന്നെ മനോഹരമായൊരു ക്ഷേത്ര സമുച്ചയം ആണ് ഇതും, അത് പക്ഷെ ഈ ക്ഷേത്രത്തിന്റെ ആകാശ ദൃശ്യം കണ്ടാൽ മാത്രമാണ് മനസിലാവുകയൊള്ളു.
കല്ല് പാകിയ നീണ്ട ഒരു വഴിയാണ് അമ്പലമുറ്റത്തേക്ക്....ക്ഷേത്രകവാടത്തിനു മുന്നിൽ നിന്ന് ക്ഷേത്രത്തെ നോക്കിക്കാണുമ്പോൾ ആ പ്രൗഢി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ക്ഷേത്രത്തിന്റെ പ്രധാന കവാടം ഏലായിടത്തും കണ്ടു വരുന്ന രീതിയിൽ അല്ല. കണ്ടതിൽ വെച്ച് വ്യത്യസ്തമായൊരു കാവാടമാണ്. വളരെ ഉയരത്തിൽ രണ്ട് വശങ്ങളിലും ചതുരാകൃതിയിൽ ഉള്ള കവാടത്തിന് നടുവേ ഉള്ളൊരു കട്ടിങ് ആയിട്ടാണ് പ്രാധാന വാതിൽ. അതുകൊണ്ട് തന്നെ ക്ഷേത്രം പുറത്തുനിന്നും പൂർണമായി കാണാൻ കഴിയില്ല.... അതിനു തൊട്ടു പുറകിലായിട്ട് വലിയൊരു നന്ദി പ്രതിമയും ഉണ്ട്.
പാലൈ രാജാക്കന്മാരെ തോല്പ്പിച്ചതിന്റെ ഓര്മ്മയ്ക്കായി ചോളരാജാവായിരുന്ന രാജേന്ദ്ര ചോളന് സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. 250 വര്ഷത്തോളം ഈ നഗരമാണ് ചോളരാജാക്കന്മാര് തലസ്ഥാനമായി ഉപയോഗിച്ചുവന്നത്. രാജേന്ദ്രചോളൻ ഗംഗാനദിവരെയുള്ള പ്രദേശം കീഴടക്കിയതിന്റെ സ്മരണാർത്ഥമാണു ഗംഗൈ കൊണ്ട ചോളപുരം അല്ലെങ്കിൽ ഗംഗ കണ്ട ചോളപുരമെന്ന ചോളതലസ്ഥാനത്തിന്റെ പിറവി. അന്നത്തെ തലസ്ഥാനനഗരത്തിന്റെ ഗാംഭീര്യമൊന്നും ഇന്നിവിടെ കാണാന് കഴിയില്ല. ഈ ക്ഷേത്രം മാത്രമാണ് പതിനൊന്നാം നൂറ്റാണ്ടിലെ സുവര്ണകാലം അല്പമെങ്കിലും സൂക്ഷിച്ചുവച്ചിരിക്കുന്നത്. ചോളന്മാരുടെ കാലത്തെ കലയ്ക്കും കരവിരുതിനും ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. മനോഹരമായ കൊത്തുപണികളും, അതിലും മനോഹരമായ വാസ്തുവിദ്യയുമാണ് ക്ഷേത്രത്തിന്റേത്. 984 വര്ഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം.
ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിന്റെ ഭാഗമാണ് ഏറ്റവും ഉയത്തിൽ ഉള്ളത്, അതാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗവും അത്രയേറെ ശില്പങ്ങളാലും, കൊത്തുപണികളാലും നിറഞ്ഞു കവിഞ്ഞിരിക്കുന്ന ഒരു ഭാഗം. കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത അത്ര ഭംഗി, അഴക്,അഴക്,അഴക്....... ഒരു ക്ഷേത്രം എന്നതിലുപരി ചരിത്ര രേഖകളുടെ ഒരു ശേഖരമാണ് ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം. അത്രയേറെ മനോഹരമായ ഒരു ലോകമാണ് അവിടം..... ഒരുപാട് സമയം എടുത്ത് ചുറ്റി നടന്ന് വളരെ വിശദമായി തന്നെ കണ്ടു....
ഇനി ഉള്ളിൽ കയറണം പൂജ നടക്കുന്ന ക്ഷേത്രമാണ് അതുകൊണ്ട് ഇപ്പോൾ അകത്തേക്ക് കയറാൻ പറ്റില്ല, ഉച്ച സമയം ആയത് കൊണ്ട് പൂട്ടി ഇട്ടിരിക്കുകയാണ്. ഇനി 4 മണിക്കാണ് അകത്തേക്ക് പ്രവേശനം ഒള്ളു അത് വരെ കാത്തിരിക്കണം.... എന്തായാലും വന്നതാണ് ഉള്ളിലൂടെ കണ്ടിട്ട് മടങ്ങാം എന്നുറപ്പിച്ചു.... ഒരുപാട് സന്ദര്ശകരോന്നും ഇല്ലാത്തൊരിടം...ഉള്ളവരെല്ലാം കാത്തിരിപ്പാണ്..... 4.15 ഓടെ പൂജാരിയെത്തി വാതിൽ തുറന്നു, അകത്ത് കാമറ അനുവദിക്കില്ല, ഇരു വശങ്ങളിലും വലിയ കൽ തൂണുകളുള്ള നീണ്ടൊരു വഴിയാണ് ശ്രീകോവിലിലേക്ക്. ഭാഗികമായി നശിച്ചു കിടക്കുന്ന അകത്തളമാണ് പക്ഷെ പ്രൗഢിക്ക് ഒരു കുറവും ഇല്ല..
WRITTEN BY:Basil WayNe